Wednesday, July 1, 2009

അരാഷ്ട്രീയതയുടെ കളങ്ങളില്‍... (കവിത)

പത്തു വസുകാരന്റെയുള്ളില്‍
ഭീകരത വളരുന്നത്
അച്ചടിയിലൂടെയല്ല.
പദങ്ങള്‍ നിര്‍ജീവമാക്കപ്പെട്ടു
കാഴ്ചയിലേക്ക് വളര്‍ത്തി
സൈബര്‍പുറ്റിന്‍ തടവിലേക്കും...

സ്ക്രീനില്‍ തോക്കുകള്‍ ഗര്ജ്ജിക്കുന്നത്,
കാലാളും
വാഹനവ്യൂഹവും തകര്‍ന്നടിയുന്നത്,
അക്ഷരമന്ത്രം മരിച്ച ഹൃദയത്തില്‍
ഭീകരത കടവിറങ്ങുന്നത്
ഗെയിം എന്ന വൈറസ്സിലൂടെ...

കുട്ടിയും കോലും,
കിളിമാസും,
കബടിയും തകര്‍ന്നടിഞ്ഞത്
പാടം പോയ വഴിയേ...

ഉറക്കത്തിന്‍ ഏടുകളില്‍
തല പൊന്തിച്ചു കളിയിലേക്കു മടക്കുന്നത്
അതേ വൈറസ്സിന്റെ ചതി.

ശാസ്ത്ര നിഘണ്ടുവില്‍
ലോകത്തെ എളുപ്പം വീഴ്ത്താന്‍ പാകത്തില്‍
വൈറസ്സിന്റെ പടയൊരുക്കം.

എടുത്താല്‍ പൊങ്ങാത്ത ബാഗിന്‍ തടവില്‍
ഉടല്‍ തകര്‍ന്നു മടങ്ങുന്ന കുട്ടിയെ
ജീവിപ്പിക്കുന്നത്‌
കമ്പ്യൂടറിലെ അതേ വൈറസ്...

അങ്ങനെയാണവന്‍ അരാഷ്ട്രീയതയുടെ
ബാലപാഠമഭ്യസിച്ചു
ജീവശ്ചവമാകുന്നതും...

No comments:

Post a Comment