പ്രാണവായുവിനായിക്കിടാങ്ങൾ തൻ ദീനരോദനമെങ്ങു മുയർന്നതും
ആർത്തലക്കുന്ന മാതൃവിലാപത്താൽ
ആതുരാലയം വിങ്ങിവിറച്ചതും
നിന്നെയേശില്ല,സവ്വർണ്ണരല്ലവർ
ഒന്നുമില്ലാത്തോർ ദാരിദ്ര്യമല്ലാതെ.
കരളുകൊത്തിപ്പറിക്കുന്ന നോവിനാൽ
പിളരുമേതൊരുശിലയുമാക്കാഴ്ചയാൽ ആരു നീ, നവ കംസാവതാരമോ,
കാവിവേഷമണിഞ്ഞ കാട്ടാളനോ !
പോയവർഷവും ജന്മാഷ്ടമിനാളിൽ കൃഷ്ണവേഷമണിഞ്ഞവരുണ്ടാവാം
കൃഷ്ണനാവാനവർക്കെളുപ്പം വേറെ
ചായമൊന്നുമണിയേണ്ട മേനിയിൽ !
ഭക്തികൊണ്ടല്ലൊടുവിൽ ഭുജിക്കുവാൻ കിട്ടുമൽപ്പമവിലും പ്രസാദമായ്
ഇത്തിരിതേൻ കലർന്നമധുരവു-
മത്രയായി,യരവയറാവുമേ..
ചിതയണഞ്ഞീല,മിഴിനീരു ണങ്ങീല
അതിനുമുമ്പേതുടങ്ങിയാഘോഷങ്ങൾ
പൈക്കിടാങ്ങളല്ലല്ലോ മരിച്ചത്
പിന്നെയെന്തിനു മേളം മുടക്കണം!
ചിതയണഞ്ഞീല,മിഴിനീരു ണങ്ങീല
അതിനുമുമ്പേതുടങ്ങിയാഘോഷങ്ങൾ !
ആരു നീ, നവ കംസാവതാരമോ,
കാവിവേഷമണിഞ്ഞ കാട്ടാളനോ !
--------------------