ചിലന്തി കൂടുവച്ച ഘടികാരം,
നിശ്ചലമാചൂണ്ടു വിരലുകള്‍...
ഉന്നം വയ്ക്കുന്നത് എവിടെക്കാവാം?
പത്ത്, നാല് ,
എന്നീ അക്കങ്ങളില്‍ മൃതിയടയുമ്പോഴും
എന്തിലാവാം ഞെട്ടിയത്?
കലണ്ടര്‍ വര്‍ഷത്തില്‍
ഏതോ കോളത്തില്‍ ചരമമടഞ്ഞ
ഘടികാരവായന
എന്റെ ഉറക്കം കെടുത്തുന്നുണ്ട്...
മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടിലും
ചൂണ്ടു വിരല്‍ മരണം എറിഞ്ഞത്...
എന്റെ നിഴലിനെ ചെറുതും വലുതും
ശൂന്യവുമാക്കി അടയാളപ്പെടുത്തിയത്...
ചിലന്തിയിലേക്ക്
നാവു നീട്ടുന്ന ഗൌളിയും
ചിലക്കലും എന്താവാം ഓര്മപ്പെടുത്തുന്നത് ?
ചത്ത ഘടികാരത്തില്‍
ഗൌളിയിലൂടെ,
ചിലന്തിയിലൂടെ
ജീവന്റെ തുടിപ്പുണ്ടാകുമ്പോള്‍
സൂചികള്‍ പണിശാലയെ
ഉന്നം വയ്ക്കുന്നുണ്ട്...
പണിപ്പുരയില്‍ കുപ്പായമണിയുമ്പോള്‍
ഘടികാരത്തിന് ഗ്യാരന്റി കുറിച്ച നിര്‍മാതാവ്,
അണിയിച്ചൊരുക്കിയവര്‍,
കച്ചവടക്കാരന്‍
ഒക്കെയും മണ്ണ് പറ്റിയപ്പോള്‍
ചത്തിട്ടും ഘടികാരം ജീവിക്കുന്നുണ്ട്...
വിറങ്ങലിച്ചതെങ്കിലും
ചൂണ്ടുവിരല്‍ അര്‍ഥം കോറുന്നുണ്ട്...
ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയില്‍
ഘടികാരവായനയില്‍ മുഴുകുമ്പോള്‍
ചൂണ്ടുവിരല്‍ ഇന്നലെയിലും നാളെയിലും
വൃഥാ കണ്ണെറിഞ്ഞു കലഹിക്കുന്നുണ്ട്
Subscribe to:
Post Comments (Atom)
ചിലന്തി കൂടുവച്ച ഘടികാരം,
ReplyDeleteനിശ്ചലമാചൂണ്ടു വിരലുകള്‍...
ഉന്നം വയ്ക്കുന്നത് എവിടെക്കാവാം
നല്ല വരികൾ... ആശംസകൾ