Monday, September 27, 2010

വേദന

അലകളില്‍ ആടിയുലയുന്ന
മരവിപ്പിന്റെ തോണിയില്‍
കാഴ്ചകള്‍ മങ്ങുന്നു.
എന്റെ ഇന്നലെകള്‍
തേഞ്ഞു പോകുന്നു...

പനിനീര്‍പ്പൂവുമായുള്ള
പ്രണയത്തില്‍ ,
അടിയില്‍ പതിയിരുന്ന
മുള്ളുകള്‍ ഞാന്‍
കാണാതെ പോയീ !

പകരുക നീ
എന്നാത്മാവില്‍
വേദനയുടെ പാനീയം.
ഞാനതു നുകരട്ടെ.

നിന്റെ സാന്ത്വനത്തേക്കാള്‍ ,
നിന്റെ ചുംബനത്തേക്കാള്‍
മധുരമാം വേദന.

Tuesday, July 13, 2010

"ഒരുങ്ങിയിരിക്കുക...."

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും.
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
കാലംതെറ്റി പൂത്ത കർണ്ണികാരവും  
വഴിമാറിപ്പോയ 
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും.
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്,
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."

കവിത വരുന്നത്...

രാത്രി വിളിയില്‍
ചങ്ങാതിയുടെ സ്വരത്തില്‍
കവിതയില്ലായ്മയുടെ പരിഭവം.
കെട്ട ഉറക്കത്തെ
പുറം കാല്‍ കൊണ്ടടിച്ചു
പായ ചുരുട്ടി
എഴുത്ത് മുറിയിലേക്ക്...
കാട്ടുചേമ്പുകള്‍ക്കിടയില്‍ നിന്നും
ആരോഗ്യ സംരക്ഷണത്തെ കുറിച്ച്
നാളെയിലേക്ക് കരുതേണ്ട
പ്ലക്കാര്ഡുകളെ കുറിച്ച്
എലികളുടെ സംവാദം...
ഭക്ഷണത്തിലെ മായം
അധിനിവേശക്കെണിയെന്ന് ...
പുതു വിഭവങ്ങള്‍ വഴി
രോഗം ഉത്പാദിപ്പിച്ചു
കിടക്കകള്‍ നിറക്കുന്നതിനെതിരെ
പ്രമേയം.
കടലാസും പേനയും
തമ്മിലിണങ്ങാന്‍ മടിച്ചു ,
കോട്ടുവായിട്ടു...
ചങ്ങാതിയുടെ അടുത്ത വിളിയില്‍
റോംഗ് നംബറെന്നു ചൊല്ലി
പായ നിവര്‍ത്തി ...

Tuesday, July 6, 2010

'രാജ്യദ്രോഹി'

തലയില്‍ മുണ്ടിട്ടു
പീടികവരാന്തയില്‍
കാല്‍ വയ്ക്കുമ്പോള്‍
ആള്‍കൂട്ടം അടക്കംപറഞ്ഞു,
രാജ്യ ദ്രോഹി .

എന്റെ മതത്തെ ദത്തെടുത്തവര്‍ ,
ഭരണം പണിയാന്‍ ഇറങ്ങിതിരിച്ചവര്‍
എന്നെ കളങ്കപ്പെടുത്തി ,
പലതായി വ്യഖ്യാനിച്ച്
കലാപം പണിയുന്നു.

എന്റെ ചുവരില്‍
അത്തറു പൂശി
ഭൂമിയില്‍ തിമിരം പണിയുന്നു.
എന്റെ ഗന്ധവും,
നിറവും ,നാമവും
അവരുടെ നിഴല്‍ വീണു കെട്ടു പോകുന്നു.

തെരുവില്‍
പകച്ചും ഭയന്നും
ചുരുങ്ങിയ ഞാന്‍
പിന്നെയും ഉള്ളിലേക്കു ചുരുങ്ങി
ലോകത്തെ ശപിച്ചു .

നിസ്സഹായതയോടെ നടക്കുമ്പോള്‍
എനിക്ക് നേരെ ചൂണ്ടിയ വിരലുകള്‍ ,
പാഞ്ഞടുത്ത കാലുകള്‍ ...

ബോധം മറയുമ്പോഴും
ചെവിയില്‍ മുഴങ്ങി
'രാജ്യദ്രോഹി...'

അമ്മ

രാമഴയുടെ അദൃശ്യ പെയ്ത്തില്‍
അമ്മയുടെ മണം.
അടുക്കളയില്‍
ശ്രാദ്ധമൂട്ടിനായി തിരക്ക്.
വടക്കേ പാടം പുഴയായി.
ഇരുട്ടിലൂടെ തോണി...

മുനിഞ്ഞു കത്തുന്നത് അമ്മയോ?

അഴയില്‍ മഴയില്‍ ചീര്‍ത്ത ജാക്കറ്റ്.
ആ മണം
കാച്ചിയ എണ്ണയുടെ ,
ചന്ദനത്തിന്റെ ,
പോണ്ട്സ് പൌഡറിന്റെ ....

ഇനിയുള്ള ദൂരം
തനിയെ എന്നറിയുമ്പോഴും
അങ്ങനെ അല്ലാതാവാന്‍
അക്ഷരങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് ,
അമ്മയുടെ മണം ചാലിച്ച്
മുന്നോട്ട്...

പറയൂ,
പൂഴിയില്‍ വരച്ച നീ
എനിക്കെന്നും തുണയാവില്ലേ?
അതോ
മനുഷ്യരെ പോലെ നീയും?!

ഇല്ല,
ഓരോ പദത്തിലും
അലക്കാനിട്ട ജാക്കറ്റിന്റെ മണം
എന്റെ അമ്മയുടെ.

ഇനി നിന്നെ
അമ്മേ അമ്മേയെന്നു ചൊല്ലി
അനുഗമിക്കാം.

Wednesday, May 26, 2010

കുഞ്ഞുവാവയുടെ പാവക്കുഞ്ഞുങ്ങള്‍

മണല്‍ കാട്ടിലെ ഏകാന്തതയ്ക്കും
കാത്തിരിപ്പിന്റെ നീളന്‍
നിശ്വാസങ്ങള്‍ക്കുമൊടുവില്‍
പ്രവാസത്തിന്റെ മടുപ്പിനെ
മറികടന്നെത്തിയ തിരിച്ചുവരവിന്റെ
ആവേശതിമിര്‍പ്പ്.

ഫോണിലൂടെ മാത്രം
ഉപ്പയെ അറിഞ്ഞ കുഞ്ഞുവാവ ,

ആദ്യമായി സ്കൂളിലേക്ക് പോകാന്‍
ബാഗും,വാട്ടര്‍ബോട്ടിലും കാത്തിരിക്കുന്ന ,
ഉപ്പയുടെ രൂപം ഉള്ളില്‍
മങ്ങിയ ഓര്‍മ്മയായി സൂക്ഷിച്ച
നാലുവയസ്സുകാരന്‍ ‍.

വിരഹത്തിന്റെ നോവിലും ,
രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍
വിയര്‍പ്പുതിര്‍ക്കുന്ന പ്രിയനേ
ഒരുനോക്കു കാണാനായി
വിങ്ങുന്ന മനസ്സുമായി
വഴിക്കണ്ണുമായി ബീവി ...

പ്രതീക്ഷയുടെ നക്ഷത്രതിളക്കവുമായി
മകനെ കണ്കുളിര്‍ക്കെകാണാന്‍
നരവീണ കണ്ണുമായ് ബാപ്പച്ചി ...

കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങള്‍ക്ക്
ദൈര്‍ഘ്യം ഏറുന്നുവോയെന്നു
സ്വന്തം മനസ്സ് .
ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നു,
എല്ലാമെല്ലാം യാഥാര്‍ഥ്യമാകുന്നു !!

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ....

ഒരു നിമിഷാര്‍ധത്തില്‍
പ്രതീക്ഷകളും ,സ്വപ്നങ്ങളും
കാത്തിരിപ്പും ചാമ്പലാക്കി
മരണം ഒരു തീഗോളമായി
പറന്നിറങ്ങി .

ഇനി എല്ലാം ഒരുപിടി ചാരം ...

ചാമ്പലിനിടയില്‍ ആരുടെയോ
ചവിട്ടേറ്റ് കീ കീ ശബ്ദവുമായി
കുഞ്ഞുവാവയേ കാത്ത്
പാവക്കുഞ്ഞുങ്ങളും ...

Wednesday, March 31, 2010

ഭ്രാന്ത്

ഇന്നലെ ,
അങ്ങാടിയിലെ ഭ്രാന്തന്‍
പൊട്ടിച്ചിരിച്ചു,
എങ്ങിക്കരഞ്ഞു .
കൂവി വിളിച്ചു .
സ്ത്രീകളെ ചീത്ത വിളിച്ചു .

കൂടിനിന്നവര്‍ കണ്ടു രസിച്ചു .
ആര്‍ത്തു ചിരിച്ചു .

ഇന്ന് ,
അയാള്‍ വീണ്ടും
പൊട്ടിച്ചിരിച്ചു ,
എങ്ങിക്കരഞ്ഞു ,
കൂവി വിളിച്ചു .
അമ്പലത്തിലെ ദേവിയെ
ചീത്ത വിളിച്ചു .

കൂടി നിന്നവര്‍ കല്ലെറിഞ്ഞു ,
വാളെടുത്തു ,
തലയറുത്തു.

ഓട്ട വീണ കീശ

ഇന്നലെ ഈശ്വര ലോകം
കിനാവില്‍ കാണുമ്പോള്‍
സ്പിന്നിംഗ് മില്‍ തിരഞ്ഞു
അലഞ്ഞ കണ്ണുകള്‍.
എന്റെയും ഈശ്വരന്റെയും
നഗ്നത മറക്കാന്‍
വാഴയില തേടിയത്.
തുണിയില്ലാതെ നൃത്തം ചെയ്തു നടന്ന കാലനും
ആട്ടിയോടിക്കപ്പെട്ട എം.എഫ് ഹുസൈനും
കവിതയ്ക്ക് വിഷയമായത്...

ഈ മുള്‍വേലിക്കകത്ത്
മരവിപ്പിനും മടുപ്പിനും ഇരയായി...
ദിന രാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
അക്ഷരങ്ങളുടെ തടവില്‍ നിന്നും
മോചനമില്ലാതെ ...
എഴുതിയതും
എഴുതി വച്ചതും
എന്നെ തുറിച്ചു നോക്കുന്നു...
കിളിവാതിലില്‍ ഒരിളം കാറ്റ്,
നിലാവിന്റെ ചീള് ...
ഇല്ല ഒന്നുമില്ല,
ഞാനീ തടവില്‍ തനിയെ...

ചിന്തകളില്‍ പതഞ്ഞ്
എന്നെ തേടി ഞാന്‍ ;
വഴികള്‍, കവലകള്‍ തോറും.
അക്ഷരങ്ങളെ പഴിച്ചു ,
തൂലികകളെ ചീത്ത വിളിച്ചു .
വെയില്‍ കത്തുമ്പോള്‍
നാരങ്ങാ വെള്ളം മാടി വിളിച്ചു.
ഓട്ട വീണ കീശയില്‍
അലസം നീങ്ങിയ വിരലുകള്‍‍.
വറ്റിയ കണ്ണീരും തുടര്‍ നടത്തയും.

Monday, March 29, 2010

ചോറ്റാനിക്കരയമ്മ

ഇന്നലെ ദേവി
എന്റെ സ്വപ്നത്തില്‍ വന്നു ,
സാക്ഷാല്‍ ചോറ്റാനിക്കരയമ്മ.
പറഞ്ഞിട്ട് അമ്മ വിശ്വസിച്ചില്ല ,
അച്ഛനും ,ചേച്ചിമാരും
ആരും വിശ്വസിച്ചില്ല .
എങ്കില്‍ വരച്ചുകാട്ടാന്‍
അവര്‍.
വരക്കാന്‍ തുടങ്ങിയ ഞാന്‍
ഞെട്ടിപ്പോയി.
എങ്ങിനെ വരക്കും !
നാടുകടത്തപ്പെട്ടാലോ !
അര്‍ദ്ധ നഗ്നാംഗിയായ
ദേവിയെ പട്ടുടുപ്പിച്ചു.
അമ്മ പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".
എല്ലാരും പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".

ഞാന്‍ സ്വപ്നം കണ്ടിട്ടേയില്ല ,
കുഴപ്പമില്ലല്ലോ ....

Thursday, March 25, 2010

ഗുല്‍മോഹറിന്‍ കീഴെ...

നീ ആമിയായും,
കമലയായും ,
മാധവിക്കുട്ടിയായും ,
ഒടുവില്‍
കമലാ സുരയ്യയായും
വാര്‍ത്തകളില്‍ നിറഞ്ഞു നിന്നപ്പോള്‍
ഒരിക്കലെങ്കിലും
നിന്നെ വന്നു കാണാന്‍
എന്റെ ഹൃദയം തുടിച്ചില്ല.

വലിയ വട്ടപ്പൊട്ടും,
കരിമഷി പടര്‍ന്ന കണ്ണുകളും
കടും നിറത്തിലുള്ള സാരിയുമായി
മാധവിക്കുട്ടിയെ
ഞാനൊരിക്കലും കണ്ടില്ല.
പര്‍ദ്ദയണിഞ്ഞ ,കുപ്പിവളയണിഞ്ഞ
സുറുമ എഴുതിയ സുരയ്യയേയും
ഞാന്‍ കണ്ടില്ല.

ഇന്ന് ,
രക്തസാക്ഷി മണ്ഡപത്തിനരികെ,
സന്ദര്‍ശകരുടെ തിരക്കില്ലാതെ,
മരുന്നുകുപ്പികളുടെ നിരയില്ലാതെ ,
പാറാവുകാരന്റെ വിലക്കുകളില്ലാതെ,
നീ ശാന്തമായുറങ്ങുന്ന
ഗുല്‍മോഹറിന്‍ കീഴില്‍
ആദ്യമായി ഞാന്‍ നിന്നെ തേടി വന്നു.
ഞാനും നീയുമെന്ന
കാലത്തിന്റെ ഒറ്റയടിപ്പാതയില്‍ നിന്നും
നീ മറഞ്ഞു പോയിട്ടും
അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞ
നിന്നെത്തേടി ....

ബോധക്ഷയത്തിന്റെ ഒരു നിമിഷത്തില്‍
എന്റെ നെറുകയില്‍ പതിഞ്ഞ
നിന്റെ കൈപ്പടത്തിന്റെ
ഭാരമില്ലായ്മയില്‍ ,
മൂര്‍ധാവില്‍ നീ തന്ന ചുംബനത്തിന്റെ
ഊഷ്മളതയില്‍
ലയിച്ച്,
നിന്നെ അറിഞ്ഞു ഞാന്‍
ഈ ഗുല്‍മോഹറിന്‍ കീഴെ
അല്പമിരിക്കട്ടെ...

നീര്‍മാതളത്തിനും
ഗുല്‍മോഹറിനു മിടയില്‍
നീ താണ്ടിയ ദൂരം
മനസ്സാല്‍ താണ്ടട്ടെ .

(കഴിഞ്ഞ മാര്ച് 14 ന്‌ പാളയം ജുമാ മസ്ജിദിലെ കമലാ സുരയ്യയുടെ ഖബറിടം സന്ദര്‍ശിച്ച ശേഷം എഴുതിയത് )

Tuesday, March 23, 2010

ഒരു പഴങ്കഥ

ദാ അവിടെ
ഒരു കുന്നുണ്ട്
കുന്നില്‍
നിറയെ മരമുണ്ട് .
മരത്തില്‍
നിറയെ കിളിയുണ്ട് .
കിളികള്‍
പാടും പാട്ടുണ്ട് .

ദേ ഇവിടെയൊരു
വയലുണ്ട് .
വയലില്‍ വിളയും
നെല്ലുണ്ട് .
വയലിനു നടുവില്‍
തോടുണ്ട് .
തോട്ടില്‍ നിറയെ
മീനുണ്ട് .

മരങ്ങള്‍ വണ്ടി കയറി .
മണ്ണും വണ്ടി കയറി .
കുന്നിറങ്ങിയ മണ്ണ്
വയലിലായി .
കുന്നിലെ കിളികളും
തോട്ടിലെ മീനും,
വയലിലെ നെല്ലും
പഴങ്കഥയായി.

ഒടുവില്‍ .
മഴയും നമുക്ക്
പഴങ്കഥയായി

Friday, March 12, 2010

തുണ

പങ്ക

വേനല്‍ ചൂടില്‍
എന്നെ തുണച്ച
പങ്ക
കടക്കെണിയില്‍
അച്ഛന് തുണയായി. .


ഗ്യാസടുപ്പ്

അടുക്കളയിലെ പുകയില്‍ നിന്നും
മോചനം തന്ന ഗ്യാസടുപ്പ്
നാട്ടാരുടെ കുശുകുശുപ്പിലും
അമ്മയ്ക്കു തുണയായി .


തീവണ്ടി

വേഗങ്ങള്‍ താണ്ടാന്‍
തുണച്ച തീവണ്ടി
അച്ഛനമ്മാര്‍ക്കരികെ
എന്നെ വേഗമെത്തിച്ചു.

വിത

തോണ്ടക്കുഴിയിലൂടെ,
നെഞ്ചു മരവിപ്പിച്ചു
ആണ്ടിറങ്ങുന്നത് ...
എന്താവാം?
മരവിപ്പ്,
മടുപ്പ്...

ഞാന്‍ വേദനയെ പ്രണയിക്കുന്നു,
ഉന്മാദത്തേയും ഭ്രാന്തിനെയും...
അവയിലാണെന്‍ വിത ....
കൊയ്യുന്നതും അതേ കണ്ടത്തില്‍...

എന്നെ ഞെക്കിപ്പിഴിയാറുള്ള
ആ ചാവുന്ന വേദന തേടി
പാതിരാത്രിയോളമലഞ്ഞു.
എവിടെയും സുഖത്തിന്റെ
കാലൊച്ചകള്‍ !

മരവിപ്പ്
വിതയെ എതിരിടുകയാണ്...

എന്റെ മുറത്തില്‍ വിത്തുകള്‍ കരിയുന്നു.

വേദനയുടെ കരിവണ്ടി വരാന്‍കാത്ത്
ഈ വരമ്പത്ത്
വെറുതെയിരിക്കുന്നു ഞാന്‍.

വിത പോലുമില്ലാതെ...

ഹൃദയം പാകപ്പെടുത്താന്‍
സംഗീതമാകാം,
ശാസ്ത്രം അതംഗീകരിക്കുന്നുണ്ട് .
നൊമ്പര മുണര്ത്തി
നിശബ്ദതയിലേക്കും
അടിമത്തത്തിലേക്കും ...
ഭീതി പരത്തുന്ന പ്രഭാഷണങ്ങള്‍,
അതിലും സംഗീതം...
ശബ്ദ ഘോഷങ്ങളാല്‍
മായിക ലോകം തീര്‍ക്കാം .
നാളെയില്‍ നോക്കി
പ്ലാവില കണ്ടു നടന്നു പോകുന്നവര്‍.
ഭക്തിയും കാമവും
തുലാസില്‍ കിടന്നു ഇളിഞ്ഞു നോക്കി.
പ്ലാവിലയില്‍ കറ കണ്ടു
മലര്‍ക്കെ തുപ്പി.
ഛെ,
ഇത് കവിതയല്ല,
വിത പോലുമില്ലാതെ...

Saturday, February 13, 2010

മണ്‍വെട്ടി

എനിക്ക് ചിലത് പറയാനുണ്ട്,
ചോദിക്കാനും...

ഇരുംബെന്ന നിലയില്‍ കിടന്ന എന്നെ
മണ്‍വെട്ടിയിലേക്ക്
പരിവര്‍ത്തനം ചെയ്തവരോട്
ചിലത് പറയാനുണ്ട്,
ചോദിക്കാനും...

മണ്ണും ഞാനും തമ്മിലലിഞ്ഞു കിടന്ന
കാലത്തെ കുറിച്ച്,
പ്രണയാതുരമായ,
കാലമില്ലായ്മയെ കുറിച്ച്...
തത്വചിന്തകളോ മതങ്ങളോ
ഇല്ലാതിരുന്ന അവസ്ഥയെ കുറിച്ച്...

മണ്ണില്‍ നിന്നുമെന്നെ അടര്‍ത്തി
അതേ മണ്ണിനെ വെട്ടിക്കീറാനും
ഭൂമിയെ തകര്‍ക്കാനും
നിയോഗിയ്ക്കപ്പെട്ട
എന്റെ അടിമത്തത്തിന്റെ നാളുകള്‍ ...
എന്റെ പ്രണയത്തില്‍
കൊമ്പ് കോര്‍ത്തുയരുന്ന കെട്ടിടങ്ങള്‍ ...

ഇന്ന്,
ഞാന്‍ കാത്തിരിക്കുന്നു
നുണകളെ,
അഹങ്കാരത്തെ ,
നിന്റെ ദുരാഗ്രഹത്തേയും
കുഴിച്ചുമൂടാന്‍ പാകത്തിലൊരു
കൈ എന്നെ തേടിയെത്തുന്നതിനായി.

Tuesday, February 9, 2010

കള്ളിച്ചെടി

നിങ്ങള്‍ക്കിടയില്‍
ഞാനുണ്ട് ,
നിറമോ മണമോ ഇല്ലാതെ ,
പൂക്കളോ തണലോ
ഇല്ലാതെ .
വർണ്ണിയ്ക്കപ്പെടാതെ,
പാടിപ്പുകഴ്ത്തപ്പെടാതെ ...
തീക്കാറ്റിൽ 
വാടാതെ
മണല്‍ക്കാട്ടിലും
പച്ചപ്പുപടര്‍ത്തി,

കുഞ്ഞു തുമ്പിയെപ്പോലും
പ്രലോഭിപ്പിയ്ക്കാതെ...
കൂര്‍ത്തു മൂര്‍ത്തങ്ങിനെ
വളഞ്ഞും പുളഞ്ഞും.

തൊട്ടുനോക്കാന്‍ വന്നവര്‍ കൈകുടഞ്ഞു.
വിരല്‍ത്തുമ്പിലെ ചോര പിന്നിലൊളിപ്പിച്ച്‌,
"ഹാവൂ ആരും കണ്ടില്ലെ"ന്നാശ്വസിച്ചു.

Saturday, February 6, 2010

റോട്ട് വീലറിന്റെ പെഡിഗ്രി

എയര്‍കണ്ടീഷന്റെ തണുപ്പില്‍
പൂച്ചക്കുട്ടിയ്ക്കു ചൂടുപകരാന്‍
കമ്പിളിപ്പുതപ്പു തിരയുന്ന ഞാന്‍
അതിശൈത്യത്തില്‍,
അല്പവസ്ത്രത്തില്‍
തെരുവിലുറങ്ങുന്നവരെപ്പറ്റി
ചിന്തിയ്ക്കാറില്ല.

പുകമഞ്ഞു പാത മറച്ചപ്പോള്‍
മുടങ്ങിയ വിമാനത്തെ ക്കുറിച്ച്
ഞാന്‍ ആകുലയാണ്.
പുതിയ *റോട്ട് വീലറിന്റെ *പെഡിഗ്രി
അതിലാണ് വരുന്നത്.
ഡോഗ് ഷോ നാളെയല്ലേ !

ആയിരങ്ങള്‍ ഷെല്ട്ടറില്ലാതെ
തണുപ്പേറ്റു മരിച്ചാലെനിയ്ക്കെന്ത് !
കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്‍പ്
നഗരം വൃത്തിയാകുമല്ലോ .


*റോട്ട് വീലര്‍:വില പിടിപ്പുള്ള ,മുന്തിയ ഇനം വളര്‍ത്തു പട്ടി.
*പെഡിഗ്രി :കെന്നല്‍ ക്ലബ്ബുകള്‍ നായകളുടെ വംശശുദ്ധിക്ക്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ .

Thursday, January 28, 2010

ജലത്തിന്നാത്മാഗതം

രാക്കാറ്റില്‍ ഭീതി വിതച്ചു
ഒച്ചകള്‍ ....

സംസാരമോ ഇലയനക്കമോ ?
കാതുകള്‍ വട്ടംപിടിച്ചെത്തിനോക്കി
ഇരുട്ടിന്‍ പടര്‍പ്പിലൂടെ ...

മനുഷ്യനല്ല,
പക്ഷിയോ മൃഗമോ അല്ല.

ജലത്തിന്നാത്മാഗതം :
'ജീവന്നാധാരം ഞാന്‍ ,
സംസ്ക്കാരത്തിന്റെയും...
എന്നില്‍ പൊട്ടിമുളച്ചു
പന്തലിച്ചതേ സത്യം .
എന്റെ തീരങ്ങളില്‍
തഴച്ചു വളര്‍ന്നു സംസ്കാരങ്ങള്‍ .

അഴുക്കുകളേറ്റുവാങ്ങി ...

മഴയായി,മഞ്ഞായി,
വെളിച്ചമായ് , അമ്മയായ്
പ്രാണവായുവേകി ...

എന്നിലെ എല്ലാമേകാനൊരുങ്ങുമ്പോഴും
പിടിച്ചുവാങ്ങി നീ...
ഞാനോ
മെലിഞ്ഞും,തളര്‍ന്നും ...

മടങ്ങിയെത്തും ഞാനൊരിക്കല്‍
നീ കെട്ടിയുയര്‍ത്തിയ ഗോപുരങ്ങളിലേയ്ക്ക്
ആര്‍ത്തലക്കും തിരകളായി,
കൊടുംകാറ്റായി
സര്‍വ്വസംഹാരയായി...'

Friday, January 22, 2010

ഞാനാവര്‍ത്തിയ്ക്കുന്നത്‌ ...

എതിരിട്ടൊടുവില്‍,
മതിഭ്രമത്താല്‍തല കുനിച്ചു
ചുണ്ടു വരണ്ട്
ഈ കോലായില്‍...
അര്‍ഥം കെട്ട ഉച്ചകളില്‍
അടിച്ചു കയറിയ കരിയിലയനക്കം;
ഒച്ചവച്ചലമ്പി
കാലികള്‍,
കാറ്റ്,
പിന്നെ ബാലിക്കാക്കകളും ...

ഈ കോലായില്‍ കിടന്ന്
എനിക്ക് ചൊല്ലാനുള്ളത്
നിന്റെ യാത്രയയപ്പിനെ കുറിച്ച്
എന്റെ മടക്കത്തേയും.
എങ്ങനെയെന്നോ,
തിരശീലയ്ക്കു പിന്നിലേക്ക്
വെളിച്ചത്തില്‍ നിന്നുമകന്ന്...

എന്റെ തൂലിക,
എഴുതിയതൊക്കെയും
നിനക്ക് നല്‍കി
ഞാനെന്റെ മൌനത്തില്‍ ആണ്ട് ചെല്ലട്ടെ...

നീ പദങ്ങള്‍ ജ്വലിപ്പിക്കുന്നത് കണ്ട്
എന്റെ ഏകാന്തതയില്‍
പണ്ടത്തെ പാതകളില്‍
ഓര്‍മകളെ ചായമാക്കി
ഇന്ദ്രിയങ്ങള്‍ ബ്രഷാക്കി
ചിത്രം പണിയട്ടെ.
ഇല്ലാത്ത കാന്‍വാസില്‍
ഒഴുകി കിടക്കുന്ന ജീവിതത്തില്‍
ശിഷ്ടം ശ്വാസമയക്കട്ടെ...


നീ പോകുമ്പോള്‍
കൊലായയിലേയ്ക്ക് അടിച്ചു കയറുന്ന ഓരിയിടലില്‍
മരണത്തിന്‍ കരിമ്പടം പുതച്ചങ്ങനെ...

Friday, January 15, 2010

നവീകരണത്തിന്റെ രാസക്രിയ

ഇരുട്ടിന്റെ മറപറ്റി
ശത്രുക്കളില്‍ നിന്നും
ഇഴഞ്ഞു നീങ്ങാനും
വേലിപ്പടർപ്പില്‍
ഒളിഞ്ഞുകിടന്ന്
വിഷം ചീറ്റാനും
ഞാനൊരു ഉരഗമല്ലല്ലോ.
സ്വയം
പടം പൊഴിച്ച്
നവീകരിക്കാനുമാവില്ല.

ഇലപൊഴിയ്ക്കാനു-
മെനിക്കാവതില്ലല്ലോ...

മലിനജലം മാറ്റി
പുതിയ ഉറവകള്‍ തേടാനും
വഴിയില്ല.

എന്നിലെ നവീകരണം
എന്റെ തലച്ചോറിന്റെ
മൂന്നാം അടരിന്റെ
തളിർക്കലാൽ  മാത്രം.
ഊറിവരുന്ന ചിന്തകളെ,
വാക്കുകളെ
ഞാന്‍ സ്ഫുടം ചെയ്തെടുക്കട്ടെ....

Thursday, January 14, 2010

സ്വപ്നം

വെളുപ്പാന്‍കാല സ്വപ്‌നങ്ങള്‍
ഫലിയ്ക്കുമെന്ന്..
ഇന്ന് സ്വപ്നത്തില്‍
കട്ടുറുമ്പുകള്‍ നിരന്നു,
ജാഥയായി..
കയ്യില്‍ പ്ലകാര്‍ഡുകളോ
കരിങ്കൊടിയോ !
അടുത്തുവന്നപ്പോഴാണ്
തെളിഞ്ഞത്,
കട്ടുറുമ്പുകളല്ല!
കയ്യില്‍ പ്രതിഷേധ
മുദ്രാവാക്യങ്ങളേന്തിയ
കറുത്ത അക്ഷരങ്ങളായിരുന്നു!
എന്തിനാണ് ഞങ്ങളെ അനാഥരാക്കി
ഒരു മടങ്ങിപോക്കെന്നു
അവരെന്നോട് ചോദിച്ചു.
ചിലര്‍ വിങ്ങിക്കരഞ്ഞു ,
മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു.
വേറൊരുകൂട്ടം ചീത്ത വിളിക്കുകയും...
ഒടുവില്‍ തീരുമാനമായി,
ഇനി മടക്കമില്ല,
ജീവിതം അക്ഷരങ്ങള്‍ക്ക് നല്‍കി
ഈ വീഥിയില്‍ ഓടി തീര്‍ക്കാന്‍...
അതുകൊണ്ട്,
യാത്രാമൊഴി പിന്‍വലിക്കുന്നു...

Monday, January 11, 2010

യാത്രാമൊഴി

എന്നില്‍ വരണ്ട അക്ഷരങ്ങളോട്,
ചതിച്ച ഹൃദയത്തോട്,
ഞാനെന്ന ഒന്നുമല്ലായ്മയോട്
കയര്‍ക്കാന്‍ പോലുമാകാതെ
തളര്‍ന്ന നിമിഷങ്ങളില്‍...
എന്നില്‍ വിരിഞ്ഞ മരണത്തിന്‍
മഞ്ഞപ്പൂക്കളോട്
ഇനിയൊന്നും മിണ്ടാനില്ലാതെ
ആഴത്തിലേക്ക്,
ഇരുട്ടിന്‍ കരങ്ങളിലേക്ക്
തുടരെ ആണ്ടാണ്ട് പോകുന്നു...
നിലയില്ലാ കയത്തില്‍
എന്റെ ശ്രുതിയടങ്ങുമ്പോള്‍
ഈ വഴിയില്‍ കരയാന്‍ ആരുമുണ്ടാകരുതെ...
ഞാന്‍ ദയ അര്‍ഹിക്കാത്തവള്‍ ,
ഒരു പൂവിനു പോലും യോഗ്യയല്ലാത്തവള്‍...
എന്റെ ശൂന്യത വായിക്കപ്പെടരുത്,
എന്റെ അഭാവത്തെ പറ്റി സംസാരിക്കരുത്....
ഞാനിത് വഴി വന്നിട്ടില്ല,
എന്നെ നിങ്ങള്‍ അറിയില്ല...