Thursday, March 10, 2016

സുസ്ഥിരവും

എല്ലാത്തിനും 
നല്ല സ്ഥിരത വേണം 
തീര്‍ത്തുമസ്ഥിരമായൊരീ 
ജീവിതത്തില്‍ !
ഭൂ തകാലത്തിന്‍ 
കറുത്ത സ്മരണകള്‍ 
പിന്നില്‍ കളയട്ടെ, 
സ്വസ്ഥയാവട്ടെ ഞാന്‍, 

യാത്രയില്‍ 
മാറാപ്പിന്‍ ഭാരം കുറയ്ക്കട്ടെ...

തൊട്ടാവാടി

തൊട്ടപ്പോള്‍ വാടിയത്
പ്രതികരണശേഷി നശിക്കാത്തതിനാലാണ്
അബലയായതിനാലല്ല. 

തെറിച്ചുപോകുമോയെന്ന് 
അറിയാനായിത്തന്നെയാണ് 
ശക്തിയിലൊന്നു 
തുമ്മിനോക്കിയതും

Tuesday, June 30, 2015

ആര്‍ത്തലച്ചെത്തി ,
പെയ്തൊഴിയുന്ന  പേമാരിയായല്ല ,
അദൃശ്യ,യെന്നാല്‍,
സദാ നിന്നെ തലോടുന്ന
കുഞ്ഞിളം തെന്നലായ്
തീരാനെനിക്കിഷ്ടം.

Friday, June 19, 2015

ഹൃദ്യം

ഏറ്റം ഫലഭൂയിഷ്ഠമാമിടം
മർത്ത്യ  ഹൃത്തടം
രാഗ ദ്വേഷമോ
സ്നേഹ സംശയങ്ങളോ
വിത്തേതുമാകട്ടെ
തഴച്ചു വളരുന്നോരു
മണ്ണിത്

Thursday, August 15, 2013

ഞാനോ സ്വതന്ത്ര !

ചന്തമായ്‌ മൂന്നു വര്‍ണ്ണങ്ങളൊന്നാക്കി
നെയ്തതിന്‍ മധ്യേ ചക്രം വരച്ചൊരീ
ചേല നന്നായുടുപ്പിച്ചു നിങ്ങളെന്‍ കാതിലോതുന്നു:
'അമ്മേ, സ്വതന്ത്ര നീ.'

ഞാനനങ്ങുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ
കാലില്‍ നിന്നും കിലുകിലാരവം?
കാല്‍ച്ചിലങ്ക തന്‍ ഝങ്കാരമല്ലിത്‌
പാരതന്ത്ര്യത്തിൻ ചങ്ങല ഝംഝനം .

മണ്ണും വിണ്ണും കൽക്കരിപ്പാടവും
സൂര്യതേജസ്സുപോലും ചരക്കാക്കി ,
വില്പനക്കായ്‌ നിരത്തിവക്കുന്നൊരീ

കാട്ടുകള്ളന്മാർ നാടുവാഴുമ്പോൾ

പിറന്ന മണ്ണിൽനിന്നാട്ടിയോടിച്ചൊരെൻ
കാട്ടുമക്കള്‍ വിശന്നലയുമ്പോള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാമാര്‍ത്തരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോൾ

സ്വതന്ത്രയല്ല ,
ഞാന്‍  നോവുന്നൊരമ്മ
. . .

മക്കളെത്തമ്മിൽ തല്ലിപ്പിരിക്കുന്ന
സ്പർദ്ധയൂട്ടി വളർത്തിത്തളർത്തുവാൻ 
മത്സരിക്കുന്ന ജാതി -മതങ്ങൾ തൻ
താഡനമേറ്റെൻ നെഞ്ചകം നീറുന്നു .

ജാതിഭേദങ്ങളില്ലാതെ മർത്യരെ
തുല്യരായിക്കരുതി പരസ്പരം
സോദരരായ്  കഴിയാൻ
ഗുരു തന്ന സ്നേഹമന്ത്രം
ചുവരെഴുത്തായ് മാറി
 
എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുന്നു !


എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകു
മ്പോൾ
കരളു കത്തുന്നു ,സ്വതന്ത്രയല്ലിന്നു ഞാൻ
ആധിയേറുന്നു ,ഉള്ളം പിടയുന്നു .

പേടികൂടാതെ പെണ്‍മക്കൾ സ്വതന്ത്രരായ് ,
സ്വച്ഛചിത്തരായ് മേവുന്ന നാൾ, എന്റെ
കാട്ടുമക്കൾ മനുഷ്യരായ് വാഴുന്ന ,


മതങ്ങളേ റ്റിയ മതിലുകൾക്കപ്പുറം ,
മടിശ്ശീലതന്റെ വലിപ്പത്തിനപ്പുറം
ദേശ ,ഭാഷകളതിരുകൾ തീർക്കാത്ത
സ്നേഹ പാശത്താൽ നിങ്ങൾ പരസ്പരം
ബന്ധനസ്തരാകുന്നൊരാ നാളെന്ന് ,
അന്നുമാത്രമാണമ്മ സ്വതന്ത്ര
അന്നു മാത്രമീയമ്മ സ്വതന്ത്ര

Thursday, May 30, 2013

മൂന്നു പെണ്ണുങ്ങൾ


പുലരി
ആദ്യ സമാഗമ
നാണത്താലോ
തിരുനെറ്റിയിലെ
സിന്ദൂരത്തിൻ തരികളടർന്നു
പതിച്ചതിനാലോ
കവിളിണ ചോന്നു തുടുത്തു
പുലരീ

സന്ധ്യ
പിരിയും നേരം
വിരഹമമർത്താൻ
കഴിയാതിങ്ങനെ
ചുണ്ടുകടിച്ചു മുറിച്ചോ
 പെണ്ണേ!

നിൻ ചെഞ്ചുണ്ടിൻ
ചോരകലർന്നു തുടുത്ത
സമുദ്രത്തിരകളിൽ
വീണു മറഞ്ഞോ
സൂര്യൻ !

രജനി
പ്രാണപ്രിയനുടെ
ആത്മ ത്യാഗം
കണ്ടു നടുങ്ങി ,
സമനില തെറ്റീ
കറുത്തൊരു ചേല
വാരിച്ചുറ്റി
തലവഴിമൂടിയലയുന്നോ നീ !