Saturday, May 23, 2009

വര്‍ത്തമാനത്തിലെ തിമിരക്കാഴ്ച... (കവിത)

ആഗോളീകരണപ്പാതയില്‍
അണുപ്രസരണ കേന്ദ്രത്തിനു മുന്നില്‍
കരണ്ടു കമ്പിയില്‍ ഒട്ടിയ ബലിക്കാക്കക്ക്
എന്തെങ്കിലും പറയാനുണ്ടാകുമോ?
ഒരക്ഷരം മിണ്ടരുതെന്ന്
മാധ്യമ സിണ്ടിക്കേറ്റ്...
കാക്കയുടെ വയറ്റില്‍ ഇനിയും
ദഹിക്കാത്ത ബലിച്ചോറ് ,
മാമ്പഴത്തിലൂടെ കയറിയ എന്ടോസള്‍ഫാന്‍ ,
അരിയില്‍ ചേര്‍ത്ത റെഡ് ഓക്സൈഡ്
കാക്കയുടെ ഉടലിനെ
ഒരാള്‍ എങ്ങിനെയാണ് വായിക്കുക ?
കാക്കയുടെ ചൂര് ,
മരണത്തിന്റെ ,
ആത്മഹത്യയുടെ ...
അതൊരു കൊലയെന്ന്
എഴുതി ചേര്‍ക്കാന്‍ മറക്കുന്നത് ,
വിരലുകള്‍
അതിനു മാപ്പ് സാക്ഷിയാകാന്‍
മടിക്കുന്നിടത്താണ് ...

2 comments:

  1. "വര്‍ത്തമാനത്തിലെ തിമിരക്കാഴ്ച"
    തല ക്കെട്ടില്‍ തന്നെ എല്ലാം ഉണ്ട്. ഇക്കാലത്തെ കാഴ്ച, നാം കാണാതെ പോകുന്നത്." കരണ്ട് കമ്പിയില്‍ ഒട്ടിയ കാക്ക.." പുതിയ കാല രചനയുടെ വഴിയിലൂടെ... നമുക്ക് തിമിരമാണ്. നമ്മുടെ അകക്കണ്ണ് എന്നേ അടഞ്ഞു പോയിരിക്കുന്നു. നേരിന്റെ പാതയിലേക്ക് ആര് കൈ ചൂണ്ടിയാലും നാം കാണാതെ പോകുന്നത് അതുകൊണ്ടാണ്. കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത് ആഗോളീകരണ കാലത്ത് നമുക്കൊരു വാര്‍ത്ത ആകാത്തത്. അതൊരു കൊലപാതകമായി ഒരു മാധ്യമവും വിളിച്ചു പറയാത്തത്... ഇവിടെയാണ്‌ കലാ സാഹിത്യകാരുടെ പ്രസക്തി. ലോകം കാണാതെ പോകുന്നത് നാം കാട്ടി കൊടുക്കുക. അത് ഒരെഴുത്തുകാരന്‍/ എഴുത്തുകാരി എന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്. ഒരാള്‍ എഴുത്തുകാരന്‍ / എഴുത്തുകാരി എന്ന് രേഖപ്പെടുതുന്നിടത്ത് ഒരു ബാധ്യത്തെ ഏറ്റെടുക്കുകയാണ്. രാജാവ് നഗ്നന്‍ എന്ന് വിളിച്ചു പറയാനുള്ള ആര്‍ജവം നേടുകതന്നെ...
    ആശംസകളോടെ...

    ReplyDelete
  2. "ഒരക്ഷരം മിണ്ടരുതെന്ന്
    മാധ്യമ സിണ്ടിക്കേറ്റ്..."

    യാഥാര്‍ത്ഥ്യങ്ങളുടെ പ്രതികരണലോകത്ത് നിഴലുകളോടെന്തിന്‍ സമരസപ്പെടണം? മാധ്യമ സിന്‍ഡിക്കേറ്റിനെ വിടുക, ശക്തമായ ചിന്താധാര തുറന്നുവിട്ടതിന്‍, പ്രതിഷേധത്തിന്, ഓര്‍മ്മപ്പെടുത്തലിന്, അതെ സമരത്തിന്‍ കൂടെ...

    ReplyDelete