Wednesday, August 5, 2020

മോഹം

എനിക്കെന്തുമോഹം, ജലംപേറി ദൂരെ പറന്നെത്തി മഴയായ് പെയ്തൊന്നൊഴിയാൻ, 
ഇനിയും മുളക്കാത്ത വിത്തിന്റെയുള്ളിലെ  കരിയാത്തമോഹമായ് മെല്ലെ ത്തളിർക്കാൻ !

എനിക്കെന്തു മോഹം, 
കുളിർത്തെന്നലായൊന്നു മുങ്ങിക്കുളിച്ചീറനോടങ്ങലയാൻ, 
അമ്മിഞ്ഞയുണ്ടു മയങ്ങുന്ന കുഞ്ഞിളം കവിളിൽ കളിയായി മെല്ലെത്തഴുകാൻ ! 

എനിക്കെന്തുമോഹം, ഇലത്തുമ്പിലൊന്നിൽ ഞാന്നിറ്റി, മഞ്ഞിൻകണമായി മിന്നാൻ, 
മേഘമൊഴിഞ്ഞു തെളിഞ്ഞൊരാകാശത്തിൻ തുണ്ടമെന്നിൽപേറി മേനിനടിക്കാൻ ! 

എനിക്കെന്തുമോഹമീ, പ്പകലിന്നുമിരവിന്നുമിടയിലെയന്തിച്ചുവപ്പായിമാറാൻ, 
പിരിയാൻമടിക്കുന്ന കമിതാക്കൾകൈമാറും 
ചുടുചുംബനത്തിന്റെ മാധുര്യമാവാൻ ! 

എനിക്കെന്തുമോഹമീ , രാക്കാറ്റിലേറി പ്പടരുന്നമുല്ലപ്പൂമണമായി മാറാൻ, 
ആറടി മണ്ണിലുറങ്ങുന്നൊരായിരം 
പേരറിയാത്തോർക്ക് സൗരഭ്യമേകാൻ

എനിക്കെന്തുമോഹം, ഇലച്ചാർത്തുമെല്ലെപ്പകുത്തരിച്ചെത്തും നിലാത്തുണ്ടമാവാൻ, 
വീഥിയോരങ്ങളിൽ  തനിയേയുറങ്ങുന്ന അഗതിയാം പഥികന്റെ ചെറുവെട്ടമാവാൻ !

No comments:

Post a Comment