Wednesday, August 12, 2009

വിലങ്ങുവീണ നാവ്‌

ഭയം പകര്‍ച്ചവ്യാധി ആകുന്നിടത്ത്
ഭരണകൂട ഭീകരത വെരോടുന്നുണ്ട്.
എന്റെ തന്നെ നിഴലില്‍ ചൂണ്ടി
ശത്രുവെന്ന് ബോധ്യപ്പെടുത്തുകയും...

കാഴ്ചയിടുക്കാന്‍
ചുവരുകള്‍ക്കുള്ളിലൊതുക്കി
തിയറികളില്‍ കുടുക്കി,
മൌനമായ താക്കീതോടെ ഭീകരത.

അമ്പലത്തില്‍ നിന്നും പള്ളിയിലേക്ക്
തിരിച്ചും പായുന്ന കല്ലുകളില്‍
അതേ ഭീകരത വായിക്കാതെ പോകുന്നത്
ചുവരുകളിലൊതുങ്ങിയ എന്റെ ഭീരുത്വം.

രാപകലുകള്‍ മങ്ങുകയും
ഉറക്കം നഷ്ടപ്പെടുകയും
മൌനം കനപ്പെട്ടു വളരുകയും
എന്റെ തന്നെ ചിതയൊരുക്കുകയുമ്...

ഓരോ നാളവും
നൃത്തമാടി മറ്റൊരു ഭയം കൊളുത്തുന്നു.

കണ്ണുകള്‍ കുഴിഞ്ഞു
കാതുകള്‍ അടഞ്ഞ്
ചാപിള്ളയിലേക്ക് ചുരുങ്ങി...

രാപകലുകളുടെ പാറാവുകാരാ,
നിന്റെ നോട്ടം എന്റെ നട്ടെല്ല് വളച്ച്
നിന്റെ ചൂണ്ടലില്‍ കോര്‍ത്തു
അട്ടഹസിക്കുന്നതെന്തിന്?

ഏയ്‌ ഭീകരത,
ഇനി നിനക്ക് ഭരിക്കാം
എന്റെ കിനാവുകള്‍ ചിതലെടുത്തു,
എന്റെ അക്ഷരങ്ങള്‍ മാഞ്ഞും...
എന്നോ വിലങ്ങുവീണ നാവ്‌,
ഭയത്താല്‍ ചത്ത ഹൃദയവും.
ജീവിക്കുന്നോ മരിച്ചോ എന്നറിയാതെ
നീ കൂട്ടുന്ന വെള്ളക്കരം,
വീട്ടു കരവും...

അല്ലയോ വെള്ളക്കുപ്പായക്കാരാ,
ഒറ്റുകാരാ,
നീ വായുവിന്
കരം നിശ്ചയിക്കുന്നതെന്നാണ്?

നീ വിളമ്പുന്ന ഉച്ചിഷ്ട്ടങ്ങളില്‍
എന്റെ അതിര് എന്റെ തന്നെ ഇരുട്ട് ...

No comments:

Post a Comment