Saturday, April 18, 2020

ജാമി 2

കറുത്ത രാത്രിയിൽ ചന്ദ്രൻ മറഞ്ഞിരിക്കുന്നതുപോലെ  എന്നിൽനിന്നു നിന്റെ മുഖം മറയ്ക്കുമ്പോൾ 
ഞാൻ കണ്ണീർത്തുള്ളികളാകുന്ന  താരങ്ങൾ  പൊഴിക്കുന്നു. 
എന്നിട്ടും, തിളങ്ങുന്ന ഈ  താരങ്ങളുണ്ടെന്നാലും എന്റെ രാത്രി ഇരുണ്ടുതന്നെയിരിക്കുന്നു.

 - ജാമി

Friday, April 10, 2020

ജാമിയുടെ കവിത

അടയാളമില്ലാത്തവൻ അധിവസിക്കുന്ന ഏകാന്തതയിൽ, 
പ്രപഞ്ചം മുഴുവൻ നിസ്വാർഥതയുടെ മൂടുപടത്തിൽ മറഞ്ഞിരിക്കുന്നവേളയിൽ
നീയും ഞാനുമെന്ന വേർതിരിവുകളിൽ നിന്ന്, 
എല്ലാ  ദ്വന്ദങ്ങളിൽനിന്നുമൊഴിഞ്ഞ്,  
ആ ഒന്നെന്ന പരമാധികാരിയിൽ മാത്രമായി  മഹാസൗന്ദര്യം അപ്രകടമായി നിലനിൽക്കുന്നു. 
സ്വന്തം പ്രകാശത്താൽ എല്ലാ ആത്മാക്കളേയും  വശ്യമാക്കുന്നതിൽ നിറഞ്ഞ്,  കാണാത്തതിനാൽ മറക്കപ്പെട്ട്, വല്ലായ്മയുടെ കറപുരളാത്ത 
വിശുദ്ധിയുടെ സത്തയായി  വിരാജിക്കുന്നു.
അതിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കാൻ ഒരു കണ്ണാടിക്കും ആവതില്ല, 
കൂന്തലൊതുക്കുവാൻ ഒരു മുടിപ്പിന്നുനുമാവില്ല. 
പുലർകാലത്തെന്നലിനാവില്ലതിന്റെ കാർകൂന്തലിളക്കുവാൻ,  ഒരു സുറുമക്കുമതിന്റെ കണ്ണിണകൾക്ക് തിളക്കമേറ്റാനോ
പീച്ചു പഴങ്ങൾക്ക് 
ഹയസിന്തുപുഷ്പങ്ങൾ പോലെയുള്ള മുടിച്ചുരുളുകളാൽ നിഴൽ വീണ കവിളിണകൾക്കു തുടുപ്പേറ്റാനോ ആവില്ല.
കാക്കപ്പുള്ളികൾക്കൊന്നുമതിന്റെ മുഖകാന്തിക്കഴകേറ്റാനാ വില്ല. 
ഏതൊരു കണ്ണുകൾക്കുമതിന്റെ രൂപം ദർശിക്കാനുമാവില്ല. 
അതിനായി മാത്രമത് പ്രണയഗാനമാലപിക്കുന്നു,  വാക്കുകൾക്കതീതമായ അളവിൽ. 
സ്വയം മരണത്തിന്റെ ചൂണ്ടലെറിയുന്നു.

കരുതിയിരിക്കുക ! 'അവനാണ് സൗന്ദര്യത്തികവെന്നും നമ്മളവന്റെ പ്രണയികൾ' എന്നും പറയാൻ വരട്ടെ.
നീ അങ്ങനെത്തന്നെയാണ്, എന്നാൽ ആ കണ്ണാടിയും അതിൽ പ്രതിബിംബിക്കുന്ന അവന്റെ മുഖവും...

Tuesday, March 17, 2020

കോവിഡ് -19


പരക്കെ നാടിനെ കുരുക്കിലാക്കിയീ പെരുത്ത മാരിയിന്നരങ്ങു വാഴവേ  
കടുത്ത വ്യക്തിത്വ ശുചിത്വ മാർഗ്ഗത്താ -
ലറുത്തുമാറ്റിടാം മഹാ വിപത്തിനെ. 

പുറത്തിറങ്ങിയാലതീവ  ജാഗരായ്, 
പതുക്കെ മൂടണം മുഖം ചുമയ്ക്കുകിൽ. 
നമിക്കണം കൈകൾപരസ്പരം കൂപ്പി,
വരിഞ്ഞുപുൽകേണ്ട സുഹൃത്തിനെപ്പോലും. 

ഇടക്കിടെ കയ്യ് കഴുകണം സോപ്പാൽ, കുറക്കണം ചുറ്റിനടത്തമല്പനാൾ 
അവശ്യമില്ലെങ്കിലലച്ചിൽമാറ്റിയി-ട്ടകത്തിരിക്ക നാം അതേറ്റമുത്തമം !

Saturday, November 23, 2019

കള

കള 

ഒന്നിനും കൊള്ളാത്തവളായതിനാലല്ല 
നിന്നെ പറിച്ചുമാറ്റുന്നത് 
എനിക്കു നിന്നെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്
ക്ഷമിക്കുക

ആരെങ്കിലുമൊരുനാള്‍
നിന്നെ നീയായ് 
തിരിച്ചറിഞ്ഞേക്കാം, 
അന്ന് 
കള വിളയും വിള കളയുമായ് മാറിയേക്കാം

Tuesday, December 25, 2018

പെൺകരുത്തിൻ അടയാള മതിൽ

ഇന്നീക്കയ്കളിൽ ബന്ധനമില്ല
ഇന്നീക്കാലുകൾ കെട്ടിയിട്ടില്ല
ഇന്നു ഞങ്ങൾ ഉയിർത്തെഴുന്നേറ്റോർ
ഒന്നിച്ചൊറ്റയായ് വന്മതിൽ തീർത്തോർ.

പണ്ടു നിങ്ങൾ മിഴി തുറിച്ചെന്നാൽ
മണ്ടിയോടിയ പേടമാനല്ല.
വേണ്ട, വേണ്ടാ ഭയപ്പെടുത്തേണ്ട
ധൈര്യമുള്ളോർ,വനിതകൾ ഞങ്ങൾ.

ദേവിയാക്കേണ്ട,ശ്രീകോവിൽ വേണ്ട
പാദപൂജയും നേദ്യവും വേണ്ട
തലയിലേറ്റേണ്ട,കാൽക്കലുമല്ല
തുല്യതക്കായ് പൊരുതുവോർ ഞങ്ങൾ.

ഇല്ല ജാതി,മതങ്ങളും വർണ്ണ-
വൈരവുമില്ല ഞങ്ങളൊന്നാണേ!
വിഭജനത്തിന്റെയല്ലിതു,മൂല്യങ്ങൾകാത്തു-
രക്ഷിക്കും പെൺകരുത്തിൻ മതിൽ.

ഇന്നുഞങ്ങളുയിർത്തെഴുന്നേറ്റോർ
ഒന്നിച്ചൊറ്റയായ് പെൺമതിൽ തീർത്തോർ കണ്ടുകൊള്ളൂ,ഇളക്കമേൽക്കില്ലാത്ത പെൺകരുത്തിന്നടയാളമീ മതിൽ!

Friday, November 23, 2018

ആക്രമണം

ഞങ്ങൾ നിന്റെ വാഹനം തടഞ്ഞു നിർത്തി കേടുപാട് വരുത്തിയല്ലേ ഉള്ളൂ !
ഞങ്ങൾ നിനക്കു ചുറ്റും
കൂടിനിന്ന് തെറിവിളിച്ചല്ലേ ഉള്ളൂ !
ഞങ്ങൾക്ക് അപ്രിയമായത്
പറഞ്ഞാൽ  ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയല്ലേ ഉള്ളൂ !
ഇതിനൊക്കെ ആക്രമണമെന്ന് പറഞ്ഞാൽ
ഞങ്ങൾ ശൂലം വയറ്റിൽ കേറ്റുമ്പോഴും
തോക്കിനാൽ ജീവനെടുക്കുമ്പോഴും കെട്ടിയിട്ടടിച്ചുകൊല്ലുമ്പോഴും
നിങ്ങൾ എന്തു പേരിട്ടു വിളിക്കും !

Friday, November 16, 2018

വിശ്വാസസംരക്ഷണം

ധർമ്മത്തെ നേരിടാൻ കല്ലും കവണയും
നേരിനെ പച്ചത്തെറിയാലകറ്റിടാം
വാക്കിനെ വാക്കാൽ തടുക്കാൻകഴിയാ-
ത്തോർക്കായുധം തീയും വടിയുമുലക്കയും !