Thursday, August 13, 2009

ഇന്നലെ, ഇന്ന്

എന്റെ വീട്
വൃത്തിയുടെ മറുവാക്ക്.

കണ്ണെരിക്കുന്ന,
പുക ഉയര്‍ത്തുന്ന അടുക്കളയില്ല.

കാല്‍ വെള്ളയില്‍
മണ്ണിന്റെ തരിമ്പു പോലും പതിയാതെ
ടൈലുകള്‍ പാകിയ മുറ്റം ...
മരങ്ങള്‍ വെട്ടി മാറ്റി
പാറാവുപുര കെട്ടി.

പായലിന്റെ അധിനിവേശം തടഞ്ഞ്‌
മേല്‍ക്കൂരയൊരുക്കി,
ഋതുഭേദങ്ങളെ തോല്‍പ്പിച്ചു.

രസീതുകുറ്റികളേയും
ടെലിഫോണ്‍ ബില്ലിനേയും ചെറുത്ത്
കാവല്‍ക്കാരന്റെ കത്തിവേഷം.

പരലോകത്തെ സ്വര്‍ഗം
ഇഹത്തില്‍ പണിത്‌
ഉടല്‍ ഞെളിഞ്ഞു.

കാലത്തെ വെല്ലുവിളിച്ച്
വിറ്റാമിന്‍ ഗുളികയിലൂടെ
ക്ലോസറ്റുകളെ പണ്ടേ പടിയിറക്കി.

വഴി തെറ്റിയെത്തിയേക്കാവുന്ന
കാലനെ എതിരിടാനൊത്ത
നായകളെ ഒരുക്കി.

എന്നിട്ടും,
പാതിരാവില്‍ തൊണ്ടക്കുഴിയിലൂടെ
ആ വിരലുകള്‍ ജീവനിലേക്ക്...
പിടഞ്ഞു പിടഞ്ഞു
കീഴടങ്ങുമ്പോഴും ഒരേ യാചന,
ഒരു പകലിലെക്കെങ്കിലും
ആയുസ്സ് നീട്ടികിട്ടാന്‍!

കല്ലറയില്‍ ,
ഇരുട്ടു പുതച്ച ഉടലില്‍
പുഴുക്കള്‍ ആര്‍ത്തുചിരിക്കുന്നത്
എന്റെ ഇന്നലെകളിലേക്കോ!

അഴുകിയ ഈ മൂരിയൊന്നു
നിവര്‍ത്താനായെന്കില്‍,
മേല്‍മൂടിയൊന്നു തുറക്കാനായെന്കില്‍ ...
ആ ദന്തഗോപുരത്തിലേക്കു
മടങ്ങാനായെങ്കില്‍....

2 comments:

  1. കാല്‍ വെള്ളയില്‍
    മണ്ണിന്റെ തരിമ്പു പോലും പതിയാതെ
    ടൈലുകള്‍ പാകിയ മുറ്റം ...
    മരങ്ങള്‍ വെട്ടി മാറ്റി
    പാറാവുപുര കെട്ടി.

    കാല്‍ വെള്ളയില്‍ മണ്ണ് പതിയാതെ, മറ്റുള്ള വീടുകളോട് മത്സരിച്ചു ജീവിതം ആഘോഷിക്കുന്ന മനുഷ്യന്‍. പണം കൊണ്ട് ഭൂമിയില്‍ സ്വര്‍ഗം പണിതു ഈശ്വരനെ പോലും വെല്ലുവിളിക്കുന്നു. ഇക്കാലത്തെ കുട്ടികള്‍ ഒരു തരം ബ്രോയിലര്‍ കുഞ്ഞുങ്ങളാണ്. മണ്ണ് തൊടാതെ, മഴയെല്‍ക്കാതെ അവര്‍ വളരുന്നു. പണം കൊണ്ട് എന്തും നേടാം എന്ന അവസ്ഥ. അതെ കാലന്‍ വന്നു കൊക്കില്‍ ജീവനായി പിടി മുറുക്കുമ്പോള്‍ അവസാന പിടച്ചിലില്‍ പിന്നെയും ആഗ്രഹം, ഒരു ദിവസത്തേക്ക്, ഒരു മണിക്കൂര്‍, അല്ലെങ്കില്‍ ഒരു നിമിഷമെന്കിലും ജീവിതം നീട്ടി കിട്ടാന്‍. നാം ഈ പണിതു കൂട്ടുന്ന സൌഭാഗ്യങ്ങള്‍ വിട്ടൊഴിയാന്‍ ഒരുക്കമല്ല. നമ്മുടെ അത്യാര്‍ത്തി അവസാനിക്കുന്നില്ല. ഒടുവില്‍ കല്ലറയില്‍ ഇരുട്ടിന്റെ തടവില്‍ , ചീഞ്ഞളിഞ്ഞു, ശരീരമാസകലം പുഴുവരിച്ചു കിടക്കുമ്പോഴും ഭൂമിയിലേക്ക്, ആ സൌഭാഗ്യങ്ങളിലേക്ക് മടങ്ങാനുള്ള ആഗ്രഹം.

    ReplyDelete
  2. 'കല്ലറയില്‍ ,
    ഇരുട്ടു പുതച്ച ഉടലില്‍
    പുഴുക്കള്‍ ആര്‍ത്തുചിരിക്കുന്നത്
    എന്റെ ഇന്നലെകളിലേക്കോ!'


    ഇപ്പോഴേ കാണുന്നു..

    ReplyDelete