Wednesday, March 29, 2023

പൂക്കൊന്ന വാടിക്കൊഴിഞ്ഞു

പൂക്കൊന്ന വാടി കൊഴിഞ്ഞു...
എന്റെ ഈണങ്ങൾ പാതിമുറിഞ്ഞു..
നീയില്ലയെങ്കിൽ, നിന്നോർമ്മകളില്ലെങ്കിൽ
എൻ ശിഷ്ട ജന്മം വ്യർഥം...

പൂമണം തിങ്ങുമീ നിറസന്ധ്യയിൽ ദൂരെ വാസന്ത ചന്ദ്രൻ ഉദിച്ചുയരെ... പ്രണയം തുളുമ്പും നിൻ വാക്കുകളും പേറി ഒരു  ചെറുതെന്നലിന്നൊഴുകിയെത്തി!

ഇന്നെന്റെയുള്ളിലും പൗർണ്ണമിയായ്‌,
ആയിരം നക്ഷത്രമുദിച്ചുയർന്നൂ..

പാതി മുറിഞ്ഞൊരാ ഈണങ്ങളിൽ
നിൻ വാക്കുകൾ കോർത്തപ്പോൾ പുതുമാല്യമായ്!
നോവുകളൊക്കെയും പഴങ്കഥയായ്‌,
എന്നുള്ളിൽ നീ പെയ്തൂ പുതുമഴയായ്!

പൂക്കൊന്ന വീണ്ടും തളിർത്തൂ..
നമ്മിൽ നഷ്ട വസന്തങ്ങൾ തിരികെയെത്തീ...

Thursday, March 23, 2023

കവിതാ ദിനാശംസകൾ

കഠിനം മീനച്ചൂടിൽ
ചുട്ടു നീറിയിരിക്കെയെൻ മനസ്സിൻകോണിലലസം വന്നുമുട്ടിയതാരു നീ!
പണ്ടെന്നോടിടഞ്ഞുപോയെങ്ങോമറഞ്ഞകവിതയോ!വെറുതേ കലമ്പിത്തുള്ളും കുറെയക്ഷരക്കൂട്ടമോ!


Wednesday, March 1, 2023

ജീവനം

തീർത്തും ഒറ്റപ്പെട്ടെന്നു തോന്നുന്ന ചില സമയങ്ങളിൽ പ്രിയമുള്ളൊരാൾ നമ്മെ ജീവിതത്തോട് എത്രമാത്രം അടുപ്പിക്കുന്നുണ്ടെന്ന് അവരൊരുപക്ഷെ അറിയുന്നുണ്ടാവില്ല!
ചിലപ്പോളത് വിരൽത്തുമ്പിലൊരു നനുത്ത സ്പർശമാവാം
ചിലപ്പോൾ ഒരു വിളിയാവാം
ഒരു വാക്കാവാം
മറ്റു ചിലപ്പോൾ ഒന്നും മൊഴിയാതെയുള്ള ഒരു മിഴിയിളക്കം പോലുമാവാം...

Wednesday, August 5, 2020

മോഹം

എനിക്കെന്തുമോഹം, ജലംപേറി ദൂരെ പറന്നെത്തി മഴയായ് പെയ്തൊന്നൊഴിയാൻ, 
ഇനിയും മുളക്കാത്ത വിത്തിന്റെയുള്ളിലെ  കരിയാത്തമോഹമായ് മെല്ലെ ത്തളിർക്കാൻ !

എനിക്കെന്തു മോഹം, 
കുളിർത്തെന്നലായൊന്നു മുങ്ങിക്കുളിച്ചീറനോടങ്ങലയാൻ, 
അമ്മിഞ്ഞയുണ്ടു മയങ്ങുന്ന കുഞ്ഞിളം കവിളിൽ കളിയായി മെല്ലെത്തഴുകാൻ ! 

എനിക്കെന്തുമോഹം, ഇലത്തുമ്പിലൊന്നിൽ ഞാന്നിറ്റി, മഞ്ഞിൻകണമായി മിന്നാൻ, 
മേഘമൊഴിഞ്ഞു തെളിഞ്ഞൊരാകാശത്തിൻ തുണ്ടമെന്നിൽപേറി മേനിനടിക്കാൻ ! 

എനിക്കെന്തുമോഹമീ, പ്പകലിന്നുമിരവിന്നുമിടയിലെയന്തിച്ചുവപ്പായിമാറാൻ, 
പിരിയാൻമടിക്കുന്ന കമിതാക്കൾകൈമാറും 
ചുടുചുംബനത്തിന്റെ മാധുര്യമാവാൻ ! 

എനിക്കെന്തുമോഹമീ , രാക്കാറ്റിലേറി പ്പടരുന്നമുല്ലപ്പൂമണമായി മാറാൻ, 
ആറടി മണ്ണിലുറങ്ങുന്നൊരായിരം 
പേരറിയാത്തോർക്ക് സൗരഭ്യമേകാൻ

എനിക്കെന്തുമോഹം, ഇലച്ചാർത്തുമെല്ലെപ്പകുത്തരിച്ചെത്തും നിലാത്തുണ്ടമാവാൻ, 
വീഥിയോരങ്ങളിൽ  തനിയേയുറങ്ങുന്ന അഗതിയാം പഥികന്റെ ചെറുവെട്ടമാവാൻ !

Monday, June 1, 2020

എനിക്ക് ശ്വാസം മുട്ടുന്നു

വർണ്ണവിദ്വേഷങ്ങൾ പുണ്ണായ് വളർന്നൊരാ 
ചെന്നായയെ വെല്ലും ക്രൗര്യമേ നിന്നുടെ 
കായബലത്തിലമർന്നുഞരങ്ങവേ ശ്വാസത്തിനായി പിടഞ്ഞുരുവിട്ടൊരാ 
പാവം മനുഷ്യന്റെയാർത്തനാദ-
മൊരു കാഹളമായി മുഴങ്ങുന്നു, 
വീഥിയിൽ ;ഏറ്റുപാടുന്നതിന്നായിരം നാവുകൾ... 
ഇല്ല നിനക്കിനി മാപ്പില്ല,നിങ്ങൾത-
ന്നന്ത്യമടുത്തു, കരുതിയിരിക്കുക !

Saturday, April 18, 2020

ജാമി 3:

നിന്റെ സുന്ദരമുഖം  വീണ്ടും  ദർശിക്കുന്ന മാത്രയിൽ ഞാനീ ജീവിതപ്പായ വീണ്ടും തെറുത്തുവയ്ക്കും. 
ആ പരമാനന്ദത്തിൽ  ചിന്തകളുടെ ചരട്  കയ്യിൽനിന്ന്
വഴുതിവീഴുകയും
എന്റെ സ്വത്വം നഷ്ടപ്പെടുകയും
 ചെയ്യും. 
നിനക്കെന്നെ കാണാനാവില്ല, 
എന്നിലെ ഞാനെന്നേ പറന്നകന്നതല്ലേ ;
നീയെന്റെ ആത്മാവായി മാറും, എന്റേതിനു പകരം. 
സ്വത്വചിന്തകളെല്ലാ
മകലും. 
നീന്നെ , നീന്നെ മാത്രം, എനിക്കവിടെ കാണാനാവും ;
സ്വർഗ്ഗത്തേക്കാൾ വിലപ്പെട്ട, ഭൂമിയെക്കാൾ പ്രിയമായ അവിടെ നീയടുത്തുണ്ടെങ്കിൽ  ബാക്കിയെല്ലാം വിസ്മൃതിയിലാവും.

ജാമി 2

കറുത്ത രാത്രിയിൽ ചന്ദ്രൻ മറഞ്ഞിരിക്കുന്നതുപോലെ  എന്നിൽനിന്നു നിന്റെ മുഖം മറയ്ക്കുമ്പോൾ 
ഞാൻ കണ്ണീർത്തുള്ളികളാകുന്ന  താരങ്ങൾ  പൊഴിക്കുന്നു. 
എന്നിട്ടും, തിളങ്ങുന്ന ഈ  താരങ്ങളുണ്ടെന്നാലും എന്റെ രാത്രി ഇരുണ്ടുതന്നെയിരിക്കുന്നു.

 - ജാമി