Tuesday, January 20, 2026

ജീവപര്യന്തം

നടന്നൂ, പലതും, അരുതാത്തതായിന്നാട്ടിൽ!
സുമുഖൻ, നാട്ടിൽ പ്രമാണിയാം കെങ്കേമൻ
കത്തിയാൽ കുത്തിക്കൊന്നൂ, പാവമാം പെണ്ണൊരുത്തിയെ...

നടത്തീ വിചാരണ തീവ്രമായേറെ ക്കാലം. ഒടുക്കം നീതിപീഠം വിധിച്ചൂ ശക്തിയുക്തം ! 

ക്രൂരമാം കുറ്റം ചെയ്ത കത്തി, 
നീ അഴിക്കുള്ളിൽ കഴിയണം ആജീവനം, നിനക്കില്ല മാപ്പിനി!! 

ലഭിച്ചൂ നീതി, ഇരയ്ക്കൊടുവിൽ! എന്തുത്തമ വിധി, ഹാ!   സന്തോഷാശ്രു പൊഴിക്കാം നമുക്കിനി...

Saturday, January 17, 2026

വിരഹം

അന്യദേശത്തൊരർദ്ധരാത്രിയിൽ,
കൂരിരുട്ടിൽ 
ഒറ്റക്കുപെട്ടപോൽ..
ആർത്തിരമ്പുന്ന വൻസമുദ്രത്തിൽ ദിക്കറിയാതെ ഒറ്റയ്ക്കുഴലുമ്പോൽ..
ദുഷ്ടജെന്തുക്കൾ മേവും വനാന്തരേ ഏകയായ്‌ ചെന്നുപെട്ടുഴറുന്ന പോൽ
ഏറെമേളിൽ നിന്നൊറ്റ വീഴ്ചയിൽ 
അഗാധഗർത്തത്തിൽ ചെന്നു പതിച്ചപോൽ

എന്തുചെയ്യുമെന്നറിയാതെ ഭ്രമിക്കുന്നു, ഉള്ളുലയുന്നു 
താങ്ങാൻ കഴിയാതെ...

ഏതു സൂര്യൻ കരിഞ്ഞുവീഴ്ന്നെന്നാലും 
സൗരയൂഥം ക്രമംതെറ്റി ക്കറങ്ങിലും
ആരെതിർക്കിലും കൂടെയുണ്ടാവുമെന്നെന്നും ചൊന്നയാൾ മാറിനടക്കുന്നു! 

എന്നുമൊന്നായലിഞ്ഞുജീവിക്കുമെ-ന്നെത്രയാവർത്തി ആണയിട്ടെ,
ന്നിട്ടുമെത്ര
നിസ്സാരമായിപ്പറഞ്ഞു നീ,
എന്റെ ലോകത്ത് നീയിനി ഇല്ലെന്ന്!!

Friday, February 7, 2025

വാഗ്ദേവതേ, വാണീ

വാഗ്ദേവതേ,വാണീ
വാഴുകെൻ ഹൃത്തിൽ നീ
വരമായ് പുണ്യമായ്
അക്ഷര ശുദ്ധിയായ് 
വാക്കിലും നാക്കിലും
ഓരോ വരിയിലും അനുപമ സൗന്ദര്യ ലാളിത്യമായ്...

അറിവിന്റെ നിറവായി,
 സ്വരമായ്,നാദമായ്‌ അകതാരിലിരുളിനെ നീയകറ്റൂ..
എന്നിൽ, വിളക്കായ് വെളിച്ചമായ് നീ വിളങ്ങൂ...

മത്തമൊഴിയുവാൻ ചിത്തം തെളിയുവാൻ
വിത്തവും വിദ്യയും കൈ വന്നിടാൻ
മർത്യകുലമാകെ നിത്യം ഭജിക്കുമെൻ
സത്തേ, തിരുമുമ്പിൽ കുമ്പിടുന്നേൻ..

              

Wednesday, August 30, 2023

ഓണം

ഓണം.... തിരുവോണം...
പൂത്തിരുവോണം...

മലയാളക്കരയാകെ ഉത്സവലഹരിയിൽ മതിമറന്നാറാടും മഹോത്സവം....

ഓണം... തിരുവോണം...
പൂത്തിരുവോണം...


ജാതി, മതങ്ങളില്ലാ
ലിംഗ ഭേദങ്ങളില്ല,
സമ്പത്തിൻ തിരിവില്ല, പ്രായാന്തരങ്ങളില്ല...
എങ്ങും ആരവങ്ങൾ...
ഓണക്കളികളും വർണ്ണവൈവിധ്യംനിറഞ്ഞ മേളം!

സത്യധർമ്മം കാക്കാൻ ശിരസ്സുകുനിച്ചൊരാ നീതിഷ്ഠനാം ബലിത്തിരുമേനി തന്നോർമ്മ..
തോറ്റൊരാ മന്നനെ 
നെഞ്ചേറ്റിയിന്നും മാമലമക്കൾ പ്രണമിക്കുന്നൂ 
!!
ആർപ്പുവിളികളും വായ്ക്കുരവയുമാ-
യാഘോഷമോടെ എതിരേൽക്കുന്നൂ..


ഓണം... തിരുവോണം...
പൂത്തിരുവോണം...

Friday, June 30, 2023

ലയനം

നിന്റെ ഹൃദയം 
എന്റെ ഹൃദയത്തില്‍വച്ചു 
പൂട്ടിയെന്നും
താക്കോല്‍ കടലിലെറിഞ്ഞെന്നും നീ. 
നിന്റെ ഹൃദയം സുരക്ഷിതമാണ്.  
ഓര്‍ക്കുക 
അതിനി പുറത്തെടുക്കണമെങ്കില്‍ 
എന്റേത് 
കുത്തിക്കീറിവേണം

Monday, June 19, 2023

പ്രണയം--- ഒരു നിര്‍വചനം

ഉള്ളിന്റെയുള്ളില്‍
കനപ്പായി,കുളിരായി
മോഹമായ്‌ മിഴിവുറ്റ
സ്വപ്‌നമായി.
ഇടറുന്ന വീഥിയില്‍
ഒരു പിടിവള്ളിയായ്‌
തീരാവ്യഥകളില്‍
ഒരു സ്‌നേഹസ്‌പര്‍ശമായ്‌
ഇരുള്‍വീണ പാതയില്‍
പകച്ചു ഞാന്‍ നില്‍ക്കേ
വഴികാട്ടിയായ്‌
മുന്നില്‍ ചെറുതരി വെട്ടമായ്‌
എരിയുന്ന വേനലില്‍
തണലായി,
കലിതുള്ളും കാലവര്‍ഷ
ക്കൊടുങ്കാറ്റില്‍ കുടയായി,
തളരുന്ന മനസ്സിന്‍
കരുത്തായി,പിന്നെയും
മുന്നോട്ടുപോകുവാ-
നൂര്‍ജ്ജമായ്‌
നിനവിലും കനവിലും
തെളിയും പ്രതീക്ഷതന്‍ ചെറുതിരിനാളമാ-
ണിന്നെന്റെ പ്രണയം. 

Wednesday, March 29, 2023

വിഷുപ്പാട്ട്

വിത്തും കൈക്കോട്ടും...
വിത്തും കൈക്കോട്ടും...

വിത്തും കൈക്കോട്ടും
വിളിയുമായ് വീണ്ടും വിഷുപ്പക്ഷിയെത്തിയെൻ തൊടിയിലിന്നും.
മുമ്പേ കുലച്ചുമദിച്ചതുകാരണം ശുഷ്‌കിച്ച കൊന്നക്കു കുണ്ഠിതമായ് !

കണിയൊരുക്കാനായ് ചിരിച്ചൊരുങ്ങി, മെല്ലെ 
പാടത്തെ വെള്ളരിയെത്തി നോക്കി
നിറയെച്ചുവന്നഫലങ്ങളാൽ തലതാഴ്ത്തി മുറ്റത്തെ ചെന്തെങ്ങണിഞ്ഞൊരുങ്ങി.

കണ്ണനെയണിയിച്ചു, കണിയൊരുക്കി,പ്പിന്നെ കണ്ണുപൊത്തിപ്പയ്യെ ശ്രീലകത്തെത്തിക്കാൻ, 
കൈനീട്ടമേകുവാൻ നീയില്ലയെങ്കിൽ
ഈ ദിനമെങ്ങിനെ വിഷുവായിടും, എനിക്കീദിനമെങ്ങിനെ വിഷുവായിടും!