കട്ടന്‍ ചായക്കു മീതെ
എരിഞ്ഞ ബീഡിയും കഞ്ചാവും പഴങ്കഥ.
പിന്നെയാ കുമാരന്‍ ടാക്കീസും;
കസേരകള്‍ തോറും ഉരഞ്ഞു
ഇളകിയാടിയ ഉടലും.
എങ്കിലും മക്കാര്‍ത്തീ*,
നിന്റെ ജീനുകള്‍
തലമുറകളെ ആവേശിക്കുന്നത്
എന്നെ ഞെട്ടിക്കുന്നു .
ഇടതിനെ വലതു കാലാല്‍ തൊഴിച്ചു
നീ തോണ്ടിയ ചതിക്കുഴികള്‍,
തുരങ്കങ്ങള്‍...
എങ്ങനെ മറക്കാനാവും!
എന്റെ കണ്ണ് ചൂഴ്ന്നു
നിന്റെതെന്നു വാദിച്ചുറപ്പിച്ച ലിപികള്‍;
നിന്റെ ചമല്‍ക്കാരത്തിലൂടെ
സ്വാശ്രയമെന്നു വര്‍ണ്ണിച്ച്
എന്റെ കാതില്‍ ഈയമുരുക്കി
പുറകോട്ടു നടത്തുന്നു.
മക്കാര്‍ത്തീ,
നീ ചതിയനും ചതിക്കപ്പെട്ടവനായി ഞാനും
കാലം രേഖപ്പെടുത്താന്‍ ഭയക്കുന്നതും
അതേ ലിപി വാഴ്ച!
കാഴ്ച്ചയുടെ തുരങ്കത്തില്‍
പിന്നെയും നീ പേന കടത്തി ചിരിക്കുന്നു.
മഷിക്കുപ്പികള്‍,
പേനകള്‍,
കടലാസ്സും വിരലുകളും മാറുന്നു.
മക്കാര്‍ത്തിയുടെ ഭൂതം
മാറ്റമില്ലാതെ ആവര്‍ത്തിക്കുന്നു.
ഓരോ രാത്രിയിലേക്കും
ഉറക്കത്തിനായി ബദ്ധപ്പെട്ടു
തിരിഞ്ഞും മറിഞ്ഞും കിടന്നു
നിന്നെ വെറുത്തും ഉള്ളാലെ കൊന്നും...
( *കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നു വാദിച്ച അമേരിക്കന്‍ സെനറ്റര്‍ ആയിരുന്നു ജോസഫ് മക്കാര്‍ത്തി.)
Subscribe to:
Post Comments (Atom)
No comments:
Post a Comment