Wednesday, September 30, 2009

എനിക്കാ റീല്‍ വേണം...

എന്നിലെ കാഴ്ചകളില്‍
ബ്ലാക്ക്‌ ആണ്ടു വൈറ്റില്‍
തെറിച്ചു നീങ്ങുന്ന
മനുഷ്യരില്‍ ഗാന്ധി ,
കറങ്ങുന്ന ചര്‍ക്ക..
സിനിമക്കു മുന്പായി
വെള്ളിത്തിരയില്‍ പലവട്ടം...
ഓരോ കൊട്ടകയിലും
മൂട്ടകടിയേറ്റത് കണ്ടു .
ഫങ്കസു കലര്‍ന്ന ആ ഒറ്ററീല്‍
ഓടിക്കാത്ത കൊട്ടകയെ
പറിച്ചു മാറ്റുമെന്ന്!
ഭയന്ന്,
ടാക്സ് വെട്ടിക്കുകയും
അങ്ങനെ അല്ലാതിരിക്കുകയും ചെയ്ത
ഓരോ ഉടമയും ആ റില്കളോടിച്ചത്.
ഈസ്റ്റ്മാനില്‍ നസീറും ജയനും
വരാന്‍കാത്തു ആ ബ്ലാക് ആണ്ട്‌ വൈറ്റിനെ
മുഷിപ്പോടെ നോക്കി കോട്ടുവായിട്ടു...

അറ്റന്ബറോയുടെ ഗാന്ധി ഒറിജിനലിനെ വെട്ടി,
ബ്ലാക്ക്‌ ആണ്ട്‌ വൈറ്റിനെ ഫങ്കസിനു കൊടുത്ത്...

ഇന്ന്,
ഞാന്‍ കൊതിക്കുന്നു,
എനിക്കാ റീല്‍ വേണം,
എനിക്കെന്റെ ഇന്ത്യയെ കാണാന്‍...

ആരാണ് സത്യം ?!

നാഴികമണിയുടെ നിലനില്‍പ്പ്‌
എന്നിലെന്നറിഞ്ഞു
അഹന്തയോടെ...
എന്റെ മരണം
കാലത്തിന്റെ ശൂന്യതയിലേക്കു
നീളുന്ന പെന്‍ഡുലം ...
കാലമേ ,
നിന്നെ നിഷേധിച്ച്
എന്നിലെ എന്നെ
പടുത്തുയര്‍ത്തി
സ്വയം തകര്‍ന്ന്
ഇരുട്ടിന്‍ തടവിലേക്ക്.
ഇരുട്ടാണ്‌ സത്യം .
വെളിച്ചം നുണയാകുന്നത്
കണ്ണടയുമ്പോള്‍ ...
കാഴ്ചയുടെ ഗുഹാമുഖത്ത്
ഇരുട്ടു പീളകെട്ടുമ്പോള്‍
ഞാനോ നീയോ
ആരാണ് സത്യം ?!

കാഴ്ചയുടെ കണ്ണാടികള്‍

കണ്ട കിനാവുകളുടെ
പത്തേമാരിയിലെ അശാന്തികളുടെയും
ഉള്‍വിളിയിലാണിന്നു തൂലിക .
മനസ്സാ പാദമമര്ത്തി
പുതിയ യാത്രയ്ക്കു
തുടക്കം കുറിക്കുമ്പോള്‍
നെഞ്ചിലൊരു കിളി പാടുന്നുണ്ട് .
അറിവിന്റെ കൂമ്പാരത്തില്‍ നിന്നും
നെല്‍മണി കൊത്തിയെടുത്തു
അനന്ത വിഹായുസ്സിലേക്ക് കുതിക്കാന്‍
ജാഗ്രതയോടെ
ചിറകു വിരിക്കുന്നുണ്ട്‌.
അറിഞ്ഞ വീഥികളും
അറിയാത്ത പൊന്തകളും
തമ്മിലിടയുമ്പോള്‍
ചിന്നല്‍ വീഴുന്ന
കാഴ്ചയുടെ കണ്ണാടികള്‍

Tuesday, September 29, 2009

ആരുടെ തെറ്റാകാം...

ആത്മഹത്യ ചെയ്ത ജാനു
ആരുടെ തെറ്റാകാം...
ബുദ്ധി ശൂന്യതയും ...
അര സെന്റ് ഭൂമിയില്‍
കൂരകെട്ടാന്‍
മടിശ്ശീല വഴങ്ങാതെ ,
മകള്‍ക്ക് സ്ത്രീധനബാക്കി
കൊടുക്കാനാവാതെ ,
കെട്ട വിളക്ക്
പാളത്തില്‍ ചിതറിയത് ...
മരണത്തിന്റെ നിശബ്ദതയില്‍
പോറല്‍ വീഴ്ത്തി പറന്നു
തലങ്ങും വിലങ്ങും കാക്കകള്‍ .
വായുവിലേക്ക് തെറിച്ചുനിന്ന
അസ്ഥിയുടെ പാല്‍പ്പുന്ജിരി .
കാവല്‍ക്കാരന്റെ
ഉറക്കംകെട്ട രാത്രിയിലെ
അടങ്ങാത്ത കോട്ടുവാ ...
ചാക്കില്‍ കെട്ടി
സൈറന്‍ മുഴക്കി
അകലുന്ന വണ്ടിയ്ക്കു പിന്നില്‍
ജാനുവിന്റെ നെടുനിശ്വാസം ...

എന്നെ തേടുന്ന ഞാന്‍

അലകളുടെ ഇരുണ്ട കാഴ്ചകളില്‍
ആടിയുലയുന്ന പായ്ക്കപ്പലില്‍
മൌനത്തിന്റെ പങ്കായാത്തില്‍
എന്നെത്തിരയുന്നു ,
എന്റെ ആഴത്തിലെ
എന്നെ വിഴുങ്ങാന്‍ പോന്ന
എന്നെ മാത്രം തിരയുന്നു ...
മൌനത്തിന്റെ പാറാവുകാരാ ,
അറിവിന്റെ അഗ്നി കോരിയിടുന്ന
അലകളേ ,
എന്റെ കണ്ണുകള്‍ തിരിച്ചു തരിക
നിഴലില്‍ മയങ്ങിപ്പോയ
എന്റെ ഇന്ദ്രിയങ്ങളെ മോചിപ്പിക്കുക ...
കാലമേ ,
നീയെത്രമേല്‍ വാചാലമാകുന്നോ
അതിലേറെ നിശബ്ദതയുടെ
നിഗൂഡതകളിലൂളിയിട്ടു
എന്നെത്തിരയുന്നൂ ,
ഒരിയ്ക്കല്‍ എനിക്ക് നഷ്ടമായ
മുഖമ്മൂടിയില്ലാത്ത എന്നെ മാത്രം !

Monday, September 28, 2009

മേല്‍കൂരയില്ലാത്തവര്‍

ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. ഞങ്ങള്‍ രണ്ടു പേര്‍ ( ഗിരീഷ്‌ വര്‍മയും ഞാനും) ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക.

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

Monday, September 21, 2009

വൈദര്‍ഭികള്‍

മരണത്തിന്‍ കലപ്പകള്‍
ഉഴുതു മറിക്കുന്ന
പരുത്തിപ്പാടങ്ങള്‍...
ഇടറുന്ന മണികളില്‍,
നോക്ക് കുത്തികളില്‍
പിന്നെയാ നുകത്തിലും
അശാന്തിയുടെ തേരോട്ടം...

ക്ലീഷേ എന്ന് തോന്നിയേക്കാവുന്ന
ചിന്തകളില്‍ ഭരണകൂട ഭീകരത.
ആത്മഹത്യ ചെയ്തവനെയോര്‍ത്തു
മുതലക്കണ്ണീര്‍ വാര്‍ക്കുന്ന
താരക മുറികള്‍...
അഴുകിയ ജടത്തിലേക്ക്
ചിറകുവിരിച്ചാ ഇറക്കുമതി ഭൂതം...

കനല്‍ കെട്ടടങ്ങാത്ത ചിതക്കരികെ
കണ്ണീരുണങ്ങാത്ത വൈദര്‍ഭികള്‍ ...
ദമയന്തിയുടെ,
രുഗ്മിണിയുടെയും പിന്മുറക്കാര്‍..
ചുമലില്‍
പറക്കമുറ്റാത്ത പെൺ കുഞ്ഞുങ്ങള്‍
ഒടുങ്ങാത്ത ബാധ്യതയുമേറ്റി
കീടനാശിനിയില്‍ അഭയം കൊണ്ട
ഭര്‍ത്താവിനെ ശപിക്കാതെ
*രേഖ ചഹാരെമാര്‍...

സ്വതന്ത ഭാരത നേട്ടത്തിലൂറ്റംകൊണ്ട്
പുതു സാമ്പത്തിക നിർമ്മിതികള്‍..
ദന്തഗോപുരത്തിൽ മെത്തകള്‍ക്കും
മന്ത്രിമന്തിരങ്ങള്‍ക്കും
നാണക്കേടായി നാടന്‍ പരുത്തികള്‍...

നാളെ,
ഫോസിലുകള്‍ തേടിയിറങ്ങുന്ന
ഗവേഷണ വിദ്യാര്‍ഥി എന്താകും
വരഞ്ഞിടുക?
പരുത്തിക്കായി വീര ചരമം പ്രാപിച്ച
ചഹാരെയേയോ!

*ഇന്ത്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ആത്മഹത്യ ചെയ്ത പരുത്തി കര്‍ഷകന്‍ ദിലീപ് ചഹാരെ യുടെ ഭാര്യ യാണ് രേഖ ചഹാരെ

വെറും കന്നാലിക്കൂട്ടങ്ങള്‍...

എന്തിനാണ് നാമിങ്ങനെ
പോളിംഗ് ബൂത്തില്‍
ക്യൂ നില്‍ക്കുന്നത്,
ജയിച്ചു കയറുന്നവന്റെ
പരിഹാസ പാത്രമാകാനോ?
എന്റെയും നിന്റെയും വിയര്‍പ്പില്‍
നക്ഷത്ര ബംഗ്ലാവില്‍ അന്തിയുറങ്ങുന്നവന്
നാം കന്നാലിക്കൂട്ടങ്ങള്‍...

ഇതിനാണോ അര്‍ദ്ധനഗ്നന്‍
ഉപ്പു കുറുക്കിയത്?
ഇതിനാണോ
എന്റെയും നിന്റെയും പിതാമഹന്മാര്‍
ബൂട്സിനടിയില്‍ ചതഞ്ഞരഞ്ഞത്?

ഹേ,
ആധുനീക രാജാക്കന്മാരെ,
ഒരിക്കല്‍ നീ ഞങ്ങളെ
കീടങ്ങളായി രേഖപ്പെടുത്തി,
നീയോ വന്മരം ചമയുകയും...
ഇന്ന് നിന്റെ വിരല്‍
എന്തിലേക്കാണ് ചൂണ്ടുക?
എന്നെ നീ എവിടെക്കാണ്
ഇനിയും ചവിട്ടി താഴ്ത്തുക?

തിരഞ്ഞെടുപ്പ് വേളയില്‍
ഞങ്ങള്‍ പ്രബുദ്ധര്‍,
നീയോ കൈ കൂപ്പി
വിനീത വേഷം കെട്ടി
പോസ്ട്ടറുകളില്‍ താണു കേണു...
ഇനിയൊരു തിരഞ്ഞെടുപ്പ് വരുമ്പോഴും
ഈ വണ്ടിക്കാളകള്‍
നിനക്കായി വോട്ടു കുത്താന്‍
വിധിക്കപ്പെട്ട് ...

Saturday, September 12, 2009

"ഒരുങ്ങിയിരിക്കുക...."

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും...
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍...
പുക പടലങ്ങള്‍,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
വഴിമാറി പോയേക്കാവുന്ന
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും,
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും...
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്...
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപകലുകള്‍...
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."