സൂര്യന്‍ കരിയുന്ന മണം...
ചിതറിയ വറ്റിലും
കുടിക്കുന്ന വെള്ളത്തിലും
അതേ മണം വായിച്ചു തുടങ്ങിയതെന്നാണ്?
ബാല്യത്തില്‍,യൌവനത്തില്‍?
തുപ്പിയ കഫത്തില്‍
മണിയനീച്ചയുടെ മൂളലില്‍
രോഗത്തിന്റെ പൂക്കളെ കണ്ടു
ഉമ്മറപ്പടിയില്‍ ചാഞ്ഞിരിക്കുമ്പോള്‍
അതേ മണം അലട്ടിയിട്ടുണ്ട്.
അതിനും മുമ്പ്,
പത്താം ക്ലാസിനപ്പുറം
മകനെ ഉയര്‍ത്താന്‍ കെല്‍പ്പില്ലാതെ
ശൂന്യമായ പോക്കറ്റില്‍ വാക്ക് പൊട്ടിയ
കുറിപ്പിലും അതേ മണം.
ക്ഷൌരം ചെയ്യാത്ത മുഖം
മങ്ങിയ കണ്ണാടിക്കും അപശകുനമാകുമ്പോഴും
അതേ മണം...
തെരുവില്‍ ഉടഞ്ഞ കണ്ണടയും
ചരിത്ര പുസ്തകവും
അതേ മണം ചുരത്തിയ നാളേത്?
വേലി മറയുന്നതും
മതിലുയരുന്നതും കണ്ട നാളില്‍
കണ്‍ഠനാളത്തിന്‍ സ്വരമായി
അതേ മണം ചിലംബിച്ചത്...
ഓടിയകന്ന വെളിച്ചപ്പാടും
ഉടഞ്ഞ കാളവണ്ടിയും
എന്നില്‍ തിമിരം കുത്തിയത്
അതേ മണമുള്ള ചിത്രത്തിലൂടെ...
എന്നിലെയെന്നെ
കണ്ണാടിക്കൂട്ടില്‍ വച്ച്
കവിത രചിച്ചത്
അതേ മണത്തിന്‍ വെളിച്ചപ്പെടല്‍.
അല്ലലറിയാതെ നീങ്ങുന്ന സഞ്ചാരീ,
വെളുമയുടെ കുപ്പായക്കാരാ,
നീ ഉതിര്ത്തുമാ പടിഞ്ഞാറിന്‍ സിംഫണി
എന്നിലെ എന്നെയും കൊന്നൊടുക്കുന്നത്
അതേ മണത്തിന്‍ പടവാളില്‍...
എങ്കിലും,
നിന്റെ സന്ചാരത്തിന് തടയിടാന്‍
അവന്‍ വരും
ചിലപ്പോള്‍ കൊടുങ്കാറ്റായി,
പേമാരിയായി...
വെട്ടി മറിയുന്ന ഇടിവാള്‍ മുനയില്‍ നിന്നും
മണ്ണിളക്കുമാ അലകളില്‍ നിന്നും
രക്ഷപ്പെടാന്‍
നിനക്കേത് കവചം?
Subscribe to:
Post Comments (Atom)
No comments:
Post a Comment