Monday, August 10, 2009

കണ്ണാടി ബിംബങ്ങള്‍

ഏഴാം രാത്രിയില്‍ ,
ഉയിര്‍പ്പിന്റെ സന്ധിയില്‍
ഓരിയിട്ട നായ
ഏതു പദമാവും ചൊല്ലുക ?
ഇരുട്ടിന്റെ ആകാശത്തു കെട്ട പുകയില്‍
കണ്ണാടി ബിംബങ്ങള്‍
പറയാന്‍ മറന്നതും
ഓര്‍ക്കാന്‍ കരുതിയതും
വസൂരിക്കിനാക്കളോ !
ജട്ക്ക വലിച്ചു കഫം തുപ്പുന്ന
ഭാരതീയനെയോ?!
പുതു ലിപിയില്‍
പ്രത്യേകിച്ചൊന്നു മില്ലായിരിക്കാം ...
ഉപ്പു കുറുക്കിയ കടലില്‍
പുതുബിംബം മാറ്റൊലിയാകുന്നത്
നായയുടെ ഓരിയിലല്ല .
ശ്മശാനത്തിലെ കെടാത്ത ചിതയില്‍
ആലസ്യമാകുന്ന പുകക്ക്
മാറ്റകച്ചവടത്തിന്റെ കഥ ചൊല്ലാം ...
അസ്ഥിയുരുക്കി പണിത ശിലയില്‍
കണ്ണില്‍ നിന്നുമിറ്റു വീഴുന്ന ജലത്തില്‍
പുതു ശാസ്ത്ര നിര്‍മ്മിതിയോ
ദൈവവിളിയോ ?

ഏഴാം രാത്രിയില്‍ ,
ഉയിര്‍പ്പിന്റെ ഗതികേടില്‍
ആ ഉടല്‍ അന്ധകാരം തേടുന്നത്‌
മറ്റൊരു മുള്‍ക്കിരീടം
ഏറ്റുവാങ്ങാന്‍ ഭയന്ന് ...
ഇനിയുമൊരു ശിലയില്‍
പുത്തന്‍ ആണികളില്‍
പിടയേണ്ട ഞരമ്പുകളെയോര്‍ത്ത് ...
അതേ നടുക്കത്തിന്റെ വേരുകളില്‍
മോങ്ങാന്‍ നിന്ന നായക്കൊരു
പുഞ്ചിരിയേകി ഇരുട്ടിലേക്ക്
കൂപ്പുകുത്താം ...

No comments:

Post a Comment