Friday, June 19, 2009

വൈറസിന്റെ നാനാര്‍ഥങ്ങള്‍...(കവിത )

വിളക്കുമരത്തില്‍ ചാഞ്ഞുപെയ്യുന്ന മഴയ്ക്ക്
പകലില്‍ എന്തെല്ലാം പറയാനുണ്ടാകും...
തെരുവില്‍
കൊതുകു കടിയേറ്റു നരകിച്ച സ്ത്രീ,
കാലില്ലാത്ത വൃദ്ധന്‍,
ചാവാലിപ്പട്ടിയുടെ വൃണം..

കത്തുന്നപുരയിലേക്കേന്തി നോക്കി
വാഴക്ക്‌ നേരെ തിരിഞ്ഞ കൈ
മുഷിപ്പന്‍ പ്രയോഗം...
തലയില്‍ തീയുമായോടുന്ന
പെണ്ണിനെ പിന്തുടരുന്നത്
പുത്തന്‍ സംസ്കാര രചന...

അതിര്‍ത്തി വെടികള്‍,
സന്ധി ഭാഷണവും
വിരസമായ വാര്‍ത്ത...

പക്ഷിപ്പനി,
പുതു വൈറസ് ആവണമെന്നില്ല;
നാഗസാക്കിക്ക്,
വിയറ്റ്നാമിലെക്ക്,
മറ്റെവിടെക്കൊക്കെയോ
ഒരുക്കിയ വിത്തിന്റെ മറ്റൊരു മുഖം.

അങ്ങനെ...

അതിര്‍ത്തികള്‍ താണ്ടി
പുതിയ രചനയില്‍
പന്നിപ്പനി ഇടം പിടിക്കുന്നത്‌
മറ്റൊരു വാര്‍ത്തക്ക്
കാതോര്‍ത്തുകൊണ്ട്...

1 comment:

  1. എന്തെല്ലാം കേൽക്കണം എന്തെല്ലാം കാണണം അല്ലെ ചേച്ചി
    ശിവ ശിവ

    ReplyDelete