Monday, September 21, 2009

വൈദര്‍ഭികള്‍

മരണത്തിന്‍ കലപ്പകള്‍
ഉഴുതു മറിക്കുന്ന
പരുത്തിപ്പാടങ്ങള്‍...
ഇടറുന്ന മണികളില്‍,
നോക്ക് കുത്തികളില്‍
പിന്നെയാ നുകത്തിലും
അശാന്തിയുടെ തേരോട്ടം...

ക്ലീഷേ എന്ന് തോന്നിയേക്കാവുന്ന
ചിന്തകളില്‍ ഭരണകൂട ഭീകരത.
ആത്മഹത്യ ചെയ്തവനെയോര്‍ത്തു
മുതലക്കണ്ണീര്‍ വാര്‍ക്കുന്ന
താരക മുറികള്‍...
അഴുകിയ ജടത്തിലേക്ക്
ചിറകുവിരിച്ചാ ഇറക്കുമതി ഭൂതം...

കനല്‍ കെട്ടടങ്ങാത്ത ചിതക്കരികെ
കണ്ണീരുണങ്ങാത്ത വൈദര്‍ഭികള്‍ ...
ദമയന്തിയുടെ,
രുഗ്മിണിയുടെയും പിന്മുറക്കാര്‍..
ചുമലില്‍
പറക്കമുറ്റാത്ത പെൺ കുഞ്ഞുങ്ങള്‍
ഒടുങ്ങാത്ത ബാധ്യതയുമേറ്റി
കീടനാശിനിയില്‍ അഭയം കൊണ്ട
ഭര്‍ത്താവിനെ ശപിക്കാതെ
*രേഖ ചഹാരെമാര്‍...

സ്വതന്ത ഭാരത നേട്ടത്തിലൂറ്റംകൊണ്ട്
പുതു സാമ്പത്തിക നിർമ്മിതികള്‍..
ദന്തഗോപുരത്തിൽ മെത്തകള്‍ക്കും
മന്ത്രിമന്തിരങ്ങള്‍ക്കും
നാണക്കേടായി നാടന്‍ പരുത്തികള്‍...

നാളെ,
ഫോസിലുകള്‍ തേടിയിറങ്ങുന്ന
ഗവേഷണ വിദ്യാര്‍ഥി എന്താകും
വരഞ്ഞിടുക?
പരുത്തിക്കായി വീര ചരമം പ്രാപിച്ച
ചഹാരെയേയോ!

*ഇന്ത്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ആത്മഹത്യ ചെയ്ത പരുത്തി കര്‍ഷകന്‍ ദിലീപ് ചഹാരെ യുടെ ഭാര്യ യാണ് രേഖ ചഹാരെ

1 comment: