Thursday, March 10, 2016

നൗഷാദ് ,നിന്നെയോർത്ത്

കാലമുപേക്ഷിച്ച നാലു വര്‍ണ്ണങ്ങളും 
സ്പര്‍ഥ വളര്‍ത്തുന്ന വംശ, മതങ്ങളും 
നട്ടു നനച്ചു പടര്‍ത്താന്‍ ശ്രമിക്കുന്ന
 ദംഷ്ട്രയൊളിപ്പിച്ച മര്‍ത്യരൂപങ്ങള്‍ക്കു 
സഹജസ്നേഹത്താല്‍ സ്വന്തമുയിരു- മുടലും 
തൃണം കണക്കേ വെടിഞ്ഞ നീ 
വെറും മതത്തിന്‍ പ്രതീകമായ് . 

ഒട്ടുമില്ലത്ഭുതം, 
മതാന്ധ്യം ബാധിച്ചൊരീ കുരുടന്മാര്‍ക്കാവുമോ 
നിഷ്കാമ സ്നേഹത്തിന്റെ വെളിച്ചം ദര്‍ശിക്കുവാന്‍! 

മാപ്പ് , നിന്‍ നാമം പോലും കളങ്കപ്പെടുത്തുമീ 
നീചജന്മങ്ങള്‍ക്കൊപ്പം വാഴാന്‍ വിധിച്ചോര്‍ ഞങ്ങള്‍ 

കെട്ടകാലത്തിന്‍ കൂരിരുട്ടില്‍ തെളിയുന്ന 
നേര്‍ത്ത പ്രതീക്ഷതന്‍ ദീപമാണിന്നു

ജീവത്യാഗത്താല്‍ നീയിന്നമരന്‍ , 
നരജന്മം സമ്പൂര്‍ണ്ണമാക്കിയോന്‍ അമേയന്‍, മൃത്യുഞ്ജയന്‍ 

നീ ഇനി നീ വാഴ്ക നിത്യം, താരകക്കൂ ട്ടങ്ങള്‍ക്കു നടുവില്‍, ജ്വലിക്കുന്ന സൂര്യതേജസ്സായ് വിണ്ണില്‍.

2 comments:

  1. കാലം ഒന്നും ഉപേക്ഷിച്ചില്ല
    എല്ല വിഷവിത്തുകളും മണ്ണിൽ പുതഞ്ഞുകിടക്കുകയാണു
    തക്കസമയം വരുമ്പോൾ പൊട്ടിമുളച്ച്
    ആർത്തുവളരുവാൻ

    ReplyDelete
  2. മതാന്ധ്യം ബാധിച്ചൊരീ കുരുടന്മാര്‍ക്കാവുമോ
    നിഷ്കാമ സ്നേഹത്തിന്റെ വെളിച്ചം ദര്‍ശിക്കുവാന്‍!

    ഇഷ്ടാവുന്ന വരികള്‍ ചേച്ചീ..

    ReplyDelete