Thursday, August 6, 2009

നിള

എം ടി യാണെനിക്കു നിളയെ
ചൂണ്ടിത്തന്നത് .
അക്ഷരങ്ങളിലൂടെ അറിഞ്ഞ
അമ്മിണിക്കുട്ടിയും അപ്പൂട്ടനും
എന്നോടൊപ്പം വളര്‍ന്നത്‌ ...
കാറ്റില്‍ ചൊരിഞ്ഞു കിട്ടിയ
ചക്കരമാങ്ങകളിലൊന്നില്‍
പ്രണയത്തിന്റെ തരിപ്പുമായി നിള.
കടലാസില്‍ കുറിച്ച പ്രണയത്തിനു
നിളയെന്നു നാമകരണം ...
ആല്‍ത്തറയില്‍
ഞങ്ങളാടിയ അപ്പൂട്ടനും അമ്മൂട്ടിയും ...
ദിനോസ്സരുകളേപ്പോലെ
കടന്നുവന്ന ജെ സി ബി യാണ്
ആദ്യമായി പ്രണയത്തെ ഇളക്കിയത് .
നിരപ്പായ ഭൂമിയില്‍ കെട്ടിടമുയര്‍ത്താന്‍
മണലിനു പോയ അപ്പൂട്ടന്‍ ...
അടുക്കളയോളം വളര്‍ന്ന
അയല്‍പക്കത്തെ ഫ്ലാറ്റുകള്‍ ...
പനിനീര്‍ക്കുപ്പിയില്‍ കരുതിയ നിളയെ
അച്ഛന്റെ വരണ്ടനാവില്‍ കൊടുത്ത്,
എരിക്കാന്‍ വിറകില്ലാതെ ...
എന്റെ ഓരോ നിശ്വാസവും
പഴയ എം ടി പുസ്തകങ്ങള്‍
തിരഞ്ഞു പോകുമ്പോള്‍
ടെലിവിഷന്‍ സ്ക്രീനില്‍ ,
മുലക്കച്ചയില്‍
പുതിയൊരു നിള പിറക്കുന്നൂ .

No comments:

Post a Comment