Monday, August 10, 2009

അശാന്തി

കല്ലറയില്‍ തിരിഞ്ഞും മറിഞ്ഞും
പഠിച്ചതോക്കെയും ഓര്‍ത്തും...
കോട്ടുവായുടെ അറ്റത്തു
കെട്ട ജീവിതം മിന്നിയും മറഞ്ഞും...
ഇരുട്ടിനപ്പുറം
പാതകളില്‍ കാല്‍പാടുകളെ മായ്ച്ചു
വന്നു മടങ്ങുന്ന ഋതുക്കള്‍ ...
നീതിയുടെ പിച്ചാത്തിയില്‍
തുടരെ കൊല്ലപ്പെടുന്നത്
തീപിടിച്ച ആത്മാവിന്റെ
മറ്റൊരു അശാന്തി.
തലച്ചോറ് പിഴുത കോടാലിയും
പണിത കൊല്ലനും തെളിവ് തിന്നുന്നുണ്ട്...
അണിഞ്ഞ കൊന്ത,
കുപ്പായവും
പണിതില്ലെന്നു മറ്റൊരാള്‍.
വീട്ടു മുറ്റത്ത്‌ പുല്ലു വളരുകയും
വെയിലില്‍ കരിയുകയും...
നിരത്തില്‍ നോട്ടമയച്ചു
ദീനമായി കരയുന്ന കണ്ണുകള്‍...
നീതിയുടെ വാള്‍ത്തല തലങ്ങും വിലങ്ങും
ഇടവഴിയില്‍ ഞെളിഞ്ഞു
ഓര്‍മപ്പെടുത്തുന്നു,
അങ്ങനെയൊരാള്‍ ജനിച്ചില്ലെന്ന്!
പെറ്റ വയറിന്റെ ഭാഷ
മൌനത്തില്‍ കനക്കുമ്പോള്‍
കല്ലറയിലെ ഇരുട്ടില്‍
അശാന്തിയാളുന്നു...

1 comment:

  1. കല്ലറയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഭയ.. കാലത്തിനു പിന്നാംബുരത്തെക്ക് പോയ ശാരി... അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ നമ്മെ നോക്കി ഇളിക്കുന്നു. നീതിയുടെ പിച്ചാത്തി അവരെ ഉറക്കുകയാണ്. ആ തൊണ്ടയോളം അതിനപ്പുറത്തെക്കും ആ വാള്‍ത്തല ആണ്ടിറങ്ങുന്നു. ഇടതെന്നും വലതെന്നുമില്ലാതെ ഭരിച്ചു മുടിക്കുന്ന ലോകമേ നിങ്ങള്‍ വിധിയെഴുതുന്നു. അഭയമാരും ശാരിമാരും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല എന്ന്. അതുകൊണ്ട് ആ കേസൊന്നും വിലപ്പോവില്ല എന്നും. നിയമ നടപടികളിലേക്ക് തിരിയുന്ന ഓരോ മനുഷ്യനെയും ഭീഷണിപ്പെടുത്താന്‍ ആ വാള്‍ വീടിന്റെ ഇടവഴിയില്‍ പതിയിരുപ്പുണ്ട്... ഓരോ അഭയമാര്‍ക്കും ശാരിമാര്‍ക്കും നീതി നിഷേധിക്കപ്പെടുന്നു...

    ReplyDelete