Friday, June 19, 2009

നിറങ്ങളുടെ വിഷ നിര്‍മ്മിതി...(കവിത)

പച്ച, കാവി, ചുവപ്പ്, വെളുപ്പും,
നീളുന്ന പട്ടിക...
ഒന്ന് മറ്റൊന്നില്‍ ലയിച്ച്
പിറക്കുന്ന നിറത്തെ
എങ്ങനെയും രേഖപ്പെടുത്തട്ടെ...
മുഖങ്ങളില്‍ കാഴ്ച ബീഭത്സമാകുന്നത്
ഏതിന്ദ്രിയ നിര്‍മിതി?
തെരുവില്‍ നീട്ടുന്ന പാത്രത്തിനു നിറമില്ലാതിരിക്കാം,
റിസര്‍വ്ബാങ്ക് അടിച്ച നോട്ടിനും...
നിറങ്ങള്‍ പിറക്കുന്നത്‌
പോക്കറ്റിലെ രേഖാചിത്രങ്ങളില്‍...
നെഞ്ചിടിപ്പേറ്റുവാങ്ങി
വിര‍ലില്‍ത്തൂങ്ങി വെളിച്ചം കാണുമ്പോള്‍
ദാരിദ്ര്യത്തിലേക്ക് നീട്ടുന്ന
ദാനമാവില്ല രേഖപ്പെടുത്തുക...
പോക്കറ്റില്‍ നിന്നും
ചട്ടിയിലെക്കുള്ള ദൂരത്തില്‍
വര്‍ഗീയതയുടെ വിഷച്ചാല്‍...
അതുകൊണ്ടാകാം
ചട്ടിയിലെ പണം ആമാശയത്തില്‍
ദഹിക്കാതെ കലമ്പുന്നത്.
കിനാവിന്റെ ഭീകരക്കാഴ്ച്ചയില്‍
നഷ്ട്ടപ്പെടുന്നതും....

No comments:

Post a Comment