Thursday, March 25, 2010

ഗുല്‍മോഹറിന്‍ കീഴെ...

നീ ആമിയായും,
കമലയായും ,
മാധവിക്കുട്ടിയായും ,
ഒടുവില്‍
കമലാ സുരയ്യയായും
വാര്‍ത്തകളില്‍ നിറഞ്ഞു നിന്നപ്പോള്‍
ഒരിക്കലെങ്കിലും
നിന്നെ വന്നു കാണാന്‍
എന്റെ ഹൃദയം തുടിച്ചില്ല.

വലിയ വട്ടപ്പൊട്ടും,
കരിമഷി പടര്‍ന്ന കണ്ണുകളും
കടും നിറത്തിലുള്ള സാരിയുമായി
മാധവിക്കുട്ടിയെ
ഞാനൊരിക്കലും കണ്ടില്ല.
പര്‍ദ്ദയണിഞ്ഞ ,കുപ്പിവളയണിഞ്ഞ
സുറുമ എഴുതിയ സുരയ്യയേയും
ഞാന്‍ കണ്ടില്ല.

ഇന്ന് ,
രക്തസാക്ഷി മണ്ഡപത്തിനരികെ,
സന്ദര്‍ശകരുടെ തിരക്കില്ലാതെ,
മരുന്നുകുപ്പികളുടെ നിരയില്ലാതെ ,
പാറാവുകാരന്റെ വിലക്കുകളില്ലാതെ,
നീ ശാന്തമായുറങ്ങുന്ന
ഗുല്‍മോഹറിന്‍ കീഴില്‍
ആദ്യമായി ഞാന്‍ നിന്നെ തേടി വന്നു.
ഞാനും നീയുമെന്ന
കാലത്തിന്റെ ഒറ്റയടിപ്പാതയില്‍ നിന്നും
നീ മറഞ്ഞു പോയിട്ടും
അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞ
നിന്നെത്തേടി ....

ബോധക്ഷയത്തിന്റെ ഒരു നിമിഷത്തില്‍
എന്റെ നെറുകയില്‍ പതിഞ്ഞ
നിന്റെ കൈപ്പടത്തിന്റെ
ഭാരമില്ലായ്മയില്‍ ,
മൂര്‍ധാവില്‍ നീ തന്ന ചുംബനത്തിന്റെ
ഊഷ്മളതയില്‍
ലയിച്ച്,
നിന്നെ അറിഞ്ഞു ഞാന്‍
ഈ ഗുല്‍മോഹറിന്‍ കീഴെ
അല്പമിരിക്കട്ടെ...

നീര്‍മാതളത്തിനും
ഗുല്‍മോഹറിനു മിടയില്‍
നീ താണ്ടിയ ദൂരം
മനസ്സാല്‍ താണ്ടട്ടെ .

(കഴിഞ്ഞ മാര്ച് 14 ന്‌ പാളയം ജുമാ മസ്ജിദിലെ കമലാ സുരയ്യയുടെ ഖബറിടം സന്ദര്‍ശിച്ച ശേഷം എഴുതിയത് )

2 comments:

  1. എന്റെ പ്രീയ കഥാകാരിയെ ഇങ്ങനെ എഴുതി കണ്ടപ്പോള്‍ സന്തോഷം തോന്നി. കാണണമെന്ന് എനിക്കുമുണ്ടായിരുന്നു....എന്നെങ്കിലും കണ്ടാല്‍ ഒരു ഒപ്പ് വാങ്ങിക്കാനായി ഞാന്‍ അവരുടെ ഒരു ചിത്രവും വരച്ചിരുന്നു... ഇനിയതില്‍ ഒപ്പിടാന്‍ അവരില്ല.....സസ്നേഹം

    ReplyDelete