Friday, August 14, 2009

രോഗത്തിന്റെ പിരിയന്‍ ചുഴിയില്‍...

പനിച്ചു പൊള്ളുന്ന കണ്ണുകള്‍
തൊണ്ടയില്‍ കുരുങ്ങിയ കഫം
നെഞ്ചിലെ വരള്‍ച്ച .

പാതിമയക്കത്തില്‍ കണ്മുന്നിലെത്തുന്ന
ബീഭല്‍സ രൂപങ്ങള്‍ ...
കത്തുന്ന തീവണ്ടി ,
പുകതുപ്പുന്ന തലയോട്ടി ,
ചുറ്റും നൃത്തം ചെയ്തു
നീങ്ങുന്ന പന്തങ്ങള്‍ .
ഉറക്കം എനിയ്ക്കിന്നു
പല്‍ച്ചക്രത്തിലൂടെയുള്ള സഞ്ചാരം
ഓരോ രാത്രിയും ഭീകരമായി
തുറിച്ചു നോക്കുന്നൂ .

ഉള്ളില്‍,
എന്റെ കുടല്‍ മാലകളെ കശക്കി
മുള്‍വേലി പടരുന്നൂ .
നിറങ്ങള്‍ ഏതെന്നറിയില്ല
ചിലപ്പോള്‍ ബലിക്കാക്കയുടെ,
ചിലപ്പോളൊരൊച്ചിന്റെ...

ഈ ഇരുണ്ട ചുഴി
എന്നെ വലിക്കുന്നു ...
ഓരോ വാള്‍മുനയിലൂടെ
കടന്നു പോകുമ്പോഴും
ഓരോ ജന്മം പിന്നിടുന്നപോലെ ...

ചാവുന്ന വേദനയീ രോഗമെന്കില്‍
ചാവുന്നതെത്ര ഭേദം ...

Thursday, August 13, 2009

യുദ്ധങ്ങളുടെ നാള്‍വഴി...

യുദ്ധങ്ങളെ ഗര്‍ഭം ധരിച്ചു
കാണാമറയത്ത് ഇരുള്‍പ്പാതയില്‍
പായ വിരിച്ചു മയക്കം നടിച്ചു...
യുദ്ധങ്ങളുടെ നാള്‍വഴിയില്‍
അമ്മമാരുടെ,കുഞ്ഞുങ്ങളുടെ
നിലവിളിക്കുന്നുകളില്‍ ,
ഇനിയുമാറാത്ത ചിതകളില്‍
പുതിയ ഇരയെ തേടുന്നു...
ഹിരോഷിമയും നാഗസാക്കിയും
പകരുന്ന ആത്മ നിര്‍വൃതി...

സ്വപ്നത്തിന്റെ ഇനിയും ദഹിക്കാത്ത
രംഗങ്ങളില്‍ ആസക്തിയുടെ നീലവെളിച്ചം
പുതു തലമുറക്ക്‌ വായിക്കാന്‍ വിട്ടു.

അതെ കിടപ്പില്‍ എല്ലാമറിഞ്ഞിട്ടും
ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍...
അകക്കണ്ണില്‍ വിരിയുന്ന കിനാവില്‍
പുതിയ ഇനം റഡാറുകളും ബോംബുകളും...
ഓരോ കിനാവും നാലുവരിപ്പാതയില്‍,
കവലയിലും വിരിയാന്‍ വെമ്പുന്നു.
എകതയുടെ മുല്ല വള്ളികളില്‍
ഇരുട്ട് വരച്ചു ചേര്‍ക്കുന്ന
വിഷ തുള്ളിക്ക്‌ മഞ്ഞെന്നു പേര്.
ചൊല്ലുന്നതൊക്കെയും
മനസാ വിഴുങ്ങി
പുതുചരിത നിര്‍മ്മിതിക്കായി കാതോര്‍ത്ത്.
അടുപ്പുകള്‍ നിരക്കുന്നു
വൃണങ്ങള്‍ കരിക്കാനല്ല
മറ്റൊരു രോഗ നിര്‍മ്മിതിക്കായി.

പകര്‍ത്താം ഇനിയും പാരിലാ രോഗം
ഒരണു ബോംബ് പോലും വീഴ്ത്താതെ
സാമ്പത്തിക കെണിയിലൂടെ
പുതിയയിന തടവുകള്‍.
മൂരി നിവര്‍ത്തി
മയക്കം വിട്ടു ഇനിയും പെറ്റിടുന്നത്
അക്കങ്ങളെ....

സ്വപ്നം കാണുന്നുണ്ട് ...

തങ്ങള്‍ ഒന്നാമത് ,
തങ്ങള്‍ ശരി എന്ന വിളംബരത്തില്‍
മറ്റെല്ലാം താഴെയോ തെറ്റോ...
ബര്‍ലിന്‍ ഭിത്തിയുടെ തകര്‍ച്ചയില്‍
ഇരട്ട ഗോപുരങ്ങളുടെ തകിടം മറിച്ചിലില്‍
ആ കഴുകക്കണ്ണ് വളരുന്നുണ്ട്‌.
അമേരിക്ക ഒരു ജനായത്തമല്ല
എന്നടിവരയിടുമ്പോള്‍
അവന്റെ കത്തി എനിക്ക് നേരെ മൂര്‍ച്ച കൂട്ടുന്നുണ്ട് .
എന്റെ ഉറക്കറയോളവും
അതിനപ്പുറത്തേക്കുമാ
സംശയക്കണ്ണ് .
ഭയമില്ലെനിക്ക്,
വിരണ്ടു പിറകോട്ടില്ല ഞാന്‍.
പ്രപഞ്ചത്തിന്റെ കാരണം
ദൈവം എന്ന് ചൊല്ലിയിടത്തു
അമേരിക്കയെന്നുച്ചരിക്കാന്‍
നാവറയ്ക്കുന്നുണ്ട്,
പദങ്ങള്‍ മടിക്കുകയും...
ഞാന്‍ സ്വപ്നം കാണുന്നുണ്ട്,
എങ്ങനെയെന്നോ;
ലോകത്തെ എല്ലാ സാമ്രാജ്യവും
തകര്‍ന്നടിഞ്ഞത് പോലെ
ഒരിക്കല്‍ അമേരിക്കയുമെന്ന്.
അതുകൊണ്ട്,
വഴിതെറ്റിയും
അല്ലാതെയും പോകുന്ന സഞ്ചാരികളേ ,
നീ എതിരിട്ടാലും ഇല്ലെങ്കിലുമാപതനം
ആഗതമാകുക തന്നെ ചെയ്യും

ഉടലുകളുടെ ഇളകിയാട്ടം.

അരങ്ങില്‍ ഇളകിയാടുമുടല്‍
നിറവെളിച്ചത്തിലൂടെ
ഞരമ്പില്‍ കുത്തിവയ്ക്കുന്ന വിഷം.

വിഷക്കായ കഴിച്ചു ആത്മഹത്യ ചെയ്ത കര്‍ഷകന്‍
കിടക്ക കിട്ടാതെ സര്‍ക്കാര്‍ ആശുപത്രിയില്‍
ജീവനൊടുക്കിയ രാധ
വണ്ടി കേറി മരിച്ച ഭിക്ഷക്കാരന്‍
എത്ര വേണമെങ്കിലുമുണ്ട്
പത്രത്തിലിടം കാണാതെ..

കൂത്തിച്ചിയാട്ടത്തിനു
ആനയുമംബാരിയും...
മാധ്യമങ്ങള്‍ക്കുല്സവവും...

തിമിരം കെട്ടിയ കണ്ണിനെ
കണ്ണട വച്ചു കോരന്‍ വെല്ലു വിളിച്ചത്
അതെ കാഴ്ച്ചയുടെ ഉള്‍വിളിയില്‍...

റേഷന്‍ കടയില്‍ തിരിയേണ്ട കണ്ണ്
ഫാഷന്‍ തെരുവില്‍ മതിമറന്നു.
വാഴയിലക്കറ പുരണ്ട നഖങ്ങള്‍
പുതുനിറം പേറി,
കണ്ടത്തില്‍ ജടകെട്ടിയ മുടി
ഷാമ്പുവില്‍ നനച്ചു
കണ്ണാടി പറയുന്നത് വായിച്ചു.
ഗ്യാസ് എത്തിക്കാത്ത കെട്ടിയവനെ പിരാകി
അത്താഴം വയ്ക്കാന്‍ മറന്നു പുതിയൊരമ്മ.
അടുപ്പില്‍ ചാരത്തില്‍
ചേരയിഴയുന്നു.
വാഴകള്‍ വാടി മറിയുന്നു.
വാര്‍ത്തകള്‍ പലതു വന്നു മറയുന്നു.
നഗരത്തിനിതുല്സവം;
ആരാന്റെ ഉടലുകളുടെ ഇളകിയാട്ടം.
പടിഞ്ഞാറിന്റെ കെണിയെന്നു
നാലു കോളം ചമച്ചു
രതിസുഖം നുകര്‍ന്നാ പത്രാധിപര്‍,
ഭാര്യയെ എഴുന്നള്ളിച്ചാ
വേദിയിലേക്ക്...

പോക്കറ്റടിയുറെ മുദ്രകളിലൊന്ന്...

കടവാതില്‍ പോലെ
കറുത്ത് തെറിച്ചു പോന്ന വേഷം
തീവണ്ടി മുറിയില്‍ ...
മദ്യത്തിന്റെ ചൂരിലൂടെ
കൈനീട്ടി .
വച്ചുകൊടുത്ത അന്പതുറുപ്പികയില്‍
അസംതൃപ്തിയോടെ ...
കഴുകന്റെ കണ്ണുകള്‍ ,
ക്ഷൌരം ചെയ്യാന്‍ മറന്ന മുഖം ...
ഒരൊഴിഞ്ഞ സീറ്റിനായ്‌
പ്രാഞ്ചി നടക്കുമ്പോള്‍
പിന്നിലെ ഇരയിലെ പോക്കറ്റിലാക്കണ്ണ് .
സീറ്റില്‍ നിന്നും
ഓരോ ഭാരവും അകലുമ്പോള്‍
കണ്ണില്‍ പ്രത്യാശയുടെ തിളക്കം ...
കുടലുകള്‍ക്ക് മദ്യത്തില്‍
ചീര്‍ക്കാന്‍ ആവേശവും ...

ഇന്നലെ, ഇന്ന്

എന്റെ വീട്
വൃത്തിയുടെ മറുവാക്ക്.

കണ്ണെരിക്കുന്ന,
പുക ഉയര്‍ത്തുന്ന അടുക്കളയില്ല.

കാല്‍ വെള്ളയില്‍
മണ്ണിന്റെ തരിമ്പു പോലും പതിയാതെ
ടൈലുകള്‍ പാകിയ മുറ്റം ...
മരങ്ങള്‍ വെട്ടി മാറ്റി
പാറാവുപുര കെട്ടി.

പായലിന്റെ അധിനിവേശം തടഞ്ഞ്‌
മേല്‍ക്കൂരയൊരുക്കി,
ഋതുഭേദങ്ങളെ തോല്‍പ്പിച്ചു.

രസീതുകുറ്റികളേയും
ടെലിഫോണ്‍ ബില്ലിനേയും ചെറുത്ത്
കാവല്‍ക്കാരന്റെ കത്തിവേഷം.

പരലോകത്തെ സ്വര്‍ഗം
ഇഹത്തില്‍ പണിത്‌
ഉടല്‍ ഞെളിഞ്ഞു.

കാലത്തെ വെല്ലുവിളിച്ച്
വിറ്റാമിന്‍ ഗുളികയിലൂടെ
ക്ലോസറ്റുകളെ പണ്ടേ പടിയിറക്കി.

വഴി തെറ്റിയെത്തിയേക്കാവുന്ന
കാലനെ എതിരിടാനൊത്ത
നായകളെ ഒരുക്കി.

എന്നിട്ടും,
പാതിരാവില്‍ തൊണ്ടക്കുഴിയിലൂടെ
ആ വിരലുകള്‍ ജീവനിലേക്ക്...
പിടഞ്ഞു പിടഞ്ഞു
കീഴടങ്ങുമ്പോഴും ഒരേ യാചന,
ഒരു പകലിലെക്കെങ്കിലും
ആയുസ്സ് നീട്ടികിട്ടാന്‍!

കല്ലറയില്‍ ,
ഇരുട്ടു പുതച്ച ഉടലില്‍
പുഴുക്കള്‍ ആര്‍ത്തുചിരിക്കുന്നത്
എന്റെ ഇന്നലെകളിലേക്കോ!

അഴുകിയ ഈ മൂരിയൊന്നു
നിവര്‍ത്താനായെന്കില്‍,
മേല്‍മൂടിയൊന്നു തുറക്കാനായെന്കില്‍ ...
ആ ദന്തഗോപുരത്തിലേക്കു
മടങ്ങാനായെങ്കില്‍....

Wednesday, August 12, 2009

രാപ്പകലിന്റെ ഉത്തരാധുനികത

പഴയ ചിത്രങ്ങളെ പുതു ക്യാന്‍വാസിലൂടെ
മിനുക്കിയെടുക്കുക .
കൊഴിമുട്ടക്ക് പകരം ഓറഞ്ചു തൊണ്ട് ,
അറുത്തെടുത്ത മുടി ,
നഖങ്ങള്‍ ...
ക്ഷുദ്രത്തിന്റെ പാതയിലേക്ക്
കാഴ്ച്ചയെറിയുന്നെങ്കിലും
അങ്ങനെയല്ലെന്നു രേഖപ്പെടുത്തുക .
ഉത്തരാധുനികതയില്‍
അങ്ങനെയൊന്നിനു പ്രസക്തിയില്ലെന്ന്
വെറുതെ വാദം .
മഴക്കാലത്തു മഞ്ഞുവിരിച്ച പുഴ
കാഴ്ചയില്‍ ഇടഞ്ഞ് ....
കടന്നുപോകുമ്പോഴും വഞ്ചിയും സഞ്ചാരിയും
ക്യാമറക്ക്‌ വഴങ്ങാതെ ...
ഓരോ ചിത്രവും
ചതുരംഗപ്പലകയിലെന്നപോല്‍
ഉറക്കം കെടുത്തുമ്പോള്‍
രാപ്പകലിന്റെ ഉത്തരാധുനികത .

പുതിയൊരു ഖസാക്ക്

വലിയ വേഷങ്ങളിലെ
ചെറിയ മനുഷ്യര്‍ പാര്‍ക്കുന്നത്
ഭൂപടത്തില്‍ രേഖപ്പെടാതെ ...
വെട്ടുകല്ല് അടര്‍ന്നു വീണ
വണ്ടിപ്പുരക്ക് പകരമെന്നോണം
സബര്‍ബന്‍ പാത...
ഇനിയൊരു രവിക്കും
കാത്തുകിടപ്പിണ്‌ ഇടമില്ലാതെ
വെട്ടിത്തെളിച്ച് കെട്ടിപൊക്കിയ ഗോപുരങ്ങള്‍...
വണ്ടിയിറങ്ങുംപോള്‍ അന്യഥാത്വമില്ല .
ആകാശംമുട്ടെ പനംപട്ടകളോ
കുപ്പുവച്ചനോ ഇല്ല .
പഴയ ഏകാംഗ വിദ്യാലയമില്ല .
പകരം, സ്വാശ്രയ കിനാക്കള്‍ .
വഴിമുറിച്ച്‌ കടന്ന ദേവിയാന്‍പാമ്പില്‍
യുദ്ധത്തിന്റെ പാപക്കറ .
പാപത്തറയില്‍ ,
ഖാലിയാരോ നൈസാമലിയോ ഇല്ലാതെ ...
ചിതലിമലയോ പള്ളിയോ ഇല്ലാതെ ...
ടെലിവിഷനില്‍ പ്രാര്‍ഥനയുടെ പുതുമുറ.
വെട്ടുക്കിളികളെ പിടിക്കാനാഞ്ഞു
തെറിച്ചുവന്നു നിന്ന ചെക്കനില്‍
വൃഥാ അപ്പുക്കിളിയെ തേടി ...
ഓരോ കബന്ധവും ,
ഓരോ വഴിയും പിന്നിട്ട്
ഇല്ലാത്ത മലയിറങ്ങുമ്പോള്‍
ഇനിയൊരിക്കലും
തിരിച്ചുവരില്ലെന്നുറച്ച് ...

ഗാന്ധി ഗാന്ധിയല്ലാതാകുന്നത്...

അറിവിലേക്ക് കൊളുത്തിയ
പന്തമാണ് അക്ഷരം;
കുട്ടിക്കാലത്ത്‌,
വെയിലിന്റെ നാണയ വട്ടങ്ങള്‍
ഒഴുകിയ ചാര്‍ത്തില്‍
ആദ്യാക്ഷരം മന്ത്രമായത്...
ഇലക്കീറില്‍ കപ്പ പുഴുക്കുമായി
ഓടി വന്ന അച്ഛന്‍...
അര്‍ദ്ധ നഗ്നത,
ദാരിദ്ര്യം ഒരു ശാപമോ
തെറ്റോ ആകാതെ.
ബ്ലാക്ക്‌ ബോര്‍ഡില്‍
വട്ടവും വരയും ചേര്‍ത്ത്
ഗാന്ധിയെ വരച്ചു കാട്ടിയ അദ്ധ്യാപകന്‍...

ഗാന്ധി ഗാന്ധിയല്ലാതാകുന്നത്
ഹേ റാം എന്നുച്ചരിക്കുന്നിടത്ത്...
അങ്ങനെ അല്ലാതിരുന്നിട്ടും
ലോകം ആണയിടുന്നത്
ആരാഷ്ട്രീയതയില്‍ മുക്കി കൊല്ലുന്നതിന്
എന്ന് ചൊല്ലിയ അദ്ധ്യാപകന്‍
സ്കൂളിനു പുറത്താക്കപ്പെട്ടത്‌.
എന്റെ പിന്കാഴ്ച്ചയില്‍
ഗാന്ധി പലവട്ടം വെടിയേറ്റു മരിക്കുന്നത്
ബിംബങ്ങളിലേക്ക് ചുരുക്കി
ദൈവീകരിച്ചു ഗാന്ധിയെ
ഉന്മൂലനം ചെയ്യുന്നതിന്

വിലങ്ങുവീണ നാവ്‌

ഭയം പകര്‍ച്ചവ്യാധി ആകുന്നിടത്ത്
ഭരണകൂട ഭീകരത വെരോടുന്നുണ്ട്.
എന്റെ തന്നെ നിഴലില്‍ ചൂണ്ടി
ശത്രുവെന്ന് ബോധ്യപ്പെടുത്തുകയും...

കാഴ്ചയിടുക്കാന്‍
ചുവരുകള്‍ക്കുള്ളിലൊതുക്കി
തിയറികളില്‍ കുടുക്കി,
മൌനമായ താക്കീതോടെ ഭീകരത.

അമ്പലത്തില്‍ നിന്നും പള്ളിയിലേക്ക്
തിരിച്ചും പായുന്ന കല്ലുകളില്‍
അതേ ഭീകരത വായിക്കാതെ പോകുന്നത്
ചുവരുകളിലൊതുങ്ങിയ എന്റെ ഭീരുത്വം.

രാപകലുകള്‍ മങ്ങുകയും
ഉറക്കം നഷ്ടപ്പെടുകയും
മൌനം കനപ്പെട്ടു വളരുകയും
എന്റെ തന്നെ ചിതയൊരുക്കുകയുമ്...

ഓരോ നാളവും
നൃത്തമാടി മറ്റൊരു ഭയം കൊളുത്തുന്നു.

കണ്ണുകള്‍ കുഴിഞ്ഞു
കാതുകള്‍ അടഞ്ഞ്
ചാപിള്ളയിലേക്ക് ചുരുങ്ങി...

രാപകലുകളുടെ പാറാവുകാരാ,
നിന്റെ നോട്ടം എന്റെ നട്ടെല്ല് വളച്ച്
നിന്റെ ചൂണ്ടലില്‍ കോര്‍ത്തു
അട്ടഹസിക്കുന്നതെന്തിന്?

ഏയ്‌ ഭീകരത,
ഇനി നിനക്ക് ഭരിക്കാം
എന്റെ കിനാവുകള്‍ ചിതലെടുത്തു,
എന്റെ അക്ഷരങ്ങള്‍ മാഞ്ഞും...
എന്നോ വിലങ്ങുവീണ നാവ്‌,
ഭയത്താല്‍ ചത്ത ഹൃദയവും.
ജീവിക്കുന്നോ മരിച്ചോ എന്നറിയാതെ
നീ കൂട്ടുന്ന വെള്ളക്കരം,
വീട്ടു കരവും...

അല്ലയോ വെള്ളക്കുപ്പായക്കാരാ,
ഒറ്റുകാരാ,
നീ വായുവിന്
കരം നിശ്ചയിക്കുന്നതെന്നാണ്?

നീ വിളമ്പുന്ന ഉച്ചിഷ്ട്ടങ്ങളില്‍
എന്റെ അതിര് എന്റെ തന്നെ ഇരുട്ട് ...

രോഗി ഗിനിപ്പന്നി !

സങ്കട ഹര്‍ജിക്ക് നിലനില്‍പ്പില്ല,
കണ്ണീരിനു വിലയും...
നടക്കുക,
ഒടുകയുമാകാം.
കുറ്റപ്പെടുത്തില്ല
കൃത്യമായി എത്തണമെന്നെയുള്ളൂ.
അതോരാജ്ഞയോ?
ക്രോസ് വരച്ച ചില്ലുവാതില്‍ക്കല്‍
കാവല്‍ക്കാരന്റെ മുഖം
അത് ശരിവയ്ക്കുന്നുണ്ട്‌...
ആ ചുവന്ന ചിഹ്നം
വിരല്‍ ചൂണ്ടുന്നത്,
വ്യക്തിയെ സമൂഹത്തെ
വെട്ടി മാറ്റുന്നു എന്നോ?!

അകാരണമായ ഭയം
ആളിക്കത്തി.
ഡോക്ടര്‍ കുറിച്ച കടലാസ്സില്‍
ഗുളികയെ മറികടന്നു
നെഞ്ചു വിരിച്ച്
ബഹുരാഷ്ട്ര കുത്തകയുടെ പാനീയം!
ഡോക്ടറും രോഗിയും
അറവുകാരനും ആടും കണക്കെ...
പത്തായപ്പുരക്ക് കാവല്‍ നിന്നവന്‍
കൊള്ളക്കാരനിലേക്ക്,
ഭയന്ന്
ഇല്ലം ചുടണോ?!
ഐ എം എ* യ്ക്ക് രോഗി ഗിനിപ്പന്നി!
ഉപഭോക്താവും...
ഉപഭോകൃത സംഘടനയില്‍
ഏശാതെ പോകുന്ന പരാതികള്‍...
ഡോക്ടര്‍ക്ക് ഒറ്റിന്റെ മുഖം...
ശപിച്ചു,
ആദ്യം വന്ന വണ്ടിക്കു തല വയ്ക്കാം...
കാറ്റില്‍ പറക്കട്ടെ
മരുന്ന് ശീട്ട്...
നാറട്ടെ ഈ ജന്മവും....

(* ഐ എം എ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Monday, August 10, 2009

വെസ്റ്റ്‌ ബാങ്കിന്‍റെ നിലവിളി...

അതിരുകള്‍ മാഞ്ഞുപോയെന്ന്,
ദിക്കുകളില്ലെന്ന്,
യഥേഷ്ടം ചരിക്കാമെന്ന്
സദാ പറയുമ്പോഴും
പുതിയ രേഖകള്‍ പിറക്കുന്നുണ്ട് .
ഭൂപടങ്ങള്‍ തിരഞ്ഞു പോയ കണ്ണുകളില്‍,
പരീക്ഷയില്‍ നിരത്തിയ അക്ഷരങ്ങളില്‍
ക്ലാവ് വീഴുന്നത് നുണസാഹിത്യത്തിലൂടെ.
എനിക്ക് നേരെ അപ്പക്കഷ്ണം നീട്ടുമ്പോഴും
ആ കണ്ണുകള്‍ എന്നെ പുറകോട്ടു തള്ളുന്നുണ്ട്.
അങ്ങനെ പുറകോട്ടടിവച്ചു
നീങ്ങുന്ന എനിക്ക് പിന്നില്‍
വാതിലുകള്‍ തുറക്കുന്നുണ്ട്‌.
മുന്നിലെ വാതിലും
പിന്നിലെ വാതിലും
അര്‍ഥങ്ങള്‍ വ്യത്യസ്തമാക്കുമ്പോള്‍
തുറന്നിടുക എന്ന ക്രിയയിലൂടെ
നീ മുഖം മിനുക്കുകയും.
ഞാന്‍ അവസാന ഇടനാഴിയിലേക്ക്‌
ഇടറുമ്പോള്‍ കാല്‍പാദം
ചിലത് പറയുന്നുണ്ട്,
അവസാന പടിയില്‍ നിന്നും
എവിടേക്ക് ചുവടു വയ്ക്കും?
അവസാന ആകാശവും കടന്നെന്നിരിക്കട്ടെ,
പിന്നെയും എവിടെക്കാണ്‌
ആ ഇരുമ്പു കൈകള്‍ തള്ളുക?
പണ്ടത്തെ ഭൂപടങ്ങളേ ,
പരീക്ഷയില്‍ വിറപ്പിച്ച അക്ഷരങ്ങളേ,
പറയൂ,
എവിടെയാണെന്റെ ‍ കടവ്?!

വിഭജനത്തിന്റെ ഭൂതം

എന്റെ രക്തത്തിന്റെ,
മാംസത്തിന്റെ ഭാഗമായ അവന്‍
ഇന്നും ജീവിച്ചിരിക്കുന്നത്‌
കടലാസിലോ തെരുവിലോ അല്ല.
എന്റെ ഹൃദയത്തില്‍,
എന്റെ മാത്രം ചിന്തകളില്‍...
അവനായി പ്രതിമകള്‍ ഉയരുകയോ
ഓര്‍മ്മ പുതുക്കലോ
മാല ചാര്‍ത്താലോ ഇല്ല.
എന്നിലുണ്ടവന്‍
എന്റെ മാത്രം ചിന്തകളില്‍ വളര്‍ന്ന്‌...

വിഭജനത്തിന്റെ കൂട്ടക്കൊലക്ക് അറുതിയെന്നും
ഹൈന്ദവനും മുസല്‍മാനും
ചോര പുരണ്ട കരങ്ങള്‍ കഴുകിയെന്നും,
ആയുധമെറിഞ്ഞെന്നും...

ഒഴുകിപ്പോയ ചോരക്കു സങ്കടമില്ലായിരിക്കാം,
തെറിച്ചു പോയ ആയുധങ്ങള്‍
മറ്റൊരു ഊഴവും കാത്തു പല്ലു ഞെരിക്കുന്നുണ്ട്...
ഓരോ തെരുവിലും ഓരോ ദേശത്തും
പുനരധിവാസക്കാറ്റുയരുമ്പോള്‍
എന്റെയുള്ളില്‍
ഹിന്ദുവോ മുസല്‍മാനോ അല്ലാത്ത അവന്‍
കലഹിച്ചും പരിഭവിച്ചും...

തിരഞ്ഞെടുപ്പടുക്കെ
വിഭജനത്തിന്റെ ഭൂതം
ചുവരെഴുത്തില്‍ നാവു നീട്ടുമ്പോള്‍
എന്റെയിന്ദ്രിയങ്ങള്‍ തണുത്തുറയുന്നത്‌
തകര്‍ന്നു പോയ ആത്മാക്കളുടെ
വൃണങ്ങളേറ്റു വാങ്ങിയ
ആ ഇരുണ്ട ഇന്നലയെ ഓര്‍ത്തുകൊണ്ട്‌

ആത്മഹത്യാ കുറിപ്പ്

വെളിച്ചത്തിന്‍ വാരിയെല്ലുടച്ചു
കടലാസില്‍ നാലുവരി കോറി
മുടി ചീകിയൊതുക്കി.
എളുപ്പം കാണാവുന്ന മട്ടില്‍
മേശമേല്‍ ഡയറിയും ഫോട്ടോയും.
ഏറ്റവും മികച്ച പെര്ഫ്യൂമില്‍...
നാളെ പത്രം പുറത്തുവിടുന്ന വാര്‍ത്ത
പിന്നെയാ ഫോട്ടോയും...
അവള്‍ എടുത്ത ചിത്രങ്ങളിലൊന്ന്
പ്രഭാതത്തില്‍ മുന്നിലെത്തുമ്പോള്‍
ആ മുഖത്ത്‌ മിന്നി മറഞ്ഞെക്കാവുന്ന
വികാരങ്ങളെയോര്‍ത്തു...
മുന്നില്‍ വന്നുപെട്ടു
മുഖം വെട്ടിച്ച് നടക്കാനാഞ്ഞ
ഭിക്ഷക്കാരനെ വിളിച്ചു
അഞ്ചു രൂപ ദാനമായി കൊടുത്തു...
അമ്പരന്ന മിഴികള്‍;
പിശുക്കനെന്ന
കുപ്പായമൂരി പോയ ആശ്വാസത്തോടെ...
എതിരെ വന്ന മുഖങ്ങളെ
ചിരിയാല്‍ എതിരിട്ടു.
ഓരോ മുഖവും അമ്പരപ്പോടെ...
തല കുമ്പിട്ടു നടന്നവന്‍
ഒറ്റ പൂരാടന്‍ എന്ന ദുഷ്പേര് നീക്കാന്‍
ഇടം വലം നോക്കി...
മേല്‍പ്പാലമില്ലാത്ത ലെവല്‍ ക്രോസ്സില്‍
വണ്ടികളുടെ നീണ്ട നിര
അസ്വസ്ഥതയുടെ തുരുത്തുകള്‍...
എങ്ങോ കുടുങ്ങിയ വണ്ടിയുടെ ചിത്രം
രാഹുകാലത്തിലേക്ക് വിരല്‍ ചൂണ്ടി.
രാഹുവില്‍ ചാവരുത്,
കണിയാന്‍ തലയില്‍ മൂളി.
മറ്റൊരു മുഹൂര്‍ത്തം കുറിക്കാന്‍
മടങ്ങുമ്പോള്‍,
ബന്ദിന്റെ പ്രതീകമായി
തലങ്ങും വിലങ്ങും പറക്കുന്ന കല്ലുകള്‍...
തല പൊട്ടി വീഴുമ്പോള്‍ നിരാശ,
ആത്മഹത്യാ കുറിപ്പ് പാഴായല്ലോ

അശാന്തി

കല്ലറയില്‍ തിരിഞ്ഞും മറിഞ്ഞും
പഠിച്ചതോക്കെയും ഓര്‍ത്തും...
കോട്ടുവായുടെ അറ്റത്തു
കെട്ട ജീവിതം മിന്നിയും മറഞ്ഞും...
ഇരുട്ടിനപ്പുറം
പാതകളില്‍ കാല്‍പാടുകളെ മായ്ച്ചു
വന്നു മടങ്ങുന്ന ഋതുക്കള്‍ ...
നീതിയുടെ പിച്ചാത്തിയില്‍
തുടരെ കൊല്ലപ്പെടുന്നത്
തീപിടിച്ച ആത്മാവിന്റെ
മറ്റൊരു അശാന്തി.
തലച്ചോറ് പിഴുത കോടാലിയും
പണിത കൊല്ലനും തെളിവ് തിന്നുന്നുണ്ട്...
അണിഞ്ഞ കൊന്ത,
കുപ്പായവും
പണിതില്ലെന്നു മറ്റൊരാള്‍.
വീട്ടു മുറ്റത്ത്‌ പുല്ലു വളരുകയും
വെയിലില്‍ കരിയുകയും...
നിരത്തില്‍ നോട്ടമയച്ചു
ദീനമായി കരയുന്ന കണ്ണുകള്‍...
നീതിയുടെ വാള്‍ത്തല തലങ്ങും വിലങ്ങും
ഇടവഴിയില്‍ ഞെളിഞ്ഞു
ഓര്‍മപ്പെടുത്തുന്നു,
അങ്ങനെയൊരാള്‍ ജനിച്ചില്ലെന്ന്!
പെറ്റ വയറിന്റെ ഭാഷ
മൌനത്തില്‍ കനക്കുമ്പോള്‍
കല്ലറയിലെ ഇരുട്ടില്‍
അശാന്തിയാളുന്നു...

കണ്ണാടി ബിംബങ്ങള്‍

ഏഴാം രാത്രിയില്‍ ,
ഉയിര്‍പ്പിന്റെ സന്ധിയില്‍
ഓരിയിട്ട നായ
ഏതു പദമാവും ചൊല്ലുക ?
ഇരുട്ടിന്റെ ആകാശത്തു കെട്ട പുകയില്‍
കണ്ണാടി ബിംബങ്ങള്‍
പറയാന്‍ മറന്നതും
ഓര്‍ക്കാന്‍ കരുതിയതും
വസൂരിക്കിനാക്കളോ !
ജട്ക്ക വലിച്ചു കഫം തുപ്പുന്ന
ഭാരതീയനെയോ?!
പുതു ലിപിയില്‍
പ്രത്യേകിച്ചൊന്നു മില്ലായിരിക്കാം ...
ഉപ്പു കുറുക്കിയ കടലില്‍
പുതുബിംബം മാറ്റൊലിയാകുന്നത്
നായയുടെ ഓരിയിലല്ല .
ശ്മശാനത്തിലെ കെടാത്ത ചിതയില്‍
ആലസ്യമാകുന്ന പുകക്ക്
മാറ്റകച്ചവടത്തിന്റെ കഥ ചൊല്ലാം ...
അസ്ഥിയുരുക്കി പണിത ശിലയില്‍
കണ്ണില്‍ നിന്നുമിറ്റു വീഴുന്ന ജലത്തില്‍
പുതു ശാസ്ത്ര നിര്‍മ്മിതിയോ
ദൈവവിളിയോ ?

ഏഴാം രാത്രിയില്‍ ,
ഉയിര്‍പ്പിന്റെ ഗതികേടില്‍
ആ ഉടല്‍ അന്ധകാരം തേടുന്നത്‌
മറ്റൊരു മുള്‍ക്കിരീടം
ഏറ്റുവാങ്ങാന്‍ ഭയന്ന് ...
ഇനിയുമൊരു ശിലയില്‍
പുത്തന്‍ ആണികളില്‍
പിടയേണ്ട ഞരമ്പുകളെയോര്‍ത്ത് ...
അതേ നടുക്കത്തിന്റെ വേരുകളില്‍
മോങ്ങാന്‍ നിന്ന നായക്കൊരു
പുഞ്ചിരിയേകി ഇരുട്ടിലേക്ക്
കൂപ്പുകുത്താം ...

Sunday, August 9, 2009

മരണത്തിന്റെ മണം

മിശ്രവിവാഹത്തലേന്ന്
കാമിനിയുടെ ചുംബനത്തിനു
വര്‍ഗ്ഗീയ വിഷരസം ,
കാമുകന്റെയും ...

കെട്ടിപ്പിടിക്കുമ്പോള്‍ നെഞ്ചിടിപ്പില്‍
ബാബറി മസ്ജിദിന്‍ താഴികക്കുടം
അടര്‍ന്നു വീഴുന്ന ഒച്ച .
ശൂലത്തിന്‍ കിടുകിടുപ്പ് .

കണ്ണടഞ്ഞു പോകുമ്പോഴും
അതേ മണവും ഒച്ചകളും ...

സ്വപ്നത്തില്‍
വേദസൂക്തങ്ങളും ആയുധങ്ങളും
ആയുര്‍രേഖയില്‍
ഉത്തരാധുനികത ചമഞ്ഞു ഞെട്ടിച്ചു .

മരച്ചില്ലയില്‍ നിന്നും
രാത്രിയുടെ തുറസ്സിലേക്ക്
തെറിച്ചുപോയ ചിറകടികള്‍ ,
അനാഥമായ ചെരിപ്പുകള്‍ .
നിരത്തിന്റെ വിജനതയില്‍
കബന്ധങ്ങളുടെ തേരോട്ടം .

പിറ്റേന്ന് ,
മരവിച്ചു കിടന്ന ഉടലുകള്‍
ഒരേ മണത്തോടെ...
ഒരേ ചന്ദത്തോടെ

Saturday, August 8, 2009

ഞെരിഞ്ഞമരുന്ന നിലവിളി

ചിത്രമായി മാറിയ ലോകത്ത്
ഏകാന്ത വരയില്‍ ബിന്ദുവായി
ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നവനെ
എങ്ങനെയാണ് രേഖപ്പെടുത്തുക?
നിഷ്ക്രിയനെന്നോ മണ്ടനെന്നോ?
പുതിയ കാലം നിഷ്ക്രിയതക്ക്
മാര്‍ക്കിടുന്നുണ്ടെങ്കിലും,
അയാള്‍ നിര്‍ഗുണന്‍,
കൊള്ളരുതാത്തവന്‍.

രെശീത് കുറ്റികളെ വെറുത്തു,
ഖാദിയണിഞ്ഞു
ഗാന്ധിയനെന്നു പേര് കേള്‍പ്പിക്കാതെ
മരക്കാലന്‍ കുട പിടിച്ചു സ്കൂളിലെത്തി
കുട്ടികളെ പഠിപ്പിച്ചെന്ന,
സമരം ചെയ്തില്ലെന്ന
പേരുദോഷവും കേള്‍പ്പിച്ചിട്ടുണ്ട്.
കള്ളുഷാപ്പ് കുമാരനും പോലീസുകാരനും
ഒരേപോലെ വെറുത്തിട്ടുണ്ട്.

പറന്നുയരുന്ന ബാലികാക്കകള്‍
നിര്‍ജീവതയുടെ കാഴ്ച.
ചുവരെഴുത്തില്‍ പൂപ്പല്‍ കയറിയ മകള്‍
കടലാസിനു പോലും വിലയില്ലാതെ.
ആശുപത്രികിടക്കയില്‍
വിറകു കൊള്ളി കണക്കെ ...
അബോധത്തിലും ഞെട്ടിയ കണ്ണുകള്‍.
പാതിരാത്രികളിലൂടെ വേട്ടയാടിയത്...
വയല്‍ തീറെഴുതി
പന്നി മലത്തിനു കൊടുത്ത ലോകത്ത്
പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞും
ഉറക്കം കെടുത്തുന്നുണ്ട്.
അരപ്പാവാടയില്‍ നടന്നു നീങ്ങുന്ന
ഓരോ ഉടലും
മകളുടെ ദീനത ഓര്‍മപ്പെടുത്തുകയും...
പാഴ്വസ്തു കണക്കെ കട്ടിലില്‍
വി.ഐ.പി മോന്തകള്‍ക്ക് മുന്നില്‍
ഞെട്ടി വിറച്ചും...

ഹൃദയം വിണ്ടു കീറിയിരിക്കുന്നു.
കനപ്പെട്ടൊരു പട്ടത്തിന്‍ ചരടില്‍ തൂങ്ങി
കാലത്തിനു മറുപുറം പോകുമ്പോഴും
എങ്ങോ ഒരു നിലവിളി ഞെരിഞ്ഞമരുന്നു

യാചനയോടെ ...

രക്ത ബാങ്കിനരികെ
കാലണയില്ലാതെ കാത്തു നില്‍ക്കുമ്പോള്‍
കാലവര്‍ഷക്കെടുതിയെ കുറിച്ചുള്ള
വാര്‍ത്ത പൊടിപൊടിക്കുന്നുണ്ട്.
സ്വന്തം ബീജത്തില്‍ പിറന്നവന്‍
കൊടി പറത്തി പായുന്നുണ്ട്‌.
കുടിലില്‍ വിളക്കറ്റരാത്രികള്‍,
അത്താഴം കെട്ട വയറുകള്‍.
കെട്ടിയവളുടെ ചര്‍മത്തില്‍ കൊടികുത്തിയ
വൃണത്തിനു പകര്‍ച്ചപ്പനിയെന്നു
വിധിയെഴുതി സുഖിച്ച കാലാള്‍...
സര്‍ജറിയുടെ മേശമേല്‍ എത്താതെ
പിടഞ്ഞു വീഴുന്ന ഉടലുകള്‍.
രക്ത ബാങ്കിനരികെ നിന്നും
ആട്ടിയോടിച്ച പോലീസുകാരന്‍
മറ്റൊരു ബീജത്തിന്റെ അറിവില്ലായ്മ.
സ്വന്തം ബീജങ്ങള്‍ ഭരിച്ചു
പൊറുതി മുട്ടിക്കുമ്പോള്‍
ഭാര്യയുടെ ചിതയൊരുക്കാന്‍ കാശില്ലാതെ
യാചനയോടെ ...

സൂര്യന്‍ കരിയുന്നു ...

സൂര്യന്‍ കരിയുന്ന മണം...
ചിതറിയ വറ്റിലും
കുടിക്കുന്ന വെള്ളത്തിലും
അതേ മണം വായിച്ചു തുടങ്ങിയതെന്നാണ്?
ബാല്യത്തില്‍,യൌവനത്തില്‍?
തുപ്പിയ കഫത്തില്‍
മണിയനീച്ചയുടെ മൂളലില്‍
രോഗത്തിന്റെ പൂക്കളെ കണ്ടു
ഉമ്മറപ്പടിയില്‍ ചാഞ്ഞിരിക്കുമ്പോള്‍
അതേ മണം അലട്ടിയിട്ടുണ്ട്.
അതിനും മുമ്പ്,
പത്താം ക്ലാസിനപ്പുറം
മകനെ ഉയര്‍ത്താന്‍ കെല്‍പ്പില്ലാതെ
ശൂന്യമായ പോക്കറ്റില്‍ വാക്ക് പൊട്ടിയ
കുറിപ്പിലും അതേ മണം.
ക്ഷൌരം ചെയ്യാത്ത മുഖം
മങ്ങിയ കണ്ണാടിക്കും അപശകുനമാകുമ്പോഴും
അതേ മണം...

തെരുവില്‍ ഉടഞ്ഞ കണ്ണടയും
ചരിത്ര പുസ്തകവും
അതേ മണം ചുരത്തിയ നാളേത്‌?
വേലി മറയുന്നതും
മതിലുയരുന്നതും കണ്ട നാളില്‍
കണ്‍ഠനാളത്തിന്‍ സ്വരമായി
അതേ മണം ചിലംബിച്ചത്...

ഓടിയകന്ന വെളിച്ചപ്പാടും
ഉടഞ്ഞ കാളവണ്ടിയും
എന്നില്‍ തിമിരം കുത്തിയത്
അതേ മണമുള്ള ചിത്രത്തിലൂടെ...
എന്നിലെയെന്നെ
കണ്ണാടിക്കൂട്ടില്‍ വച്ച്
കവിത രചിച്ചത്
അതേ മണത്തിന്‍ വെളിച്ചപ്പെടല്‍.

അല്ലലറിയാതെ നീങ്ങുന്ന സഞ്ചാരീ,
വെളുമയുടെ കുപ്പായക്കാരാ,
നീ ഉതിര്ത്തുമാ പടിഞ്ഞാറിന്‍ സിംഫണി
എന്നിലെ എന്നെയും കൊന്നൊടുക്കുന്നത്
അതേ മണത്തിന്‍ പടവാളില്‍...

എങ്കിലും,
നിന്റെ സന്ചാരത്തിന് തടയിടാന്‍
അവന്‍ വരും
ചിലപ്പോള്‍ കൊടുങ്കാറ്റായി,
പേമാരിയായി...
വെട്ടി മറിയുന്ന ഇടിവാള്‍ മുനയില്‍ നിന്നും
മണ്ണിളക്കുമാ അലകളില്‍ നിന്നും
രക്ഷപ്പെടാന്‍
നിനക്കേത് കവചം?

Friday, August 7, 2009

മറഞ്ഞേ ഇരിക്കുക,ഒളിഞ്ഞേ നോക്കുക...

ദൈവം മഹാനാണ്
മറഞ്ഞിരിക്കുന്നത് കൊണ്ട്...
വെളിപ്പെട്ടെങ്കില്‍
നാമവനെ/ അവളെ
മുറിച്ചു വില്‍ക്കുമായിരുന്നു...
തിരിച്ചെടുക്കാനാവാത്ത വണ്ണം
കയറ്റി അയക്കുമായിരുന്നു...

അസ്ഥികള്‍,
ലോക വിപണിയില്‍
ലേലം കൊള്ളാനെത്തുമാ വിശ്വാസ ഉടലുകള്‍.
ഏതു മോഹത്തിന്‍ ദുര്‍മേദസ്സ്...
അമ്പലത്തില്‍,
മസ്ജിദില്‍,
പള്ളിയിലും
കാണിക്കയായി വീണ നാണയങ്ങള്‍
അസ്ഥിക്കൂടിലും...
നിന്നെ കൊന്നും ജീവിപ്പിച്ചും
പുതുകാല ദൈവം ചമഞ്ഞു
ഇരുകാലികള്‍...
തുടര്‍ന്നുള്ള യുദ്ധങ്ങള്‍
നിന്‍ അസ്ഥികള്‍ക്കായി...
അതുകൊണ്ട്,
നീ മറഞ്ഞേ ഇരിക്കുക,
ഒളിഞ്ഞേ നോക്കുക....

നീ
അവനോ അവളോ
എന്നറിയാതെ ഓരോ പ്രാര്‍ത്ഥനയും
അപേക്ഷകള്‍,
നിവേദനങ്ങള്‍...
എന്റെ സ്വകാര്യതകളിലും
നിന്റെ സ്മരണ എന്റെ സ്വാര്‍ത്ഥത...
നിസ്വാര്‍ത്ഥമായ തലത്തിലേക്ക്
എന്നാണോ നിന്നെ പ്രതിഷ്ഠിക്കുക
അന്നെനിക്ക് സമാധാനം...
അറിയാഞ്ഞിട്ടല്ല,
എന്റെ ആശകള്‍
എനിക്ക് നേടുവാനുള്ള പാതകള്‍
അനുവദിക്കുന്നില്ലെന്ന് മാത്രം...

ഇരുണ്ട ജീനുകള്‍ ...

കട്ടന്‍ ചായക്കു മീതെ
എരിഞ്ഞ ബീഡിയും കഞ്ചാവും പഴങ്കഥ.
പിന്നെയാ കുമാരന്‍ ടാക്കീസും;
കസേരകള്‍ തോറും ഉരഞ്ഞു
ഇളകിയാടിയ ഉടലും.
എങ്കിലും മക്കാര്‍ത്തീ*,
നിന്റെ ജീനുകള്‍
തലമുറകളെ ആവേശിക്കുന്നത്
എന്നെ ഞെട്ടിക്കുന്നു .
ഇടതിനെ വലതു കാലാല്‍ തൊഴിച്ചു
നീ തോണ്ടിയ ചതിക്കുഴികള്‍,
തുരങ്കങ്ങള്‍...
എങ്ങനെ മറക്കാനാവും!
എന്റെ കണ്ണ് ചൂഴ്ന്നു
നിന്റെതെന്നു വാദിച്ചുറപ്പിച്ച ലിപികള്‍;
നിന്റെ ചമല്‍ക്കാരത്തിലൂടെ
സ്വാശ്രയമെന്നു വര്‍ണ്ണിച്ച്
എന്റെ കാതില്‍ ഈയമുരുക്കി
പുറകോട്ടു നടത്തുന്നു.
മക്കാര്‍ത്തീ,
നീ ചതിയനും ചതിക്കപ്പെട്ടവനായി ഞാനും
കാലം രേഖപ്പെടുത്താന്‍ ഭയക്കുന്നതും
അതേ ലിപി വാഴ്ച!
കാഴ്ച്ചയുടെ തുരങ്കത്തില്‍
പിന്നെയും നീ പേന കടത്തി ചിരിക്കുന്നു.
മഷിക്കുപ്പികള്‍,
പേനകള്‍,
കടലാസ്സും വിരലുകളും മാറുന്നു.
മക്കാര്‍ത്തിയുടെ ഭൂതം
മാറ്റമില്ലാതെ ആവര്‍ത്തിക്കുന്നു.
ഓരോ രാത്രിയിലേക്കും
ഉറക്കത്തിനായി ബദ്ധപ്പെട്ടു
തിരിഞ്ഞും മറിഞ്ഞും കിടന്നു
നിന്നെ വെറുത്തും ഉള്ളാലെ കൊന്നും...

( *കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നു വാദിച്ച അമേരിക്കന്‍ സെനറ്റര്‍ ആയിരുന്നു ജോസഫ്‌ മക്കാര്‍ത്തി.)

Thursday, August 6, 2009

നിള

എം ടി യാണെനിക്കു നിളയെ
ചൂണ്ടിത്തന്നത് .
അക്ഷരങ്ങളിലൂടെ അറിഞ്ഞ
അമ്മിണിക്കുട്ടിയും അപ്പൂട്ടനും
എന്നോടൊപ്പം വളര്‍ന്നത്‌ ...
കാറ്റില്‍ ചൊരിഞ്ഞു കിട്ടിയ
ചക്കരമാങ്ങകളിലൊന്നില്‍
പ്രണയത്തിന്റെ തരിപ്പുമായി നിള.
കടലാസില്‍ കുറിച്ച പ്രണയത്തിനു
നിളയെന്നു നാമകരണം ...
ആല്‍ത്തറയില്‍
ഞങ്ങളാടിയ അപ്പൂട്ടനും അമ്മൂട്ടിയും ...
ദിനോസ്സരുകളേപ്പോലെ
കടന്നുവന്ന ജെ സി ബി യാണ്
ആദ്യമായി പ്രണയത്തെ ഇളക്കിയത് .
നിരപ്പായ ഭൂമിയില്‍ കെട്ടിടമുയര്‍ത്താന്‍
മണലിനു പോയ അപ്പൂട്ടന്‍ ...
അടുക്കളയോളം വളര്‍ന്ന
അയല്‍പക്കത്തെ ഫ്ലാറ്റുകള്‍ ...
പനിനീര്‍ക്കുപ്പിയില്‍ കരുതിയ നിളയെ
അച്ഛന്റെ വരണ്ടനാവില്‍ കൊടുത്ത്,
എരിക്കാന്‍ വിറകില്ലാതെ ...
എന്റെ ഓരോ നിശ്വാസവും
പഴയ എം ടി പുസ്തകങ്ങള്‍
തിരഞ്ഞു പോകുമ്പോള്‍
ടെലിവിഷന്‍ സ്ക്രീനില്‍ ,
മുലക്കച്ചയില്‍
പുതിയൊരു നിള പിറക്കുന്നൂ .

യുദ്ധങ്ങളുണ്ടാവില്ലായിരുന്നു. . .

മാ നിഷാദാ!

കിളിയുടെ നെഞ്ചു പിളര്‍ത്തിയ അമ്പ്‌
വാല്മീകിയുടെ നൊന്ത ഹൃദയം
തുടര്‍ന്നു കുറിച്ചത്,
രാമായണം. . .
ഓരോ ഹൈന്ദവനും
അതേ വേദനയുടെ പോരുളറിഞ്ഞെങ്കില്‍;
യുദ്ധങ്ങളുണ്ടാവില്ലായിരുന്നു. . .

ഒരു കരണത്തടിച്ചാല്‍
മറുകരണം കാട്ടണമെന്ന് ക്രിസ്തു
ഓരോ ക്രൈസ്തവനും
അതു പകര്‍ത്തിയെങ്കില്‍ ;
യുദ്ധങ്ങളുണ്ടാവില്ലായിരുന്നു...

അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍
വയര്‍ നിറച്ചുണ്ണുന്നവന്‍
എന്റെ കൂട്ടത്തില്‍ പെട്ടവനല്ലെന്ന് മുഹമ്മദ്‌ .
ഓരോ മുസല്‍മാനും
അതു പിന്‍ പറ്റിയിരുന്നെന്കില്‍ ;
യുദ്ധങ്ങളുണ്ടാവില്ലായിരുന്നു...

അടുത്തിരിക്കുന്ന ഓരോ സൂക്തവും
അകന്നിരുന്ന് അമ്പെയ്യുമ്പോള്‍
ഞാനറിയുന്നു
ദൈവമെന്നേ പടിയിറങ്ങീ !!

മതേതര ...

വേശ്യ,
ജാതിമതമില്ലാതെ...
ഓരോ രാത്രി സഞ്ചാരവും
പ്രാര്‍ഥനയോടെ...
വിയര്‍ത്തു നാറുമ്പോഴും
അതേ പ്രാര്‍ഥനയോടെ...
നാട്ടിന്‍ പുറത്തിന്റെ,
നഗരത്തിന്റെ
അഴുക്കേറ്റു വാങ്ങിയാഉടല്‍.
വര്‍ഗീയ വിഷം ചുരത്താത്ത മുലകള്‍.
സമത്വത്തിന്റെ പാല്‍,
ശാന്തിയുടെ നീരുറവ.
വര്‍ഗീയ പിന്തിരിപ്പന്മാര്‍ക്ക്
ചാഞ്ഞു കൊടുക്കുമ്പോഴും
മാലാഖയായി ...
ഓരോ വര്‍ഗീയ ജാഥയിലും
അസ്വസ്ഥമായി നോക്കി
തിരഞ്ഞു നടക്കുമ്പോള്‍
രാത്രിയില്‍ അവളെ എതിരേല്‍ക്കുക
അതെ ജാഥാംഗം ...

ഉടല്‍ച്ചിത്രം...

ശ്മശാനത്തെ ഭയക്കുന്നിടത്ത്
വിറകുകൊള്ളിയോടൊത്ത്
കത്താന്‍ മത്സരിക്കുന്ന
ഉടല്‍ച്ചിത്രം. . .
വിപണിയിലിറങ്ങിയ
ഏറ്റവും മുന്തിയ നെയ്ക്കുപ്പി
ചോദ്യചിഹ്നമാകുന്നത്
അതേ ചിത്രത്തിന്റെ നെരിപ്പോട്. . .
ചുണ്ടോടടുപ്പിക്കുമ്പോള്‍
മറ്റൊരു ചുണ്ടിന്റെ
കത്തുന്ന ദൃശ്യവല്‍ക്കരണം. . .
അടര്‍ന്നുപോയ ലിപ്സ്റ്റിക്ക്,
പൊട്ടുന്ന എല്ലുകള്‍. . .
മതേതര ജാഥയില്‍
ആസിഡ്‌ ബോംബെറിഞ്ഞു
കൈ വീശി,
നെഞ്ചു തള്ളിച്ചുകിടക്കുന്നത്. . .
ചിതയില്‍ അതേ നെഞ്ചിന്റെ
കത്തുന്ന രംഗം. . .
പാറിപ്പിടിക്കുന്ന തീയും
ഉയരുന്ന നെഞ്ചിന്‍കൂടും. . .
കുന്തമുനയില്‍ ഞെരുങ്ങുമ്പോഴും
മറ്റൊരു നെഞ്ചു ഭീകരത പടര്‍ത്തി
അതേ ജാഥയിലേക്കു
സോഡാക്കുപ്പിയെറിയുന്നൂ. . .

Monday, August 3, 2009

ചിന്തച്ചന്തയിലിടറിയിടറി...

'ചിന്തക്കൊരു ചന്ത'
പരസ്യപ്പലകയില്‍ തൂങ്ങി
പരസ്യമായി നടന്നു.
പത്തെണ്ണത്തിന് പത്തുറുപ്പിക,
നറുക്കു വീണാല്‍
ഫോര്‍ഡ്കാര്‍ സമ്മാനം. . .

ഓരോ ഉടലും അതേ ഫലകം പേറി
ജാഥയായി . . .

താന്‍ വെട്ടി മാറ്റപ്പെട്ടാല്‍ ;
മറ്റൊരാളായി പരിണമിച്ചാല്‍?!
ഫയലില്‍ നിരങ്ങുന്ന കണ്ണുകള്‍,
പേനയുന്തുന്ന വിരലുകള്‍,
ഉടലും വസ്ത്രവും തന്റേതു.
പക്ഷെ ചിന്ത?

മറ്റൊരു ചിന്തയില്‍ ഇടറി
തിടുക്കത്തില്‍. . .
കൈകള്‍ ആഞ്ഞു വീശുമ്പോളും
ഉടല്‍ നീങ്ങാന്‍ മടിച്ചു.

കവാടത്തിലെ കുറിപ്പ്
എന്തിലേക്കു ചൂണ്ടുന്നതെ-
ന്നറിയാതെ ഹൃദയമഴിച്ച്
ദേഹപരിശോധനക്കു വിധേയനായി.

കാവല്‍ക്കാരന്റെ കണ്ണിലെ
അഗ്നിഗോളത്തില്‍ വിരണ്ടു.
മടങ്ങാനായുന്പോള്‍
നെഞ്ചു പിളര്‍ക്കുമെന്നു കുന്തം. . .

കണ്ണു കെട്ടി വലിക്കുന്നത്
എവിടെക്കെന്നറിയാതെ
ഓരോ ഉടലും ബലിമൃഗങ്ങള്‍ കണക്കെ. . .

അസ്ഥികളെടുക്കുമോ
പുതു വിപണിക്കലങ്കാരമാം
കളിപ്പാട്ടത്തിനായി. . .
ഇരുട്ടില്‍ നടക്കുമ്പോഴും
വെളിച്ചത്തിന്‍ പൊട്ടു കിട്ടുമെന്നാശ.

കുഴയുന്നൂ കൈകാലുകള്‍ ഇരുട്ടിലും മറ്റൊരിരുട്ടായി
ക്ഷയിക്കുന്നൂ ബോധവും. . .

കവാടം തുറക്കുമ്പോള്‍
കാണുന്നൂ ലോകമെങ്കിലും
അറിയില്ല ഞാന്‍
എന്നെത്തന്നെയും !!