Monday, August 10, 2009

വെസ്റ്റ്‌ ബാങ്കിന്‍റെ നിലവിളി...

അതിരുകള്‍ മാഞ്ഞുപോയെന്ന്,
ദിക്കുകളില്ലെന്ന്,
യഥേഷ്ടം ചരിക്കാമെന്ന്
സദാ പറയുമ്പോഴും
പുതിയ രേഖകള്‍ പിറക്കുന്നുണ്ട് .
ഭൂപടങ്ങള്‍ തിരഞ്ഞു പോയ കണ്ണുകളില്‍,
പരീക്ഷയില്‍ നിരത്തിയ അക്ഷരങ്ങളില്‍
ക്ലാവ് വീഴുന്നത് നുണസാഹിത്യത്തിലൂടെ.
എനിക്ക് നേരെ അപ്പക്കഷ്ണം നീട്ടുമ്പോഴും
ആ കണ്ണുകള്‍ എന്നെ പുറകോട്ടു തള്ളുന്നുണ്ട്.
അങ്ങനെ പുറകോട്ടടിവച്ചു
നീങ്ങുന്ന എനിക്ക് പിന്നില്‍
വാതിലുകള്‍ തുറക്കുന്നുണ്ട്‌.
മുന്നിലെ വാതിലും
പിന്നിലെ വാതിലും
അര്‍ഥങ്ങള്‍ വ്യത്യസ്തമാക്കുമ്പോള്‍
തുറന്നിടുക എന്ന ക്രിയയിലൂടെ
നീ മുഖം മിനുക്കുകയും.
ഞാന്‍ അവസാന ഇടനാഴിയിലേക്ക്‌
ഇടറുമ്പോള്‍ കാല്‍പാദം
ചിലത് പറയുന്നുണ്ട്,
അവസാന പടിയില്‍ നിന്നും
എവിടേക്ക് ചുവടു വയ്ക്കും?
അവസാന ആകാശവും കടന്നെന്നിരിക്കട്ടെ,
പിന്നെയും എവിടെക്കാണ്‌
ആ ഇരുമ്പു കൈകള്‍ തള്ളുക?
പണ്ടത്തെ ഭൂപടങ്ങളേ ,
പരീക്ഷയില്‍ വിറപ്പിച്ച അക്ഷരങ്ങളേ,
പറയൂ,
എവിടെയാണെന്റെ ‍ കടവ്?!

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. നാലാം ലോകത്തെ പട്ടിണികോലങ്ങള്‍ കടവ് തേടുന്ന കാലം വിദൂരമല്ല. വെസ്റ്റ് ബാങ്കിന്റെ നിലവിളിയില്‍ ഓരോ നാലാം ലോകത്തിന്റെയും നിലവിളിയാണ്. തെരുവില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന തെണ്ടികള്‍ ഇന്നിന്റെ ചിത്രം. ഓരോ തെണ്ടിയോടും പോകൂ, പോകൂ എന്ന് പറയുമ്പോള്‍ നാം അവര്‍ എവിടെക്കാണ്‌ പോകേണ്ടത് എന്ന് പറയുന്നില്ല. അവരുടെ അതിരുകള്‍ അവസാനിക്കുന്ന നേരം അവര്‍ തിരഞ്ഞു നിന്ന് നമ്മോടു ചോദിക്കും, പറയൂ ഞാന്‍ എവിടേക്ക് പോകണം എന്ന്... ഇവിടെയാണ്‌ ഈ കവിതയുടെ പ്രസക്തി. ഇന്ന് ഭൂപടത്തില്‍ നിന്നും പാലസ്ത്തീന്‍ നീക്കപെടുന്നു. നാളെ അത് ഏതു രാജ്യത്തിന് നേരെയാകും വിരല്‍ ചൂണ്ടുക? സാമ്രാജ്യത്വത്തിന്റെ ഓരോ വിരലും നമുക്ക് നേരെ ചൂണ്ടികൊണ്ടിരിക്കുന്നു. നമ്മിലേക്ക്‌ ഇറങ്ങി തിരിക്കുന്ന പല പേരിലുള്ള കരാറുകള്‍, നമ്മെ ഭൂലോകത്ത് നിന്നും വെട്ടി നീക്കാന്‍ പര്യാപ്തമാണ്. കരുതിയിരിക്കുക....

    ReplyDelete