Wednesday, August 30, 2023

ഓണം

ഓണം.... തിരുവോണം...
പൂത്തിരുവോണം...

മലയാളക്കരയാകെ ഉത്സവലഹരിയിൽ മതിമറന്നാറാടും മഹോത്സവം....

ഓണം... തിരുവോണം...
പൂത്തിരുവോണം...


ജാതി, മതങ്ങളില്ലാ
ലിംഗ ഭേദങ്ങളില്ല,
സമ്പത്തിൻ തിരിവില്ല, പ്രായാന്തരങ്ങളില്ല...
എങ്ങും ആരവങ്ങൾ...
ഓണക്കളികളും വർണ്ണവൈവിധ്യംനിറഞ്ഞ മേളം!

സത്യധർമ്മം കാക്കാൻ ശിരസ്സുകുനിച്ചൊരാ നീതിഷ്ഠനാം ബലിത്തിരുമേനി തന്നോർമ്മ..
തോറ്റൊരാ മന്നനെ 
നെഞ്ചേറ്റിയിന്നും മാമലമക്കൾ പ്രണമിക്കുന്നൂ 
!!
ആർപ്പുവിളികളും വായ്ക്കുരവയുമാ-
യാഘോഷമോടെ എതിരേൽക്കുന്നൂ..


ഓണം... തിരുവോണം...
പൂത്തിരുവോണം...

Friday, June 30, 2023

ലയനം

നിന്റെ ഹൃദയം 
എന്റെ ഹൃദയത്തില്‍വച്ചു 
പൂട്ടിയെന്നും
താക്കോല്‍ കടലിലെറിഞ്ഞെന്നും നീ. 
നിന്റെ ഹൃദയം സുരക്ഷിതമാണ്.  
ഓര്‍ക്കുക 
അതിനി പുറത്തെടുക്കണമെങ്കില്‍ 
എന്റേത് 
കുത്തിക്കീറിവേണം

Monday, June 19, 2023

പ്രണയം--- ഒരു നിര്‍വചനം

ഉള്ളിന്റെയുള്ളില്‍
കനപ്പായി,കുളിരായി
മോഹമായ്‌ മിഴിവുറ്റ
സ്വപ്‌നമായി.
ഇടറുന്ന വീഥിയില്‍
ഒരു പിടിവള്ളിയായ്‌
തീരാവ്യഥകളില്‍
ഒരു സ്‌നേഹസ്‌പര്‍ശമായ്‌
ഇരുള്‍വീണ പാതയില്‍
പകച്ചു ഞാന്‍ നില്‍ക്കേ
വഴികാട്ടിയായ്‌
മുന്നില്‍ ചെറുതരി വെട്ടമായ്‌
എരിയുന്ന വേനലില്‍
തണലായി,
കലിതുള്ളും കാലവര്‍ഷ
ക്കൊടുങ്കാറ്റില്‍ കുടയായി,
തളരുന്ന മനസ്സിന്‍
കരുത്തായി,പിന്നെയും
മുന്നോട്ടുപോകുവാ-
നൂര്‍ജ്ജമായ്‌
നിനവിലും കനവിലും
തെളിയും പ്രതീക്ഷതന്‍ ചെറുതിരിനാളമാ-
ണിന്നെന്റെ പ്രണയം. 

Wednesday, March 29, 2023

വിഷുപ്പാട്ട്

വിത്തും കൈക്കോട്ടും...
വിത്തും കൈക്കോട്ടും...

വിത്തും കൈക്കോട്ടും
വിളിയുമായ് വീണ്ടും വിഷുപ്പക്ഷിയെത്തിയെൻ തൊടിയിലിന്നും.
മുമ്പേ കുലച്ചുമദിച്ചതുകാരണം ശുഷ്‌കിച്ച കൊന്നക്കു കുണ്ഠിതമായ് !

കണിയൊരുക്കാനായ് ചിരിച്ചൊരുങ്ങി, മെല്ലെ 
പാടത്തെ വെള്ളരിയെത്തി നോക്കി
നിറയെച്ചുവന്നഫലങ്ങളാൽ തലതാഴ്ത്തി മുറ്റത്തെ ചെന്തെങ്ങണിഞ്ഞൊരുങ്ങി.

കണ്ണനെയണിയിച്ചു, കണിയൊരുക്കി,പ്പിന്നെ കണ്ണുപൊത്തിപ്പയ്യെ ശ്രീലകത്തെത്തിക്കാൻ, 
കൈനീട്ടമേകുവാൻ നീയില്ലയെങ്കിൽ
ഈ ദിനമെങ്ങിനെ വിഷുവായിടും, എനിക്കീദിനമെങ്ങിനെ വിഷുവായിടും!

പൂക്കൊന്ന വാടിക്കൊഴിഞ്ഞു

പൂക്കൊന്ന വാടി കൊഴിഞ്ഞു...
എന്റെ ഈണങ്ങൾ പാതിമുറിഞ്ഞു..
നീയില്ലയെങ്കിൽ, നിന്നോർമ്മകളില്ലെങ്കിൽ
എൻ ശിഷ്ട ജന്മം വ്യർഥം...

പൂമണം തിങ്ങുമീ നിറസന്ധ്യയിൽ ദൂരെ വാസന്ത ചന്ദ്രൻ ഉദിച്ചുയരെ... പ്രണയം തുളുമ്പും നിൻ വാക്കുകളും പേറി ഒരു  ചെറുതെന്നലിന്നൊഴുകിയെത്തി!

ഇന്നെന്റെയുള്ളിലും പൗർണ്ണമിയായ്‌,
ആയിരം നക്ഷത്രമുദിച്ചുയർന്നൂ..

പാതി മുറിഞ്ഞൊരാ ഈണങ്ങളിൽ
നിൻ വാക്കുകൾ കോർത്തപ്പോൾ പുതുമാല്യമായ്!
നോവുകളൊക്കെയും പഴങ്കഥയായ്‌,
എന്നുള്ളിൽ നീ പെയ്തൂ പുതുമഴയായ്!

പൂക്കൊന്ന വീണ്ടും തളിർത്തൂ..
നമ്മിൽ നഷ്ട വസന്തങ്ങൾ തിരികെയെത്തീ...

Thursday, March 23, 2023

കവിതാ ദിനാശംസകൾ

കഠിനം മീനച്ചൂടിൽ
ചുട്ടു നീറിയിരിക്കെയെൻ മനസ്സിൻകോണിലലസം വന്നുമുട്ടിയതാരു നീ!
പണ്ടെന്നോടിടഞ്ഞുപോയെങ്ങോമറഞ്ഞകവിതയോ!വെറുതേ കലമ്പിത്തുള്ളും കുറെയക്ഷരക്കൂട്ടമോ!


Wednesday, March 1, 2023

ജീവനം

തീർത്തും ഒറ്റപ്പെട്ടെന്നു തോന്നുന്ന ചില സമയങ്ങളിൽ പ്രിയമുള്ളൊരാൾ നമ്മെ ജീവിതത്തോട് എത്രമാത്രം അടുപ്പിക്കുന്നുണ്ടെന്ന് അവരൊരുപക്ഷെ അറിയുന്നുണ്ടാവില്ല!
ചിലപ്പോളത് വിരൽത്തുമ്പിലൊരു നനുത്ത സ്പർശമാവാം
ചിലപ്പോൾ ഒരു വിളിയാവാം
ഒരു വാക്കാവാം
മറ്റു ചിലപ്പോൾ ഒന്നും മൊഴിയാതെയുള്ള ഒരു മിഴിയിളക്കം പോലുമാവാം...