Monday, September 21, 2009

വെറും കന്നാലിക്കൂട്ടങ്ങള്‍...

എന്തിനാണ് നാമിങ്ങനെ
പോളിംഗ് ബൂത്തില്‍
ക്യൂ നില്‍ക്കുന്നത്,
ജയിച്ചു കയറുന്നവന്റെ
പരിഹാസ പാത്രമാകാനോ?
എന്റെയും നിന്റെയും വിയര്‍പ്പില്‍
നക്ഷത്ര ബംഗ്ലാവില്‍ അന്തിയുറങ്ങുന്നവന്
നാം കന്നാലിക്കൂട്ടങ്ങള്‍...

ഇതിനാണോ അര്‍ദ്ധനഗ്നന്‍
ഉപ്പു കുറുക്കിയത്?
ഇതിനാണോ
എന്റെയും നിന്റെയും പിതാമഹന്മാര്‍
ബൂട്സിനടിയില്‍ ചതഞ്ഞരഞ്ഞത്?

ഹേ,
ആധുനീക രാജാക്കന്മാരെ,
ഒരിക്കല്‍ നീ ഞങ്ങളെ
കീടങ്ങളായി രേഖപ്പെടുത്തി,
നീയോ വന്മരം ചമയുകയും...
ഇന്ന് നിന്റെ വിരല്‍
എന്തിലേക്കാണ് ചൂണ്ടുക?
എന്നെ നീ എവിടെക്കാണ്
ഇനിയും ചവിട്ടി താഴ്ത്തുക?

തിരഞ്ഞെടുപ്പ് വേളയില്‍
ഞങ്ങള്‍ പ്രബുദ്ധര്‍,
നീയോ കൈ കൂപ്പി
വിനീത വേഷം കെട്ടി
പോസ്ട്ടറുകളില്‍ താണു കേണു...
ഇനിയൊരു തിരഞ്ഞെടുപ്പ് വരുമ്പോഴും
ഈ വണ്ടിക്കാളകള്‍
നിനക്കായി വോട്ടു കുത്താന്‍
വിധിക്കപ്പെട്ട് ...

No comments:

Post a Comment