Friday, July 24, 2009

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ...

കമ്പ്യൂട്ടറിന്നക്ഷരങ്ങളില്‍ ,
മൌസിന്‍ നീക്കത്തില്‍ ,
മൊബൈല്‍ഫോണ്‍ സന്ദേശങ്ങളില്‍
കത്തുകള്‍ നഷ്ടമായത്
ഗൃഹാതുരതയോടെ...

പൂമുഖത്തു മുഴങ്ങിയ
സൈക്കിളിന്‍ ബെല്ലടി ;
നീലയിന്‍ല്ലന്‍ടില്‍ ചാഞ്ഞും പുളഞ്ഞും
നെഞ്ചിടിപ്പ് പകര്‍ന്നു
കലപില കൂട്ടിയ പദങ്ങള്‍...

സൈക്കിളിലെ കാക്കിധാരി
വേഷമഴിച്ചു, മോട്ടോര്‍ സൈക്കിളില്‍
പുതു ചമയത്തോടെ ...
ഫോണ്‍ ബില്ല് ,
വായ്പ്പാ രശീതുകള്‍ ,
ക്രെഡിറ്റ് കാര്‍ഡറിയിപ്പുകളും...

അക്ഷരവടിവിനെ ചൊല്ലി
വാചാലയായപ്പോള്‍
എന്തിനക്ഷരമെഴുതാന്‍
പഠിക്കണമെന്നു മകന്‍ !
വിരലുകളുടെ ചന്തംകെടുത്തി ,
കുപ്പായത്തില്‍ മഷി പുരട്ടുന്ന
പേനയുമിനി വേണ്ടാ ...

മോണിറ്ററിന്‍ തിളക്കത്തില്‍ ,
മൌസിന്‍ നീക്കത്തില്‍ ,
വിവിധ വര്‍ണ്ണം പേറി
ഞെളിയുന്ന ഫോണ്ടുകള്‍ ...
പിന്നെയെന്തിനീ കടലാസ്സും പേനയും !

മകന്‍ പടിയിറങ്ങുമ്പോള്‍
നെഞ്ചിലൊരു നെരിപ്പോട് .

നാളെ ,
കീബോര്‍ഡില്‍ വഴങ്ങാത്ത വാക്കുകള്‍
വെട്ടി മാറ്റപ്പെടാം ;
മറ്റൊന്നിനായ്‌ ...
പിന്നെയീയമ്മയേയും ...

No comments:

Post a Comment