Saturday, August 8, 2009

ഞെരിഞ്ഞമരുന്ന നിലവിളി

ചിത്രമായി മാറിയ ലോകത്ത്
ഏകാന്ത വരയില്‍ ബിന്ദുവായി
ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നവനെ
എങ്ങനെയാണ് രേഖപ്പെടുത്തുക?
നിഷ്ക്രിയനെന്നോ മണ്ടനെന്നോ?
പുതിയ കാലം നിഷ്ക്രിയതക്ക്
മാര്‍ക്കിടുന്നുണ്ടെങ്കിലും,
അയാള്‍ നിര്‍ഗുണന്‍,
കൊള്ളരുതാത്തവന്‍.

രെശീത് കുറ്റികളെ വെറുത്തു,
ഖാദിയണിഞ്ഞു
ഗാന്ധിയനെന്നു പേര് കേള്‍പ്പിക്കാതെ
മരക്കാലന്‍ കുട പിടിച്ചു സ്കൂളിലെത്തി
കുട്ടികളെ പഠിപ്പിച്ചെന്ന,
സമരം ചെയ്തില്ലെന്ന
പേരുദോഷവും കേള്‍പ്പിച്ചിട്ടുണ്ട്.
കള്ളുഷാപ്പ് കുമാരനും പോലീസുകാരനും
ഒരേപോലെ വെറുത്തിട്ടുണ്ട്.

പറന്നുയരുന്ന ബാലികാക്കകള്‍
നിര്‍ജീവതയുടെ കാഴ്ച.
ചുവരെഴുത്തില്‍ പൂപ്പല്‍ കയറിയ മകള്‍
കടലാസിനു പോലും വിലയില്ലാതെ.
ആശുപത്രികിടക്കയില്‍
വിറകു കൊള്ളി കണക്കെ ...
അബോധത്തിലും ഞെട്ടിയ കണ്ണുകള്‍.
പാതിരാത്രികളിലൂടെ വേട്ടയാടിയത്...
വയല്‍ തീറെഴുതി
പന്നി മലത്തിനു കൊടുത്ത ലോകത്ത്
പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞും
ഉറക്കം കെടുത്തുന്നുണ്ട്.
അരപ്പാവാടയില്‍ നടന്നു നീങ്ങുന്ന
ഓരോ ഉടലും
മകളുടെ ദീനത ഓര്‍മപ്പെടുത്തുകയും...
പാഴ്വസ്തു കണക്കെ കട്ടിലില്‍
വി.ഐ.പി മോന്തകള്‍ക്ക് മുന്നില്‍
ഞെട്ടി വിറച്ചും...

ഹൃദയം വിണ്ടു കീറിയിരിക്കുന്നു.
കനപ്പെട്ടൊരു പട്ടത്തിന്‍ ചരടില്‍ തൂങ്ങി
കാലത്തിനു മറുപുറം പോകുമ്പോഴും
എങ്ങോ ഒരു നിലവിളി ഞെരിഞ്ഞമരുന്നു

No comments:

Post a Comment