Thursday, October 8, 2009

നിനക്കായി...

ഞാന്‍ ,
ഷെല്‍ഫില്‍ പാതിയോളം
ചിതലരിച്ച പുസ്തകം .
മരിക്കണമെന്നുണ്ട്
വടിയിലൂന്നി ,
തിമിരംബാധിച്ച കണ്ണുകളോടെ
ഏന്തി കിതച്ചുവരുന്ന
കിഴവന്റെ വിരലുകളാണ് മുടക്കുന്നത് .

ഓര്‍മ്മകളില്‍ ,
വെള്ളിവീഴുന്ന ചര്‍ച്ചകള്‍ ...
ആര്‍ത്തിപൂണ്ടെത്തിയ വിരലുകളും ,
എന്നെ നെഞ്ചോടു ചേര്‍ക്കാന്‍
മത്സരിച്ച ഉടലുകളും ...

വഴി പെരുകുന്നിടത്
എന്നെ മറന്നു നടന്നു നീങ്ങിയ‍വര്‍ ,
ചിതലിന് എറിഞ്ഞു കൊടുത്തവര്‍
അവര്‍ മടങ്ങി വരില്ല .

ഇന്ന് ,
ചിതലിനോടെതിരിട്ട്‌ നില്‍ക്കുന്നത്
ചുക്കിച്ചുളിഞ്ഞ ആ വിരലുകള്‍ക്കായ്

Wednesday, September 30, 2009

എനിക്കാ റീല്‍ വേണം...

എന്നിലെ കാഴ്ചകളില്‍
ബ്ലാക്ക്‌ ആണ്ടു വൈറ്റില്‍
തെറിച്ചു നീങ്ങുന്ന
മനുഷ്യരില്‍ ഗാന്ധി ,
കറങ്ങുന്ന ചര്‍ക്ക..
സിനിമക്കു മുന്പായി
വെള്ളിത്തിരയില്‍ പലവട്ടം...
ഓരോ കൊട്ടകയിലും
മൂട്ടകടിയേറ്റത് കണ്ടു .
ഫങ്കസു കലര്‍ന്ന ആ ഒറ്ററീല്‍
ഓടിക്കാത്ത കൊട്ടകയെ
പറിച്ചു മാറ്റുമെന്ന്!
ഭയന്ന്,
ടാക്സ് വെട്ടിക്കുകയും
അങ്ങനെ അല്ലാതിരിക്കുകയും ചെയ്ത
ഓരോ ഉടമയും ആ റില്കളോടിച്ചത്.
ഈസ്റ്റ്മാനില്‍ നസീറും ജയനും
വരാന്‍കാത്തു ആ ബ്ലാക് ആണ്ട്‌ വൈറ്റിനെ
മുഷിപ്പോടെ നോക്കി കോട്ടുവായിട്ടു...

അറ്റന്ബറോയുടെ ഗാന്ധി ഒറിജിനലിനെ വെട്ടി,
ബ്ലാക്ക്‌ ആണ്ട്‌ വൈറ്റിനെ ഫങ്കസിനു കൊടുത്ത്...

ഇന്ന്,
ഞാന്‍ കൊതിക്കുന്നു,
എനിക്കാ റീല്‍ വേണം,
എനിക്കെന്റെ ഇന്ത്യയെ കാണാന്‍...

ആരാണ് സത്യം ?!

നാഴികമണിയുടെ നിലനില്‍പ്പ്‌
എന്നിലെന്നറിഞ്ഞു
അഹന്തയോടെ...
എന്റെ മരണം
കാലത്തിന്റെ ശൂന്യതയിലേക്കു
നീളുന്ന പെന്‍ഡുലം ...
കാലമേ ,
നിന്നെ നിഷേധിച്ച്
എന്നിലെ എന്നെ
പടുത്തുയര്‍ത്തി
സ്വയം തകര്‍ന്ന്
ഇരുട്ടിന്‍ തടവിലേക്ക്.
ഇരുട്ടാണ്‌ സത്യം .
വെളിച്ചം നുണയാകുന്നത്
കണ്ണടയുമ്പോള്‍ ...
കാഴ്ചയുടെ ഗുഹാമുഖത്ത്
ഇരുട്ടു പീളകെട്ടുമ്പോള്‍
ഞാനോ നീയോ
ആരാണ് സത്യം ?!

കാഴ്ചയുടെ കണ്ണാടികള്‍

കണ്ട കിനാവുകളുടെ
പത്തേമാരിയിലെ അശാന്തികളുടെയും
ഉള്‍വിളിയിലാണിന്നു തൂലിക .
മനസ്സാ പാദമമര്ത്തി
പുതിയ യാത്രയ്ക്കു
തുടക്കം കുറിക്കുമ്പോള്‍
നെഞ്ചിലൊരു കിളി പാടുന്നുണ്ട് .
അറിവിന്റെ കൂമ്പാരത്തില്‍ നിന്നും
നെല്‍മണി കൊത്തിയെടുത്തു
അനന്ത വിഹായുസ്സിലേക്ക് കുതിക്കാന്‍
ജാഗ്രതയോടെ
ചിറകു വിരിക്കുന്നുണ്ട്‌.
അറിഞ്ഞ വീഥികളും
അറിയാത്ത പൊന്തകളും
തമ്മിലിടയുമ്പോള്‍
ചിന്നല്‍ വീഴുന്ന
കാഴ്ചയുടെ കണ്ണാടികള്‍

Tuesday, September 29, 2009

ആരുടെ തെറ്റാകാം...

ആത്മഹത്യ ചെയ്ത ജാനു
ആരുടെ തെറ്റാകാം...
ബുദ്ധി ശൂന്യതയും ...
അര സെന്റ് ഭൂമിയില്‍
കൂരകെട്ടാന്‍
മടിശ്ശീല വഴങ്ങാതെ ,
മകള്‍ക്ക് സ്ത്രീധനബാക്കി
കൊടുക്കാനാവാതെ ,
കെട്ട വിളക്ക്
പാളത്തില്‍ ചിതറിയത് ...
മരണത്തിന്റെ നിശബ്ദതയില്‍
പോറല്‍ വീഴ്ത്തി പറന്നു
തലങ്ങും വിലങ്ങും കാക്കകള്‍ .
വായുവിലേക്ക് തെറിച്ചുനിന്ന
അസ്ഥിയുടെ പാല്‍പ്പുന്ജിരി .
കാവല്‍ക്കാരന്റെ
ഉറക്കംകെട്ട രാത്രിയിലെ
അടങ്ങാത്ത കോട്ടുവാ ...
ചാക്കില്‍ കെട്ടി
സൈറന്‍ മുഴക്കി
അകലുന്ന വണ്ടിയ്ക്കു പിന്നില്‍
ജാനുവിന്റെ നെടുനിശ്വാസം ...

എന്നെ തേടുന്ന ഞാന്‍

അലകളുടെ ഇരുണ്ട കാഴ്ചകളില്‍
ആടിയുലയുന്ന പായ്ക്കപ്പലില്‍
മൌനത്തിന്റെ പങ്കായാത്തില്‍
എന്നെത്തിരയുന്നു ,
എന്റെ ആഴത്തിലെ
എന്നെ വിഴുങ്ങാന്‍ പോന്ന
എന്നെ മാത്രം തിരയുന്നു ...
മൌനത്തിന്റെ പാറാവുകാരാ ,
അറിവിന്റെ അഗ്നി കോരിയിടുന്ന
അലകളേ ,
എന്റെ കണ്ണുകള്‍ തിരിച്ചു തരിക
നിഴലില്‍ മയങ്ങിപ്പോയ
എന്റെ ഇന്ദ്രിയങ്ങളെ മോചിപ്പിക്കുക ...
കാലമേ ,
നീയെത്രമേല്‍ വാചാലമാകുന്നോ
അതിലേറെ നിശബ്ദതയുടെ
നിഗൂഡതകളിലൂളിയിട്ടു
എന്നെത്തിരയുന്നൂ ,
ഒരിയ്ക്കല്‍ എനിക്ക് നഷ്ടമായ
മുഖമ്മൂടിയില്ലാത്ത എന്നെ മാത്രം !

Monday, September 28, 2009

മേല്‍കൂരയില്ലാത്തവര്‍

ഇത് കവിതയില്‍ ഒരു പരീക്ഷണം ആണ്. ഞങ്ങള്‍ രണ്ടു പേര്‍ ( ഗിരീഷ്‌ വര്‍മയും ഞാനും) ചേര്‍ന്ന് എഴുതിയത്. സ്വീകരിക്കുക. അനുഗ്രഹിക്കുക.

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...

മുതുകില്‍ നികുതിഭാരം കെട്ടിവച്ച്
ചാട്ടവാറോങ്ങി
കഴുത്തില്‍ കുരുക്കിട്ടു വലിച്ച്
ആസിയാനെന്ന വാള്‍മൂര്ച്ചയിലേക്ക് .

മുന്നിലും പിന്നിലും കണ്ണാടി വച്ച്
ചീര്‍ത്ത ഉടല് പ്രദര്‍ശിപ്പിച്ച്
അത് ഞാനെന്നു വിശ്വസിപ്പിച്ചു .
അല്ലെയോ കണ്കെട്ടുകാരാ ,
അവസാന തുള്ളി ചോരയും
വാര്‍ന്നു പോകുമ്പൊള്‍
പിന്നെ നീ എന്തിനാകും
നാവുനീട്ടുക ?

കളകള്‍ നിറഞ്ഞ വയലുകള്‍ .
ഇത്തിള്‍ക്കണ്ണികള്‍ നീരൂറ്റുന്ന
നാട്ടുമരങ്ങള്‍.
പന്നികൂറ്റന്മാര്‍ ഉഴുത് മറിക്കുന്ന
സമതലങ്ങള്‍ .
കാകന്മാര്‍ കൂടുപേക്ഷിക്കുന്ന
തെങ്ങിന്‍മണ്ടകള്‍.
അവശേഷിച്ച ചാരക്കൂനയില്‍ നിന്നു
പെറുക്കിയടുക്കിയ അസ്ഥിഖണ്ഡങ്ങളില്‍ നിന്ന്
നീ എന്താണ്‌ പടുത്തുയര്‍ത്താന്‍
വ്യാമോഹിക്കുന്നത് ?

അടഞ്ഞ പീടികയുടെ വരാന്ത
ഓരോ രാത്രിയിലും സാമ്രാജ്യമാക്കി
നായയോടൊപ്പം,
തല ചായ്ക്കാന്‍ ഇടമില്ലാതെ
തെരുവില്‍ അലയുന്നവന്‍.
ഏന്തിവലിഞ്ഞു നീങ്ങുമ്പോഴും
പാദങ്ങള്‍ തേയുമ്പോഴും
ഓരോ ചോദ്യവും മരിച്ചു വീഴുന്നു,
ഇനിയുമെത്ര ദൂരം,
എവിടേക്ക്?

Monday, September 21, 2009

വൈദര്‍ഭികള്‍

മരണത്തിന്‍ കലപ്പകള്‍
ഉഴുതു മറിക്കുന്ന
പരുത്തിപ്പാടങ്ങള്‍...
ഇടറുന്ന മണികളില്‍,
നോക്ക് കുത്തികളില്‍
പിന്നെയാ നുകത്തിലും
അശാന്തിയുടെ തേരോട്ടം...

ക്ലീഷേ എന്ന് തോന്നിയേക്കാവുന്ന
ചിന്തകളില്‍ ഭരണകൂട ഭീകരത.
ആത്മഹത്യ ചെയ്തവനെയോര്‍ത്തു
മുതലക്കണ്ണീര്‍ വാര്‍ക്കുന്ന
താരക മുറികള്‍...
അഴുകിയ ജടത്തിലേക്ക്
ചിറകുവിരിച്ചാ ഇറക്കുമതി ഭൂതം...

കനല്‍ കെട്ടടങ്ങാത്ത ചിതക്കരികെ
കണ്ണീരുണങ്ങാത്ത വൈദര്‍ഭികള്‍ ...
ദമയന്തിയുടെ,
രുഗ്മിണിയുടെയും പിന്മുറക്കാര്‍..
ചുമലില്‍
പറക്കമുറ്റാത്ത പെൺ കുഞ്ഞുങ്ങള്‍
ഒടുങ്ങാത്ത ബാധ്യതയുമേറ്റി
കീടനാശിനിയില്‍ അഭയം കൊണ്ട
ഭര്‍ത്താവിനെ ശപിക്കാതെ
*രേഖ ചഹാരെമാര്‍...

സ്വതന്ത ഭാരത നേട്ടത്തിലൂറ്റംകൊണ്ട്
പുതു സാമ്പത്തിക നിർമ്മിതികള്‍..
ദന്തഗോപുരത്തിൽ മെത്തകള്‍ക്കും
മന്ത്രിമന്തിരങ്ങള്‍ക്കും
നാണക്കേടായി നാടന്‍ പരുത്തികള്‍...

നാളെ,
ഫോസിലുകള്‍ തേടിയിറങ്ങുന്ന
ഗവേഷണ വിദ്യാര്‍ഥി എന്താകും
വരഞ്ഞിടുക?
പരുത്തിക്കായി വീര ചരമം പ്രാപിച്ച
ചഹാരെയേയോ!

*ഇന്ത്യയുടെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ആത്മഹത്യ ചെയ്ത പരുത്തി കര്‍ഷകന്‍ ദിലീപ് ചഹാരെ യുടെ ഭാര്യ യാണ് രേഖ ചഹാരെ

വെറും കന്നാലിക്കൂട്ടങ്ങള്‍...

എന്തിനാണ് നാമിങ്ങനെ
പോളിംഗ് ബൂത്തില്‍
ക്യൂ നില്‍ക്കുന്നത്,
ജയിച്ചു കയറുന്നവന്റെ
പരിഹാസ പാത്രമാകാനോ?
എന്റെയും നിന്റെയും വിയര്‍പ്പില്‍
നക്ഷത്ര ബംഗ്ലാവില്‍ അന്തിയുറങ്ങുന്നവന്
നാം കന്നാലിക്കൂട്ടങ്ങള്‍...

ഇതിനാണോ അര്‍ദ്ധനഗ്നന്‍
ഉപ്പു കുറുക്കിയത്?
ഇതിനാണോ
എന്റെയും നിന്റെയും പിതാമഹന്മാര്‍
ബൂട്സിനടിയില്‍ ചതഞ്ഞരഞ്ഞത്?

ഹേ,
ആധുനീക രാജാക്കന്മാരെ,
ഒരിക്കല്‍ നീ ഞങ്ങളെ
കീടങ്ങളായി രേഖപ്പെടുത്തി,
നീയോ വന്മരം ചമയുകയും...
ഇന്ന് നിന്റെ വിരല്‍
എന്തിലേക്കാണ് ചൂണ്ടുക?
എന്നെ നീ എവിടെക്കാണ്
ഇനിയും ചവിട്ടി താഴ്ത്തുക?

തിരഞ്ഞെടുപ്പ് വേളയില്‍
ഞങ്ങള്‍ പ്രബുദ്ധര്‍,
നീയോ കൈ കൂപ്പി
വിനീത വേഷം കെട്ടി
പോസ്ട്ടറുകളില്‍ താണു കേണു...
ഇനിയൊരു തിരഞ്ഞെടുപ്പ് വരുമ്പോഴും
ഈ വണ്ടിക്കാളകള്‍
നിനക്കായി വോട്ടു കുത്താന്‍
വിധിക്കപ്പെട്ട് ...

Saturday, September 12, 2009

"ഒരുങ്ങിയിരിക്കുക...."

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും...
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍...
പുക പടലങ്ങള്‍,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
വഴിമാറി പോയേക്കാവുന്ന
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും,
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും...
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്...
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപകലുകള്‍...
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."

Friday, August 14, 2009

രോഗത്തിന്റെ പിരിയന്‍ ചുഴിയില്‍...

പനിച്ചു പൊള്ളുന്ന കണ്ണുകള്‍
തൊണ്ടയില്‍ കുരുങ്ങിയ കഫം
നെഞ്ചിലെ വരള്‍ച്ച .

പാതിമയക്കത്തില്‍ കണ്മുന്നിലെത്തുന്ന
ബീഭല്‍സ രൂപങ്ങള്‍ ...
കത്തുന്ന തീവണ്ടി ,
പുകതുപ്പുന്ന തലയോട്ടി ,
ചുറ്റും നൃത്തം ചെയ്തു
നീങ്ങുന്ന പന്തങ്ങള്‍ .
ഉറക്കം എനിയ്ക്കിന്നു
പല്‍ച്ചക്രത്തിലൂടെയുള്ള സഞ്ചാരം
ഓരോ രാത്രിയും ഭീകരമായി
തുറിച്ചു നോക്കുന്നൂ .

ഉള്ളില്‍,
എന്റെ കുടല്‍ മാലകളെ കശക്കി
മുള്‍വേലി പടരുന്നൂ .
നിറങ്ങള്‍ ഏതെന്നറിയില്ല
ചിലപ്പോള്‍ ബലിക്കാക്കയുടെ,
ചിലപ്പോളൊരൊച്ചിന്റെ...

ഈ ഇരുണ്ട ചുഴി
എന്നെ വലിക്കുന്നു ...
ഓരോ വാള്‍മുനയിലൂടെ
കടന്നു പോകുമ്പോഴും
ഓരോ ജന്മം പിന്നിടുന്നപോലെ ...

ചാവുന്ന വേദനയീ രോഗമെന്കില്‍
ചാവുന്നതെത്ര ഭേദം ...

Thursday, August 13, 2009

യുദ്ധങ്ങളുടെ നാള്‍വഴി...

യുദ്ധങ്ങളെ ഗര്‍ഭം ധരിച്ചു
കാണാമറയത്ത് ഇരുള്‍പ്പാതയില്‍
പായ വിരിച്ചു മയക്കം നടിച്ചു...
യുദ്ധങ്ങളുടെ നാള്‍വഴിയില്‍
അമ്മമാരുടെ,കുഞ്ഞുങ്ങളുടെ
നിലവിളിക്കുന്നുകളില്‍ ,
ഇനിയുമാറാത്ത ചിതകളില്‍
പുതിയ ഇരയെ തേടുന്നു...
ഹിരോഷിമയും നാഗസാക്കിയും
പകരുന്ന ആത്മ നിര്‍വൃതി...

സ്വപ്നത്തിന്റെ ഇനിയും ദഹിക്കാത്ത
രംഗങ്ങളില്‍ ആസക്തിയുടെ നീലവെളിച്ചം
പുതു തലമുറക്ക്‌ വായിക്കാന്‍ വിട്ടു.

അതെ കിടപ്പില്‍ എല്ലാമറിഞ്ഞിട്ടും
ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍...
അകക്കണ്ണില്‍ വിരിയുന്ന കിനാവില്‍
പുതിയ ഇനം റഡാറുകളും ബോംബുകളും...
ഓരോ കിനാവും നാലുവരിപ്പാതയില്‍,
കവലയിലും വിരിയാന്‍ വെമ്പുന്നു.
എകതയുടെ മുല്ല വള്ളികളില്‍
ഇരുട്ട് വരച്ചു ചേര്‍ക്കുന്ന
വിഷ തുള്ളിക്ക്‌ മഞ്ഞെന്നു പേര്.
ചൊല്ലുന്നതൊക്കെയും
മനസാ വിഴുങ്ങി
പുതുചരിത നിര്‍മ്മിതിക്കായി കാതോര്‍ത്ത്.
അടുപ്പുകള്‍ നിരക്കുന്നു
വൃണങ്ങള്‍ കരിക്കാനല്ല
മറ്റൊരു രോഗ നിര്‍മ്മിതിക്കായി.

പകര്‍ത്താം ഇനിയും പാരിലാ രോഗം
ഒരണു ബോംബ് പോലും വീഴ്ത്താതെ
സാമ്പത്തിക കെണിയിലൂടെ
പുതിയയിന തടവുകള്‍.
മൂരി നിവര്‍ത്തി
മയക്കം വിട്ടു ഇനിയും പെറ്റിടുന്നത്
അക്കങ്ങളെ....

സ്വപ്നം കാണുന്നുണ്ട് ...

തങ്ങള്‍ ഒന്നാമത് ,
തങ്ങള്‍ ശരി എന്ന വിളംബരത്തില്‍
മറ്റെല്ലാം താഴെയോ തെറ്റോ...
ബര്‍ലിന്‍ ഭിത്തിയുടെ തകര്‍ച്ചയില്‍
ഇരട്ട ഗോപുരങ്ങളുടെ തകിടം മറിച്ചിലില്‍
ആ കഴുകക്കണ്ണ് വളരുന്നുണ്ട്‌.
അമേരിക്ക ഒരു ജനായത്തമല്ല
എന്നടിവരയിടുമ്പോള്‍
അവന്റെ കത്തി എനിക്ക് നേരെ മൂര്‍ച്ച കൂട്ടുന്നുണ്ട് .
എന്റെ ഉറക്കറയോളവും
അതിനപ്പുറത്തേക്കുമാ
സംശയക്കണ്ണ് .
ഭയമില്ലെനിക്ക്,
വിരണ്ടു പിറകോട്ടില്ല ഞാന്‍.
പ്രപഞ്ചത്തിന്റെ കാരണം
ദൈവം എന്ന് ചൊല്ലിയിടത്തു
അമേരിക്കയെന്നുച്ചരിക്കാന്‍
നാവറയ്ക്കുന്നുണ്ട്,
പദങ്ങള്‍ മടിക്കുകയും...
ഞാന്‍ സ്വപ്നം കാണുന്നുണ്ട്,
എങ്ങനെയെന്നോ;
ലോകത്തെ എല്ലാ സാമ്രാജ്യവും
തകര്‍ന്നടിഞ്ഞത് പോലെ
ഒരിക്കല്‍ അമേരിക്കയുമെന്ന്.
അതുകൊണ്ട്,
വഴിതെറ്റിയും
അല്ലാതെയും പോകുന്ന സഞ്ചാരികളേ ,
നീ എതിരിട്ടാലും ഇല്ലെങ്കിലുമാപതനം
ആഗതമാകുക തന്നെ ചെയ്യും

ഉടലുകളുടെ ഇളകിയാട്ടം.

അരങ്ങില്‍ ഇളകിയാടുമുടല്‍
നിറവെളിച്ചത്തിലൂടെ
ഞരമ്പില്‍ കുത്തിവയ്ക്കുന്ന വിഷം.

വിഷക്കായ കഴിച്ചു ആത്മഹത്യ ചെയ്ത കര്‍ഷകന്‍
കിടക്ക കിട്ടാതെ സര്‍ക്കാര്‍ ആശുപത്രിയില്‍
ജീവനൊടുക്കിയ രാധ
വണ്ടി കേറി മരിച്ച ഭിക്ഷക്കാരന്‍
എത്ര വേണമെങ്കിലുമുണ്ട്
പത്രത്തിലിടം കാണാതെ..

കൂത്തിച്ചിയാട്ടത്തിനു
ആനയുമംബാരിയും...
മാധ്യമങ്ങള്‍ക്കുല്സവവും...

തിമിരം കെട്ടിയ കണ്ണിനെ
കണ്ണട വച്ചു കോരന്‍ വെല്ലു വിളിച്ചത്
അതെ കാഴ്ച്ചയുടെ ഉള്‍വിളിയില്‍...

റേഷന്‍ കടയില്‍ തിരിയേണ്ട കണ്ണ്
ഫാഷന്‍ തെരുവില്‍ മതിമറന്നു.
വാഴയിലക്കറ പുരണ്ട നഖങ്ങള്‍
പുതുനിറം പേറി,
കണ്ടത്തില്‍ ജടകെട്ടിയ മുടി
ഷാമ്പുവില്‍ നനച്ചു
കണ്ണാടി പറയുന്നത് വായിച്ചു.
ഗ്യാസ് എത്തിക്കാത്ത കെട്ടിയവനെ പിരാകി
അത്താഴം വയ്ക്കാന്‍ മറന്നു പുതിയൊരമ്മ.
അടുപ്പില്‍ ചാരത്തില്‍
ചേരയിഴയുന്നു.
വാഴകള്‍ വാടി മറിയുന്നു.
വാര്‍ത്തകള്‍ പലതു വന്നു മറയുന്നു.
നഗരത്തിനിതുല്സവം;
ആരാന്റെ ഉടലുകളുടെ ഇളകിയാട്ടം.
പടിഞ്ഞാറിന്റെ കെണിയെന്നു
നാലു കോളം ചമച്ചു
രതിസുഖം നുകര്‍ന്നാ പത്രാധിപര്‍,
ഭാര്യയെ എഴുന്നള്ളിച്ചാ
വേദിയിലേക്ക്...

പോക്കറ്റടിയുറെ മുദ്രകളിലൊന്ന്...

കടവാതില്‍ പോലെ
കറുത്ത് തെറിച്ചു പോന്ന വേഷം
തീവണ്ടി മുറിയില്‍ ...
മദ്യത്തിന്റെ ചൂരിലൂടെ
കൈനീട്ടി .
വച്ചുകൊടുത്ത അന്പതുറുപ്പികയില്‍
അസംതൃപ്തിയോടെ ...
കഴുകന്റെ കണ്ണുകള്‍ ,
ക്ഷൌരം ചെയ്യാന്‍ മറന്ന മുഖം ...
ഒരൊഴിഞ്ഞ സീറ്റിനായ്‌
പ്രാഞ്ചി നടക്കുമ്പോള്‍
പിന്നിലെ ഇരയിലെ പോക്കറ്റിലാക്കണ്ണ് .
സീറ്റില്‍ നിന്നും
ഓരോ ഭാരവും അകലുമ്പോള്‍
കണ്ണില്‍ പ്രത്യാശയുടെ തിളക്കം ...
കുടലുകള്‍ക്ക് മദ്യത്തില്‍
ചീര്‍ക്കാന്‍ ആവേശവും ...

ഇന്നലെ, ഇന്ന്

എന്റെ വീട്
വൃത്തിയുടെ മറുവാക്ക്.

കണ്ണെരിക്കുന്ന,
പുക ഉയര്‍ത്തുന്ന അടുക്കളയില്ല.

കാല്‍ വെള്ളയില്‍
മണ്ണിന്റെ തരിമ്പു പോലും പതിയാതെ
ടൈലുകള്‍ പാകിയ മുറ്റം ...
മരങ്ങള്‍ വെട്ടി മാറ്റി
പാറാവുപുര കെട്ടി.

പായലിന്റെ അധിനിവേശം തടഞ്ഞ്‌
മേല്‍ക്കൂരയൊരുക്കി,
ഋതുഭേദങ്ങളെ തോല്‍പ്പിച്ചു.

രസീതുകുറ്റികളേയും
ടെലിഫോണ്‍ ബില്ലിനേയും ചെറുത്ത്
കാവല്‍ക്കാരന്റെ കത്തിവേഷം.

പരലോകത്തെ സ്വര്‍ഗം
ഇഹത്തില്‍ പണിത്‌
ഉടല്‍ ഞെളിഞ്ഞു.

കാലത്തെ വെല്ലുവിളിച്ച്
വിറ്റാമിന്‍ ഗുളികയിലൂടെ
ക്ലോസറ്റുകളെ പണ്ടേ പടിയിറക്കി.

വഴി തെറ്റിയെത്തിയേക്കാവുന്ന
കാലനെ എതിരിടാനൊത്ത
നായകളെ ഒരുക്കി.

എന്നിട്ടും,
പാതിരാവില്‍ തൊണ്ടക്കുഴിയിലൂടെ
ആ വിരലുകള്‍ ജീവനിലേക്ക്...
പിടഞ്ഞു പിടഞ്ഞു
കീഴടങ്ങുമ്പോഴും ഒരേ യാചന,
ഒരു പകലിലെക്കെങ്കിലും
ആയുസ്സ് നീട്ടികിട്ടാന്‍!

കല്ലറയില്‍ ,
ഇരുട്ടു പുതച്ച ഉടലില്‍
പുഴുക്കള്‍ ആര്‍ത്തുചിരിക്കുന്നത്
എന്റെ ഇന്നലെകളിലേക്കോ!

അഴുകിയ ഈ മൂരിയൊന്നു
നിവര്‍ത്താനായെന്കില്‍,
മേല്‍മൂടിയൊന്നു തുറക്കാനായെന്കില്‍ ...
ആ ദന്തഗോപുരത്തിലേക്കു
മടങ്ങാനായെങ്കില്‍....

Wednesday, August 12, 2009

രാപ്പകലിന്റെ ഉത്തരാധുനികത

പഴയ ചിത്രങ്ങളെ പുതു ക്യാന്‍വാസിലൂടെ
മിനുക്കിയെടുക്കുക .
കൊഴിമുട്ടക്ക് പകരം ഓറഞ്ചു തൊണ്ട് ,
അറുത്തെടുത്ത മുടി ,
നഖങ്ങള്‍ ...
ക്ഷുദ്രത്തിന്റെ പാതയിലേക്ക്
കാഴ്ച്ചയെറിയുന്നെങ്കിലും
അങ്ങനെയല്ലെന്നു രേഖപ്പെടുത്തുക .
ഉത്തരാധുനികതയില്‍
അങ്ങനെയൊന്നിനു പ്രസക്തിയില്ലെന്ന്
വെറുതെ വാദം .
മഴക്കാലത്തു മഞ്ഞുവിരിച്ച പുഴ
കാഴ്ചയില്‍ ഇടഞ്ഞ് ....
കടന്നുപോകുമ്പോഴും വഞ്ചിയും സഞ്ചാരിയും
ക്യാമറക്ക്‌ വഴങ്ങാതെ ...
ഓരോ ചിത്രവും
ചതുരംഗപ്പലകയിലെന്നപോല്‍
ഉറക്കം കെടുത്തുമ്പോള്‍
രാപ്പകലിന്റെ ഉത്തരാധുനികത .

പുതിയൊരു ഖസാക്ക്

വലിയ വേഷങ്ങളിലെ
ചെറിയ മനുഷ്യര്‍ പാര്‍ക്കുന്നത്
ഭൂപടത്തില്‍ രേഖപ്പെടാതെ ...
വെട്ടുകല്ല് അടര്‍ന്നു വീണ
വണ്ടിപ്പുരക്ക് പകരമെന്നോണം
സബര്‍ബന്‍ പാത...
ഇനിയൊരു രവിക്കും
കാത്തുകിടപ്പിണ്‌ ഇടമില്ലാതെ
വെട്ടിത്തെളിച്ച് കെട്ടിപൊക്കിയ ഗോപുരങ്ങള്‍...
വണ്ടിയിറങ്ങുംപോള്‍ അന്യഥാത്വമില്ല .
ആകാശംമുട്ടെ പനംപട്ടകളോ
കുപ്പുവച്ചനോ ഇല്ല .
പഴയ ഏകാംഗ വിദ്യാലയമില്ല .
പകരം, സ്വാശ്രയ കിനാക്കള്‍ .
വഴിമുറിച്ച്‌ കടന്ന ദേവിയാന്‍പാമ്പില്‍
യുദ്ധത്തിന്റെ പാപക്കറ .
പാപത്തറയില്‍ ,
ഖാലിയാരോ നൈസാമലിയോ ഇല്ലാതെ ...
ചിതലിമലയോ പള്ളിയോ ഇല്ലാതെ ...
ടെലിവിഷനില്‍ പ്രാര്‍ഥനയുടെ പുതുമുറ.
വെട്ടുക്കിളികളെ പിടിക്കാനാഞ്ഞു
തെറിച്ചുവന്നു നിന്ന ചെക്കനില്‍
വൃഥാ അപ്പുക്കിളിയെ തേടി ...
ഓരോ കബന്ധവും ,
ഓരോ വഴിയും പിന്നിട്ട്
ഇല്ലാത്ത മലയിറങ്ങുമ്പോള്‍
ഇനിയൊരിക്കലും
തിരിച്ചുവരില്ലെന്നുറച്ച് ...

ഗാന്ധി ഗാന്ധിയല്ലാതാകുന്നത്...

അറിവിലേക്ക് കൊളുത്തിയ
പന്തമാണ് അക്ഷരം;
കുട്ടിക്കാലത്ത്‌,
വെയിലിന്റെ നാണയ വട്ടങ്ങള്‍
ഒഴുകിയ ചാര്‍ത്തില്‍
ആദ്യാക്ഷരം മന്ത്രമായത്...
ഇലക്കീറില്‍ കപ്പ പുഴുക്കുമായി
ഓടി വന്ന അച്ഛന്‍...
അര്‍ദ്ധ നഗ്നത,
ദാരിദ്ര്യം ഒരു ശാപമോ
തെറ്റോ ആകാതെ.
ബ്ലാക്ക്‌ ബോര്‍ഡില്‍
വട്ടവും വരയും ചേര്‍ത്ത്
ഗാന്ധിയെ വരച്ചു കാട്ടിയ അദ്ധ്യാപകന്‍...

ഗാന്ധി ഗാന്ധിയല്ലാതാകുന്നത്
ഹേ റാം എന്നുച്ചരിക്കുന്നിടത്ത്...
അങ്ങനെ അല്ലാതിരുന്നിട്ടും
ലോകം ആണയിടുന്നത്
ആരാഷ്ട്രീയതയില്‍ മുക്കി കൊല്ലുന്നതിന്
എന്ന് ചൊല്ലിയ അദ്ധ്യാപകന്‍
സ്കൂളിനു പുറത്താക്കപ്പെട്ടത്‌.
എന്റെ പിന്കാഴ്ച്ചയില്‍
ഗാന്ധി പലവട്ടം വെടിയേറ്റു മരിക്കുന്നത്
ബിംബങ്ങളിലേക്ക് ചുരുക്കി
ദൈവീകരിച്ചു ഗാന്ധിയെ
ഉന്മൂലനം ചെയ്യുന്നതിന്

വിലങ്ങുവീണ നാവ്‌

ഭയം പകര്‍ച്ചവ്യാധി ആകുന്നിടത്ത്
ഭരണകൂട ഭീകരത വെരോടുന്നുണ്ട്.
എന്റെ തന്നെ നിഴലില്‍ ചൂണ്ടി
ശത്രുവെന്ന് ബോധ്യപ്പെടുത്തുകയും...

കാഴ്ചയിടുക്കാന്‍
ചുവരുകള്‍ക്കുള്ളിലൊതുക്കി
തിയറികളില്‍ കുടുക്കി,
മൌനമായ താക്കീതോടെ ഭീകരത.

അമ്പലത്തില്‍ നിന്നും പള്ളിയിലേക്ക്
തിരിച്ചും പായുന്ന കല്ലുകളില്‍
അതേ ഭീകരത വായിക്കാതെ പോകുന്നത്
ചുവരുകളിലൊതുങ്ങിയ എന്റെ ഭീരുത്വം.

രാപകലുകള്‍ മങ്ങുകയും
ഉറക്കം നഷ്ടപ്പെടുകയും
മൌനം കനപ്പെട്ടു വളരുകയും
എന്റെ തന്നെ ചിതയൊരുക്കുകയുമ്...

ഓരോ നാളവും
നൃത്തമാടി മറ്റൊരു ഭയം കൊളുത്തുന്നു.

കണ്ണുകള്‍ കുഴിഞ്ഞു
കാതുകള്‍ അടഞ്ഞ്
ചാപിള്ളയിലേക്ക് ചുരുങ്ങി...

രാപകലുകളുടെ പാറാവുകാരാ,
നിന്റെ നോട്ടം എന്റെ നട്ടെല്ല് വളച്ച്
നിന്റെ ചൂണ്ടലില്‍ കോര്‍ത്തു
അട്ടഹസിക്കുന്നതെന്തിന്?

ഏയ്‌ ഭീകരത,
ഇനി നിനക്ക് ഭരിക്കാം
എന്റെ കിനാവുകള്‍ ചിതലെടുത്തു,
എന്റെ അക്ഷരങ്ങള്‍ മാഞ്ഞും...
എന്നോ വിലങ്ങുവീണ നാവ്‌,
ഭയത്താല്‍ ചത്ത ഹൃദയവും.
ജീവിക്കുന്നോ മരിച്ചോ എന്നറിയാതെ
നീ കൂട്ടുന്ന വെള്ളക്കരം,
വീട്ടു കരവും...

അല്ലയോ വെള്ളക്കുപ്പായക്കാരാ,
ഒറ്റുകാരാ,
നീ വായുവിന്
കരം നിശ്ചയിക്കുന്നതെന്നാണ്?

നീ വിളമ്പുന്ന ഉച്ചിഷ്ട്ടങ്ങളില്‍
എന്റെ അതിര് എന്റെ തന്നെ ഇരുട്ട് ...

രോഗി ഗിനിപ്പന്നി !

സങ്കട ഹര്‍ജിക്ക് നിലനില്‍പ്പില്ല,
കണ്ണീരിനു വിലയും...
നടക്കുക,
ഒടുകയുമാകാം.
കുറ്റപ്പെടുത്തില്ല
കൃത്യമായി എത്തണമെന്നെയുള്ളൂ.
അതോരാജ്ഞയോ?
ക്രോസ് വരച്ച ചില്ലുവാതില്‍ക്കല്‍
കാവല്‍ക്കാരന്റെ മുഖം
അത് ശരിവയ്ക്കുന്നുണ്ട്‌...
ആ ചുവന്ന ചിഹ്നം
വിരല്‍ ചൂണ്ടുന്നത്,
വ്യക്തിയെ സമൂഹത്തെ
വെട്ടി മാറ്റുന്നു എന്നോ?!

അകാരണമായ ഭയം
ആളിക്കത്തി.
ഡോക്ടര്‍ കുറിച്ച കടലാസ്സില്‍
ഗുളികയെ മറികടന്നു
നെഞ്ചു വിരിച്ച്
ബഹുരാഷ്ട്ര കുത്തകയുടെ പാനീയം!
ഡോക്ടറും രോഗിയും
അറവുകാരനും ആടും കണക്കെ...
പത്തായപ്പുരക്ക് കാവല്‍ നിന്നവന്‍
കൊള്ളക്കാരനിലേക്ക്,
ഭയന്ന്
ഇല്ലം ചുടണോ?!
ഐ എം എ* യ്ക്ക് രോഗി ഗിനിപ്പന്നി!
ഉപഭോക്താവും...
ഉപഭോകൃത സംഘടനയില്‍
ഏശാതെ പോകുന്ന പരാതികള്‍...
ഡോക്ടര്‍ക്ക് ഒറ്റിന്റെ മുഖം...
ശപിച്ചു,
ആദ്യം വന്ന വണ്ടിക്കു തല വയ്ക്കാം...
കാറ്റില്‍ പറക്കട്ടെ
മരുന്ന് ശീട്ട്...
നാറട്ടെ ഈ ജന്മവും....

(* ഐ എം എ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Monday, August 10, 2009

വെസ്റ്റ്‌ ബാങ്കിന്‍റെ നിലവിളി...

അതിരുകള്‍ മാഞ്ഞുപോയെന്ന്,
ദിക്കുകളില്ലെന്ന്,
യഥേഷ്ടം ചരിക്കാമെന്ന്
സദാ പറയുമ്പോഴും
പുതിയ രേഖകള്‍ പിറക്കുന്നുണ്ട് .
ഭൂപടങ്ങള്‍ തിരഞ്ഞു പോയ കണ്ണുകളില്‍,
പരീക്ഷയില്‍ നിരത്തിയ അക്ഷരങ്ങളില്‍
ക്ലാവ് വീഴുന്നത് നുണസാഹിത്യത്തിലൂടെ.
എനിക്ക് നേരെ അപ്പക്കഷ്ണം നീട്ടുമ്പോഴും
ആ കണ്ണുകള്‍ എന്നെ പുറകോട്ടു തള്ളുന്നുണ്ട്.
അങ്ങനെ പുറകോട്ടടിവച്ചു
നീങ്ങുന്ന എനിക്ക് പിന്നില്‍
വാതിലുകള്‍ തുറക്കുന്നുണ്ട്‌.
മുന്നിലെ വാതിലും
പിന്നിലെ വാതിലും
അര്‍ഥങ്ങള്‍ വ്യത്യസ്തമാക്കുമ്പോള്‍
തുറന്നിടുക എന്ന ക്രിയയിലൂടെ
നീ മുഖം മിനുക്കുകയും.
ഞാന്‍ അവസാന ഇടനാഴിയിലേക്ക്‌
ഇടറുമ്പോള്‍ കാല്‍പാദം
ചിലത് പറയുന്നുണ്ട്,
അവസാന പടിയില്‍ നിന്നും
എവിടേക്ക് ചുവടു വയ്ക്കും?
അവസാന ആകാശവും കടന്നെന്നിരിക്കട്ടെ,
പിന്നെയും എവിടെക്കാണ്‌
ആ ഇരുമ്പു കൈകള്‍ തള്ളുക?
പണ്ടത്തെ ഭൂപടങ്ങളേ ,
പരീക്ഷയില്‍ വിറപ്പിച്ച അക്ഷരങ്ങളേ,
പറയൂ,
എവിടെയാണെന്റെ ‍ കടവ്?!

വിഭജനത്തിന്റെ ഭൂതം

എന്റെ രക്തത്തിന്റെ,
മാംസത്തിന്റെ ഭാഗമായ അവന്‍
ഇന്നും ജീവിച്ചിരിക്കുന്നത്‌
കടലാസിലോ തെരുവിലോ അല്ല.
എന്റെ ഹൃദയത്തില്‍,
എന്റെ മാത്രം ചിന്തകളില്‍...
അവനായി പ്രതിമകള്‍ ഉയരുകയോ
ഓര്‍മ്മ പുതുക്കലോ
മാല ചാര്‍ത്താലോ ഇല്ല.
എന്നിലുണ്ടവന്‍
എന്റെ മാത്രം ചിന്തകളില്‍ വളര്‍ന്ന്‌...

വിഭജനത്തിന്റെ കൂട്ടക്കൊലക്ക് അറുതിയെന്നും
ഹൈന്ദവനും മുസല്‍മാനും
ചോര പുരണ്ട കരങ്ങള്‍ കഴുകിയെന്നും,
ആയുധമെറിഞ്ഞെന്നും...

ഒഴുകിപ്പോയ ചോരക്കു സങ്കടമില്ലായിരിക്കാം,
തെറിച്ചു പോയ ആയുധങ്ങള്‍
മറ്റൊരു ഊഴവും കാത്തു പല്ലു ഞെരിക്കുന്നുണ്ട്...
ഓരോ തെരുവിലും ഓരോ ദേശത്തും
പുനരധിവാസക്കാറ്റുയരുമ്പോള്‍
എന്റെയുള്ളില്‍
ഹിന്ദുവോ മുസല്‍മാനോ അല്ലാത്ത അവന്‍
കലഹിച്ചും പരിഭവിച്ചും...

തിരഞ്ഞെടുപ്പടുക്കെ
വിഭജനത്തിന്റെ ഭൂതം
ചുവരെഴുത്തില്‍ നാവു നീട്ടുമ്പോള്‍
എന്റെയിന്ദ്രിയങ്ങള്‍ തണുത്തുറയുന്നത്‌
തകര്‍ന്നു പോയ ആത്മാക്കളുടെ
വൃണങ്ങളേറ്റു വാങ്ങിയ
ആ ഇരുണ്ട ഇന്നലയെ ഓര്‍ത്തുകൊണ്ട്‌

ആത്മഹത്യാ കുറിപ്പ്

വെളിച്ചത്തിന്‍ വാരിയെല്ലുടച്ചു
കടലാസില്‍ നാലുവരി കോറി
മുടി ചീകിയൊതുക്കി.
എളുപ്പം കാണാവുന്ന മട്ടില്‍
മേശമേല്‍ ഡയറിയും ഫോട്ടോയും.
ഏറ്റവും മികച്ച പെര്ഫ്യൂമില്‍...
നാളെ പത്രം പുറത്തുവിടുന്ന വാര്‍ത്ത
പിന്നെയാ ഫോട്ടോയും...
അവള്‍ എടുത്ത ചിത്രങ്ങളിലൊന്ന്
പ്രഭാതത്തില്‍ മുന്നിലെത്തുമ്പോള്‍
ആ മുഖത്ത്‌ മിന്നി മറഞ്ഞെക്കാവുന്ന
വികാരങ്ങളെയോര്‍ത്തു...
മുന്നില്‍ വന്നുപെട്ടു
മുഖം വെട്ടിച്ച് നടക്കാനാഞ്ഞ
ഭിക്ഷക്കാരനെ വിളിച്ചു
അഞ്ചു രൂപ ദാനമായി കൊടുത്തു...
അമ്പരന്ന മിഴികള്‍;
പിശുക്കനെന്ന
കുപ്പായമൂരി പോയ ആശ്വാസത്തോടെ...
എതിരെ വന്ന മുഖങ്ങളെ
ചിരിയാല്‍ എതിരിട്ടു.
ഓരോ മുഖവും അമ്പരപ്പോടെ...
തല കുമ്പിട്ടു നടന്നവന്‍
ഒറ്റ പൂരാടന്‍ എന്ന ദുഷ്പേര് നീക്കാന്‍
ഇടം വലം നോക്കി...
മേല്‍പ്പാലമില്ലാത്ത ലെവല്‍ ക്രോസ്സില്‍
വണ്ടികളുടെ നീണ്ട നിര
അസ്വസ്ഥതയുടെ തുരുത്തുകള്‍...
എങ്ങോ കുടുങ്ങിയ വണ്ടിയുടെ ചിത്രം
രാഹുകാലത്തിലേക്ക് വിരല്‍ ചൂണ്ടി.
രാഹുവില്‍ ചാവരുത്,
കണിയാന്‍ തലയില്‍ മൂളി.
മറ്റൊരു മുഹൂര്‍ത്തം കുറിക്കാന്‍
മടങ്ങുമ്പോള്‍,
ബന്ദിന്റെ പ്രതീകമായി
തലങ്ങും വിലങ്ങും പറക്കുന്ന കല്ലുകള്‍...
തല പൊട്ടി വീഴുമ്പോള്‍ നിരാശ,
ആത്മഹത്യാ കുറിപ്പ് പാഴായല്ലോ

അശാന്തി

കല്ലറയില്‍ തിരിഞ്ഞും മറിഞ്ഞും
പഠിച്ചതോക്കെയും ഓര്‍ത്തും...
കോട്ടുവായുടെ അറ്റത്തു
കെട്ട ജീവിതം മിന്നിയും മറഞ്ഞും...
ഇരുട്ടിനപ്പുറം
പാതകളില്‍ കാല്‍പാടുകളെ മായ്ച്ചു
വന്നു മടങ്ങുന്ന ഋതുക്കള്‍ ...
നീതിയുടെ പിച്ചാത്തിയില്‍
തുടരെ കൊല്ലപ്പെടുന്നത്
തീപിടിച്ച ആത്മാവിന്റെ
മറ്റൊരു അശാന്തി.
തലച്ചോറ് പിഴുത കോടാലിയും
പണിത കൊല്ലനും തെളിവ് തിന്നുന്നുണ്ട്...
അണിഞ്ഞ കൊന്ത,
കുപ്പായവും
പണിതില്ലെന്നു മറ്റൊരാള്‍.
വീട്ടു മുറ്റത്ത്‌ പുല്ലു വളരുകയും
വെയിലില്‍ കരിയുകയും...
നിരത്തില്‍ നോട്ടമയച്ചു
ദീനമായി കരയുന്ന കണ്ണുകള്‍...
നീതിയുടെ വാള്‍ത്തല തലങ്ങും വിലങ്ങും
ഇടവഴിയില്‍ ഞെളിഞ്ഞു
ഓര്‍മപ്പെടുത്തുന്നു,
അങ്ങനെയൊരാള്‍ ജനിച്ചില്ലെന്ന്!
പെറ്റ വയറിന്റെ ഭാഷ
മൌനത്തില്‍ കനക്കുമ്പോള്‍
കല്ലറയിലെ ഇരുട്ടില്‍
അശാന്തിയാളുന്നു...

കണ്ണാടി ബിംബങ്ങള്‍

ഏഴാം രാത്രിയില്‍ ,
ഉയിര്‍പ്പിന്റെ സന്ധിയില്‍
ഓരിയിട്ട നായ
ഏതു പദമാവും ചൊല്ലുക ?
ഇരുട്ടിന്റെ ആകാശത്തു കെട്ട പുകയില്‍
കണ്ണാടി ബിംബങ്ങള്‍
പറയാന്‍ മറന്നതും
ഓര്‍ക്കാന്‍ കരുതിയതും
വസൂരിക്കിനാക്കളോ !
ജട്ക്ക വലിച്ചു കഫം തുപ്പുന്ന
ഭാരതീയനെയോ?!
പുതു ലിപിയില്‍
പ്രത്യേകിച്ചൊന്നു മില്ലായിരിക്കാം ...
ഉപ്പു കുറുക്കിയ കടലില്‍
പുതുബിംബം മാറ്റൊലിയാകുന്നത്
നായയുടെ ഓരിയിലല്ല .
ശ്മശാനത്തിലെ കെടാത്ത ചിതയില്‍
ആലസ്യമാകുന്ന പുകക്ക്
മാറ്റകച്ചവടത്തിന്റെ കഥ ചൊല്ലാം ...
അസ്ഥിയുരുക്കി പണിത ശിലയില്‍
കണ്ണില്‍ നിന്നുമിറ്റു വീഴുന്ന ജലത്തില്‍
പുതു ശാസ്ത്ര നിര്‍മ്മിതിയോ
ദൈവവിളിയോ ?

ഏഴാം രാത്രിയില്‍ ,
ഉയിര്‍പ്പിന്റെ ഗതികേടില്‍
ആ ഉടല്‍ അന്ധകാരം തേടുന്നത്‌
മറ്റൊരു മുള്‍ക്കിരീടം
ഏറ്റുവാങ്ങാന്‍ ഭയന്ന് ...
ഇനിയുമൊരു ശിലയില്‍
പുത്തന്‍ ആണികളില്‍
പിടയേണ്ട ഞരമ്പുകളെയോര്‍ത്ത് ...
അതേ നടുക്കത്തിന്റെ വേരുകളില്‍
മോങ്ങാന്‍ നിന്ന നായക്കൊരു
പുഞ്ചിരിയേകി ഇരുട്ടിലേക്ക്
കൂപ്പുകുത്താം ...

Sunday, August 9, 2009

മരണത്തിന്റെ മണം

മിശ്രവിവാഹത്തലേന്ന്
കാമിനിയുടെ ചുംബനത്തിനു
വര്‍ഗ്ഗീയ വിഷരസം ,
കാമുകന്റെയും ...

കെട്ടിപ്പിടിക്കുമ്പോള്‍ നെഞ്ചിടിപ്പില്‍
ബാബറി മസ്ജിദിന്‍ താഴികക്കുടം
അടര്‍ന്നു വീഴുന്ന ഒച്ച .
ശൂലത്തിന്‍ കിടുകിടുപ്പ് .

കണ്ണടഞ്ഞു പോകുമ്പോഴും
അതേ മണവും ഒച്ചകളും ...

സ്വപ്നത്തില്‍
വേദസൂക്തങ്ങളും ആയുധങ്ങളും
ആയുര്‍രേഖയില്‍
ഉത്തരാധുനികത ചമഞ്ഞു ഞെട്ടിച്ചു .

മരച്ചില്ലയില്‍ നിന്നും
രാത്രിയുടെ തുറസ്സിലേക്ക്
തെറിച്ചുപോയ ചിറകടികള്‍ ,
അനാഥമായ ചെരിപ്പുകള്‍ .
നിരത്തിന്റെ വിജനതയില്‍
കബന്ധങ്ങളുടെ തേരോട്ടം .

പിറ്റേന്ന് ,
മരവിച്ചു കിടന്ന ഉടലുകള്‍
ഒരേ മണത്തോടെ...
ഒരേ ചന്ദത്തോടെ

Saturday, August 8, 2009

ഞെരിഞ്ഞമരുന്ന നിലവിളി

ചിത്രമായി മാറിയ ലോകത്ത്
ഏകാന്ത വരയില്‍ ബിന്ദുവായി
ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നവനെ
എങ്ങനെയാണ് രേഖപ്പെടുത്തുക?
നിഷ്ക്രിയനെന്നോ മണ്ടനെന്നോ?
പുതിയ കാലം നിഷ്ക്രിയതക്ക്
മാര്‍ക്കിടുന്നുണ്ടെങ്കിലും,
അയാള്‍ നിര്‍ഗുണന്‍,
കൊള്ളരുതാത്തവന്‍.

രെശീത് കുറ്റികളെ വെറുത്തു,
ഖാദിയണിഞ്ഞു
ഗാന്ധിയനെന്നു പേര് കേള്‍പ്പിക്കാതെ
മരക്കാലന്‍ കുട പിടിച്ചു സ്കൂളിലെത്തി
കുട്ടികളെ പഠിപ്പിച്ചെന്ന,
സമരം ചെയ്തില്ലെന്ന
പേരുദോഷവും കേള്‍പ്പിച്ചിട്ടുണ്ട്.
കള്ളുഷാപ്പ് കുമാരനും പോലീസുകാരനും
ഒരേപോലെ വെറുത്തിട്ടുണ്ട്.

പറന്നുയരുന്ന ബാലികാക്കകള്‍
നിര്‍ജീവതയുടെ കാഴ്ച.
ചുവരെഴുത്തില്‍ പൂപ്പല്‍ കയറിയ മകള്‍
കടലാസിനു പോലും വിലയില്ലാതെ.
ആശുപത്രികിടക്കയില്‍
വിറകു കൊള്ളി കണക്കെ ...
അബോധത്തിലും ഞെട്ടിയ കണ്ണുകള്‍.
പാതിരാത്രികളിലൂടെ വേട്ടയാടിയത്...
വയല്‍ തീറെഴുതി
പന്നി മലത്തിനു കൊടുത്ത ലോകത്ത്
പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞും
ഉറക്കം കെടുത്തുന്നുണ്ട്.
അരപ്പാവാടയില്‍ നടന്നു നീങ്ങുന്ന
ഓരോ ഉടലും
മകളുടെ ദീനത ഓര്‍മപ്പെടുത്തുകയും...
പാഴ്വസ്തു കണക്കെ കട്ടിലില്‍
വി.ഐ.പി മോന്തകള്‍ക്ക് മുന്നില്‍
ഞെട്ടി വിറച്ചും...

ഹൃദയം വിണ്ടു കീറിയിരിക്കുന്നു.
കനപ്പെട്ടൊരു പട്ടത്തിന്‍ ചരടില്‍ തൂങ്ങി
കാലത്തിനു മറുപുറം പോകുമ്പോഴും
എങ്ങോ ഒരു നിലവിളി ഞെരിഞ്ഞമരുന്നു

യാചനയോടെ ...

രക്ത ബാങ്കിനരികെ
കാലണയില്ലാതെ കാത്തു നില്‍ക്കുമ്പോള്‍
കാലവര്‍ഷക്കെടുതിയെ കുറിച്ചുള്ള
വാര്‍ത്ത പൊടിപൊടിക്കുന്നുണ്ട്.
സ്വന്തം ബീജത്തില്‍ പിറന്നവന്‍
കൊടി പറത്തി പായുന്നുണ്ട്‌.
കുടിലില്‍ വിളക്കറ്റരാത്രികള്‍,
അത്താഴം കെട്ട വയറുകള്‍.
കെട്ടിയവളുടെ ചര്‍മത്തില്‍ കൊടികുത്തിയ
വൃണത്തിനു പകര്‍ച്ചപ്പനിയെന്നു
വിധിയെഴുതി സുഖിച്ച കാലാള്‍...
സര്‍ജറിയുടെ മേശമേല്‍ എത്താതെ
പിടഞ്ഞു വീഴുന്ന ഉടലുകള്‍.
രക്ത ബാങ്കിനരികെ നിന്നും
ആട്ടിയോടിച്ച പോലീസുകാരന്‍
മറ്റൊരു ബീജത്തിന്റെ അറിവില്ലായ്മ.
സ്വന്തം ബീജങ്ങള്‍ ഭരിച്ചു
പൊറുതി മുട്ടിക്കുമ്പോള്‍
ഭാര്യയുടെ ചിതയൊരുക്കാന്‍ കാശില്ലാതെ
യാചനയോടെ ...

സൂര്യന്‍ കരിയുന്നു ...

സൂര്യന്‍ കരിയുന്ന മണം...
ചിതറിയ വറ്റിലും
കുടിക്കുന്ന വെള്ളത്തിലും
അതേ മണം വായിച്ചു തുടങ്ങിയതെന്നാണ്?
ബാല്യത്തില്‍,യൌവനത്തില്‍?
തുപ്പിയ കഫത്തില്‍
മണിയനീച്ചയുടെ മൂളലില്‍
രോഗത്തിന്റെ പൂക്കളെ കണ്ടു
ഉമ്മറപ്പടിയില്‍ ചാഞ്ഞിരിക്കുമ്പോള്‍
അതേ മണം അലട്ടിയിട്ടുണ്ട്.
അതിനും മുമ്പ്,
പത്താം ക്ലാസിനപ്പുറം
മകനെ ഉയര്‍ത്താന്‍ കെല്‍പ്പില്ലാതെ
ശൂന്യമായ പോക്കറ്റില്‍ വാക്ക് പൊട്ടിയ
കുറിപ്പിലും അതേ മണം.
ക്ഷൌരം ചെയ്യാത്ത മുഖം
മങ്ങിയ കണ്ണാടിക്കും അപശകുനമാകുമ്പോഴും
അതേ മണം...

തെരുവില്‍ ഉടഞ്ഞ കണ്ണടയും
ചരിത്ര പുസ്തകവും
അതേ മണം ചുരത്തിയ നാളേത്‌?
വേലി മറയുന്നതും
മതിലുയരുന്നതും കണ്ട നാളില്‍
കണ്‍ഠനാളത്തിന്‍ സ്വരമായി
അതേ മണം ചിലംബിച്ചത്...

ഓടിയകന്ന വെളിച്ചപ്പാടും
ഉടഞ്ഞ കാളവണ്ടിയും
എന്നില്‍ തിമിരം കുത്തിയത്
അതേ മണമുള്ള ചിത്രത്തിലൂടെ...
എന്നിലെയെന്നെ
കണ്ണാടിക്കൂട്ടില്‍ വച്ച്
കവിത രചിച്ചത്
അതേ മണത്തിന്‍ വെളിച്ചപ്പെടല്‍.

അല്ലലറിയാതെ നീങ്ങുന്ന സഞ്ചാരീ,
വെളുമയുടെ കുപ്പായക്കാരാ,
നീ ഉതിര്ത്തുമാ പടിഞ്ഞാറിന്‍ സിംഫണി
എന്നിലെ എന്നെയും കൊന്നൊടുക്കുന്നത്
അതേ മണത്തിന്‍ പടവാളില്‍...

എങ്കിലും,
നിന്റെ സന്ചാരത്തിന് തടയിടാന്‍
അവന്‍ വരും
ചിലപ്പോള്‍ കൊടുങ്കാറ്റായി,
പേമാരിയായി...
വെട്ടി മറിയുന്ന ഇടിവാള്‍ മുനയില്‍ നിന്നും
മണ്ണിളക്കുമാ അലകളില്‍ നിന്നും
രക്ഷപ്പെടാന്‍
നിനക്കേത് കവചം?

Friday, August 7, 2009

മറഞ്ഞേ ഇരിക്കുക,ഒളിഞ്ഞേ നോക്കുക...

ദൈവം മഹാനാണ്
മറഞ്ഞിരിക്കുന്നത് കൊണ്ട്...
വെളിപ്പെട്ടെങ്കില്‍
നാമവനെ/ അവളെ
മുറിച്ചു വില്‍ക്കുമായിരുന്നു...
തിരിച്ചെടുക്കാനാവാത്ത വണ്ണം
കയറ്റി അയക്കുമായിരുന്നു...

അസ്ഥികള്‍,
ലോക വിപണിയില്‍
ലേലം കൊള്ളാനെത്തുമാ വിശ്വാസ ഉടലുകള്‍.
ഏതു മോഹത്തിന്‍ ദുര്‍മേദസ്സ്...
അമ്പലത്തില്‍,
മസ്ജിദില്‍,
പള്ളിയിലും
കാണിക്കയായി വീണ നാണയങ്ങള്‍
അസ്ഥിക്കൂടിലും...
നിന്നെ കൊന്നും ജീവിപ്പിച്ചും
പുതുകാല ദൈവം ചമഞ്ഞു
ഇരുകാലികള്‍...
തുടര്‍ന്നുള്ള യുദ്ധങ്ങള്‍
നിന്‍ അസ്ഥികള്‍ക്കായി...
അതുകൊണ്ട്,
നീ മറഞ്ഞേ ഇരിക്കുക,
ഒളിഞ്ഞേ നോക്കുക....

നീ
അവനോ അവളോ
എന്നറിയാതെ ഓരോ പ്രാര്‍ത്ഥനയും
അപേക്ഷകള്‍,
നിവേദനങ്ങള്‍...
എന്റെ സ്വകാര്യതകളിലും
നിന്റെ സ്മരണ എന്റെ സ്വാര്‍ത്ഥത...
നിസ്വാര്‍ത്ഥമായ തലത്തിലേക്ക്
എന്നാണോ നിന്നെ പ്രതിഷ്ഠിക്കുക
അന്നെനിക്ക് സമാധാനം...
അറിയാഞ്ഞിട്ടല്ല,
എന്റെ ആശകള്‍
എനിക്ക് നേടുവാനുള്ള പാതകള്‍
അനുവദിക്കുന്നില്ലെന്ന് മാത്രം...

ഇരുണ്ട ജീനുകള്‍ ...

കട്ടന്‍ ചായക്കു മീതെ
എരിഞ്ഞ ബീഡിയും കഞ്ചാവും പഴങ്കഥ.
പിന്നെയാ കുമാരന്‍ ടാക്കീസും;
കസേരകള്‍ തോറും ഉരഞ്ഞു
ഇളകിയാടിയ ഉടലും.
എങ്കിലും മക്കാര്‍ത്തീ*,
നിന്റെ ജീനുകള്‍
തലമുറകളെ ആവേശിക്കുന്നത്
എന്നെ ഞെട്ടിക്കുന്നു .
ഇടതിനെ വലതു കാലാല്‍ തൊഴിച്ചു
നീ തോണ്ടിയ ചതിക്കുഴികള്‍,
തുരങ്കങ്ങള്‍...
എങ്ങനെ മറക്കാനാവും!
എന്റെ കണ്ണ് ചൂഴ്ന്നു
നിന്റെതെന്നു വാദിച്ചുറപ്പിച്ച ലിപികള്‍;
നിന്റെ ചമല്‍ക്കാരത്തിലൂടെ
സ്വാശ്രയമെന്നു വര്‍ണ്ണിച്ച്
എന്റെ കാതില്‍ ഈയമുരുക്കി
പുറകോട്ടു നടത്തുന്നു.
മക്കാര്‍ത്തീ,
നീ ചതിയനും ചതിക്കപ്പെട്ടവനായി ഞാനും
കാലം രേഖപ്പെടുത്താന്‍ ഭയക്കുന്നതും
അതേ ലിപി വാഴ്ച!
കാഴ്ച്ചയുടെ തുരങ്കത്തില്‍
പിന്നെയും നീ പേന കടത്തി ചിരിക്കുന്നു.
മഷിക്കുപ്പികള്‍,
പേനകള്‍,
കടലാസ്സും വിരലുകളും മാറുന്നു.
മക്കാര്‍ത്തിയുടെ ഭൂതം
മാറ്റമില്ലാതെ ആവര്‍ത്തിക്കുന്നു.
ഓരോ രാത്രിയിലേക്കും
ഉറക്കത്തിനായി ബദ്ധപ്പെട്ടു
തിരിഞ്ഞും മറിഞ്ഞും കിടന്നു
നിന്നെ വെറുത്തും ഉള്ളാലെ കൊന്നും...

( *കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നു വാദിച്ച അമേരിക്കന്‍ സെനറ്റര്‍ ആയിരുന്നു ജോസഫ്‌ മക്കാര്‍ത്തി.)

Thursday, August 6, 2009

നിള

എം ടി യാണെനിക്കു നിളയെ
ചൂണ്ടിത്തന്നത് .
അക്ഷരങ്ങളിലൂടെ അറിഞ്ഞ
അമ്മിണിക്കുട്ടിയും അപ്പൂട്ടനും
എന്നോടൊപ്പം വളര്‍ന്നത്‌ ...
കാറ്റില്‍ ചൊരിഞ്ഞു കിട്ടിയ
ചക്കരമാങ്ങകളിലൊന്നില്‍
പ്രണയത്തിന്റെ തരിപ്പുമായി നിള.
കടലാസില്‍ കുറിച്ച പ്രണയത്തിനു
നിളയെന്നു നാമകരണം ...
ആല്‍ത്തറയില്‍
ഞങ്ങളാടിയ അപ്പൂട്ടനും അമ്മൂട്ടിയും ...
ദിനോസ്സരുകളേപ്പോലെ
കടന്നുവന്ന ജെ സി ബി യാണ്
ആദ്യമായി പ്രണയത്തെ ഇളക്കിയത് .
നിരപ്പായ ഭൂമിയില്‍ കെട്ടിടമുയര്‍ത്താന്‍
മണലിനു പോയ അപ്പൂട്ടന്‍ ...
അടുക്കളയോളം വളര്‍ന്ന
അയല്‍പക്കത്തെ ഫ്ലാറ്റുകള്‍ ...
പനിനീര്‍ക്കുപ്പിയില്‍ കരുതിയ നിളയെ
അച്ഛന്റെ വരണ്ടനാവില്‍ കൊടുത്ത്,
എരിക്കാന്‍ വിറകില്ലാതെ ...
എന്റെ ഓരോ നിശ്വാസവും
പഴയ എം ടി പുസ്തകങ്ങള്‍
തിരഞ്ഞു പോകുമ്പോള്‍
ടെലിവിഷന്‍ സ്ക്രീനില്‍ ,
മുലക്കച്ചയില്‍
പുതിയൊരു നിള പിറക്കുന്നൂ .

യുദ്ധങ്ങളുണ്ടാവില്ലായിരുന്നു. . .

മാ നിഷാദാ!

കിളിയുടെ നെഞ്ചു പിളര്‍ത്തിയ അമ്പ്‌
വാല്മീകിയുടെ നൊന്ത ഹൃദയം
തുടര്‍ന്നു കുറിച്ചത്,
രാമായണം. . .
ഓരോ ഹൈന്ദവനും
അതേ വേദനയുടെ പോരുളറിഞ്ഞെങ്കില്‍;
യുദ്ധങ്ങളുണ്ടാവില്ലായിരുന്നു. . .

ഒരു കരണത്തടിച്ചാല്‍
മറുകരണം കാട്ടണമെന്ന് ക്രിസ്തു
ഓരോ ക്രൈസ്തവനും
അതു പകര്‍ത്തിയെങ്കില്‍ ;
യുദ്ധങ്ങളുണ്ടാവില്ലായിരുന്നു...

അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍
വയര്‍ നിറച്ചുണ്ണുന്നവന്‍
എന്റെ കൂട്ടത്തില്‍ പെട്ടവനല്ലെന്ന് മുഹമ്മദ്‌ .
ഓരോ മുസല്‍മാനും
അതു പിന്‍ പറ്റിയിരുന്നെന്കില്‍ ;
യുദ്ധങ്ങളുണ്ടാവില്ലായിരുന്നു...

അടുത്തിരിക്കുന്ന ഓരോ സൂക്തവും
അകന്നിരുന്ന് അമ്പെയ്യുമ്പോള്‍
ഞാനറിയുന്നു
ദൈവമെന്നേ പടിയിറങ്ങീ !!

മതേതര ...

വേശ്യ,
ജാതിമതമില്ലാതെ...
ഓരോ രാത്രി സഞ്ചാരവും
പ്രാര്‍ഥനയോടെ...
വിയര്‍ത്തു നാറുമ്പോഴും
അതേ പ്രാര്‍ഥനയോടെ...
നാട്ടിന്‍ പുറത്തിന്റെ,
നഗരത്തിന്റെ
അഴുക്കേറ്റു വാങ്ങിയാഉടല്‍.
വര്‍ഗീയ വിഷം ചുരത്താത്ത മുലകള്‍.
സമത്വത്തിന്റെ പാല്‍,
ശാന്തിയുടെ നീരുറവ.
വര്‍ഗീയ പിന്തിരിപ്പന്മാര്‍ക്ക്
ചാഞ്ഞു കൊടുക്കുമ്പോഴും
മാലാഖയായി ...
ഓരോ വര്‍ഗീയ ജാഥയിലും
അസ്വസ്ഥമായി നോക്കി
തിരഞ്ഞു നടക്കുമ്പോള്‍
രാത്രിയില്‍ അവളെ എതിരേല്‍ക്കുക
അതെ ജാഥാംഗം ...

ഉടല്‍ച്ചിത്രം...

ശ്മശാനത്തെ ഭയക്കുന്നിടത്ത്
വിറകുകൊള്ളിയോടൊത്ത്
കത്താന്‍ മത്സരിക്കുന്ന
ഉടല്‍ച്ചിത്രം. . .
വിപണിയിലിറങ്ങിയ
ഏറ്റവും മുന്തിയ നെയ്ക്കുപ്പി
ചോദ്യചിഹ്നമാകുന്നത്
അതേ ചിത്രത്തിന്റെ നെരിപ്പോട്. . .
ചുണ്ടോടടുപ്പിക്കുമ്പോള്‍
മറ്റൊരു ചുണ്ടിന്റെ
കത്തുന്ന ദൃശ്യവല്‍ക്കരണം. . .
അടര്‍ന്നുപോയ ലിപ്സ്റ്റിക്ക്,
പൊട്ടുന്ന എല്ലുകള്‍. . .
മതേതര ജാഥയില്‍
ആസിഡ്‌ ബോംബെറിഞ്ഞു
കൈ വീശി,
നെഞ്ചു തള്ളിച്ചുകിടക്കുന്നത്. . .
ചിതയില്‍ അതേ നെഞ്ചിന്റെ
കത്തുന്ന രംഗം. . .
പാറിപ്പിടിക്കുന്ന തീയും
ഉയരുന്ന നെഞ്ചിന്‍കൂടും. . .
കുന്തമുനയില്‍ ഞെരുങ്ങുമ്പോഴും
മറ്റൊരു നെഞ്ചു ഭീകരത പടര്‍ത്തി
അതേ ജാഥയിലേക്കു
സോഡാക്കുപ്പിയെറിയുന്നൂ. . .

Monday, August 3, 2009

ചിന്തച്ചന്തയിലിടറിയിടറി...

'ചിന്തക്കൊരു ചന്ത'
പരസ്യപ്പലകയില്‍ തൂങ്ങി
പരസ്യമായി നടന്നു.
പത്തെണ്ണത്തിന് പത്തുറുപ്പിക,
നറുക്കു വീണാല്‍
ഫോര്‍ഡ്കാര്‍ സമ്മാനം. . .

ഓരോ ഉടലും അതേ ഫലകം പേറി
ജാഥയായി . . .

താന്‍ വെട്ടി മാറ്റപ്പെട്ടാല്‍ ;
മറ്റൊരാളായി പരിണമിച്ചാല്‍?!
ഫയലില്‍ നിരങ്ങുന്ന കണ്ണുകള്‍,
പേനയുന്തുന്ന വിരലുകള്‍,
ഉടലും വസ്ത്രവും തന്റേതു.
പക്ഷെ ചിന്ത?

മറ്റൊരു ചിന്തയില്‍ ഇടറി
തിടുക്കത്തില്‍. . .
കൈകള്‍ ആഞ്ഞു വീശുമ്പോളും
ഉടല്‍ നീങ്ങാന്‍ മടിച്ചു.

കവാടത്തിലെ കുറിപ്പ്
എന്തിലേക്കു ചൂണ്ടുന്നതെ-
ന്നറിയാതെ ഹൃദയമഴിച്ച്
ദേഹപരിശോധനക്കു വിധേയനായി.

കാവല്‍ക്കാരന്റെ കണ്ണിലെ
അഗ്നിഗോളത്തില്‍ വിരണ്ടു.
മടങ്ങാനായുന്പോള്‍
നെഞ്ചു പിളര്‍ക്കുമെന്നു കുന്തം. . .

കണ്ണു കെട്ടി വലിക്കുന്നത്
എവിടെക്കെന്നറിയാതെ
ഓരോ ഉടലും ബലിമൃഗങ്ങള്‍ കണക്കെ. . .

അസ്ഥികളെടുക്കുമോ
പുതു വിപണിക്കലങ്കാരമാം
കളിപ്പാട്ടത്തിനായി. . .
ഇരുട്ടില്‍ നടക്കുമ്പോഴും
വെളിച്ചത്തിന്‍ പൊട്ടു കിട്ടുമെന്നാശ.

കുഴയുന്നൂ കൈകാലുകള്‍ ഇരുട്ടിലും മറ്റൊരിരുട്ടായി
ക്ഷയിക്കുന്നൂ ബോധവും. . .

കവാടം തുറക്കുമ്പോള്‍
കാണുന്നൂ ലോകമെങ്കിലും
അറിയില്ല ഞാന്‍
എന്നെത്തന്നെയും !!

Tuesday, July 28, 2009

പ്രതിരോധത്തിന്റെ മറുപുറങ്ങള്‍

ഞാന്‍ നിന്നെ പ്രതിരോധിക്കുന്നിടത്ത്
അവിശ്വാസത്തിന്റെ ചിഹ്നമുണ്ട്.
നിന്റെ ശരി, തെറ്റാണെന്ന്
സമര്‍ത്ഥിക്കുന്നിടത്താണ്
എന്റെ വിജയം .
നിന്നിലെ ഓരോ ഏടുകളും ചികഞ്ഞ്,
ഓരോ നേരും ഉടച്ച്,
നുണകള്‍ തിരുകിക്കയറ്റി
നിന്നെ തെറ്റിന്റെ കുപ്പായമണിയിക്കും.
നിന്റെ തെറ്റിലാണ്‌ ഞാന്‍
എന്റെ ശരി കണ്ടെത്തുന്നത്.
നിന്റെ ശരികളെ ഞാന്‍ തമസ്കരിക്കും,
തെറ്റുകളെ പര്‍വ്വതീകരിക്കും.
കാരണം
നീ ഒരു വലിയ തെറ്റാകുന്നിടത്താണ്
ശരിയെന്ന നിലയില്‍ എന്റെ പ്രസക്തി

Saturday, July 25, 2009

ഒളിമുറകള്‍...

പരീക്ഷണ ശാലയില്‍ ഒരുങ്ങുന്ന കൊതുക്
ചോദ്യങ്ങള്‍ തൊടുക്കില്ലെങ്കിലും
മറ്റു കൊതുകിനെ
കൊന്നൊടുക്കുമെന്ന് പ്രതിജ്ഞ
പറന്നുയരുമ്പോഴും
ഉടലില്‍ പറ്റുമ്പോഴും
അതേ പ്രതിജ്ഞ !

പക്ഷിപ്പനി ,
ഡങ്കിപ്പനി,
പന്നിപ്പനി;
പിന്നെയുമേതല്ലാമോ!

ഓരോ കൊതുകും ദൌത്യം പേറി
അതിര്‍ത്തി താണ്ടുന്നത്
പുതു യുദ്ധമുറ;
രേഖയില്‍ ഇല്ലാതെ ...
നാലാം ലോകം
ഗിനിപന്നികളാകുന്നതും
കടലാസിലില്ലാതെ...

യുദ്ധ മുഖത്തേക്കിനി
ലഫ്റ്റ്‌ റൈറ്റ് വേണ്ടാ ,
ആയുധപ്പുരകളും ...
റഡാറിന്റെ കണ്‍വെട്ടിച്ചു
കുതിക്കും കൊതുകിന്‍ പടയെ
കരുതിയിരിക്കുക ...

ഉറക്കം ഞെട്ടും രാത്രികളില്‍
ആളുന്ന കിനാവിലും
കൊതുകുകള്‍ ആര്‍ത്തലക്കുന്നത്
ഇറക്കുമതിയുടെ പാപക്കറയോ?
കുത്തി നോവിക്കാതെ ചോരയൂറ്റി
മറ്റൊരുടല്‍ ലക്ഷൃമാക്കുന്നത്
നരകനിര്‍മ്മിതികള്‍.

എന്റെ വിരിപ്പില്‍ ഒട്ടിയ മുട്ടകള്‍,
മറ്റൊരു പനിക്കായി ചിറകുവിരിച്ച്
പുതു ദൌത്യമായി
പിന്നെയും പെരുകുമാപ്പട ;
കിനാവിന്റെ കുഴികള്‍ താണ്ടുമ്പോള്‍
ഹിലാരി ക്ലിന്റന്മാര്‍
ആയുധപ്പുരകള്‍ മേയുന്നത്
ഇരുട്ടിന്നാഴം കൂട്ടും ഭീകരത.

കണ്ണടഞ്ഞു പോകുമ്പോഴും
പുതിയ പടയാളികള്‍
പരീക്ഷണ ശാലയില്‍
ഒരുങ്ങുന്നുണ്ട്.

Friday, July 24, 2009

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ...

കമ്പ്യൂട്ടറിന്നക്ഷരങ്ങളില്‍ ,
മൌസിന്‍ നീക്കത്തില്‍ ,
മൊബൈല്‍ഫോണ്‍ സന്ദേശങ്ങളില്‍
കത്തുകള്‍ നഷ്ടമായത്
ഗൃഹാതുരതയോടെ...

പൂമുഖത്തു മുഴങ്ങിയ
സൈക്കിളിന്‍ ബെല്ലടി ;
നീലയിന്‍ല്ലന്‍ടില്‍ ചാഞ്ഞും പുളഞ്ഞും
നെഞ്ചിടിപ്പ് പകര്‍ന്നു
കലപില കൂട്ടിയ പദങ്ങള്‍...

സൈക്കിളിലെ കാക്കിധാരി
വേഷമഴിച്ചു, മോട്ടോര്‍ സൈക്കിളില്‍
പുതു ചമയത്തോടെ ...
ഫോണ്‍ ബില്ല് ,
വായ്പ്പാ രശീതുകള്‍ ,
ക്രെഡിറ്റ് കാര്‍ഡറിയിപ്പുകളും...

അക്ഷരവടിവിനെ ചൊല്ലി
വാചാലയായപ്പോള്‍
എന്തിനക്ഷരമെഴുതാന്‍
പഠിക്കണമെന്നു മകന്‍ !
വിരലുകളുടെ ചന്തംകെടുത്തി ,
കുപ്പായത്തില്‍ മഷി പുരട്ടുന്ന
പേനയുമിനി വേണ്ടാ ...

മോണിറ്ററിന്‍ തിളക്കത്തില്‍ ,
മൌസിന്‍ നീക്കത്തില്‍ ,
വിവിധ വര്‍ണ്ണം പേറി
ഞെളിയുന്ന ഫോണ്ടുകള്‍ ...
പിന്നെയെന്തിനീ കടലാസ്സും പേനയും !

മകന്‍ പടിയിറങ്ങുമ്പോള്‍
നെഞ്ചിലൊരു നെരിപ്പോട് .

നാളെ ,
കീബോര്‍ഡില്‍ വഴങ്ങാത്ത വാക്കുകള്‍
വെട്ടി മാറ്റപ്പെടാം ;
മറ്റൊന്നിനായ്‌ ...
പിന്നെയീയമ്മയേയും ...

Saturday, July 18, 2009

ഭയമാണെനിക്ക്...(കവിത)

'ഈ വാച്ചെനിക്ക് വേണ്ട ,
മറ്റൊന്ന് ...'
ഏഴാം ക്ലാസുകാരനില്‍
രൂപപ്പെട്ട ആശയില്‍
എന്തിനാണ് ഞാന്‍
അസ്വസ്ഥയാകുന്നത്?
ഞാന്‍ വാങ്ങിക്കൊടുത്ത വാച്ചില്‍
അവനു രസം കെട്ടതെങ്ങിനെ?!
ക്ലാസുമുറിയില്‍ സഹപാഠി
വില്പനക്കായി കൊണ്ടുവന്ന ,
വിദേശ നിര്‍മിത
പൊന്‍ നിറം ചമഞ്ഞ വാച്ചില്‍
കണ്ണഞ്ചിയത് ...
അതുവഴി മകന്‍ ചമഞ്ഞ
വേഷം ആരുടെതാകാം ...
ഭയമാണെനിക്ക്
ആശകള്‍ ആകാശത്തോള-
മുയര്‍ന്നാല്‍?!
അവന്‍ തേടിയേക്കാവുന്ന
വഴികളോര്‍ത്തു
നടുക്കമാണെനിക്ക്...
എതിരിട്ടാല്‍ ,
ഒരുമുഴം കയറിലോ,
പാളത്തിന്റെ തണുപ്പിലോ
അവന്‍ സ്വാന്തനം തേടിയാല്‍?!
തലേന്നാളിറങ്ങിയ പത്രം
നടുക്കമാകുന്നു .
മൊബൈല്‍ ഫോണ്‍ കിട്ടാതെ
കയറില്‍ കെട്ടൊരു
ജീവിത ചിത്രം
മുതുകില്‍ ഭാരമേറ്റി
നടന്നു നീങ്ങിയവന്‍
സായാഹ്നത്തില്‍ ,
സ്ട്രെച്ചറിന്‍ ഭാരമായ്‌
മടങ്ങിയെത്തുന്നത്
എന്റെ പേക്കിനാവുകളിലൊന്ന് ...

പ്രണയം (കവിത)

കാമിനിക്കായ് കാതറുത്ത്
പ്രണയത്തിനു പുതു ചമല്‍ക്കാരം
നല്‍കിയവന്‍ വാന്ഗോഗ്...
സൂര്യകാന്തിയിലെ പോക്കുവെയിലില്‍
ധ്യാനം കൊണ്ട ഹൃദയം ,
രാത്രിയില്‍ മുറിച്ചു രുചിച്ചത് ...
പിയാനോയുടെ സംഗീതത്തില്‍
നേരിപ്പോടിന്നരികെ
സ്വയമറിഞ്ഞത്...

ഇന്ന് ...
കാമിനിക്ക് കാതറുത്തുവച്ചു
മടങ്ങുമ്പോള്‍
ഇറച്ചി മസാലയുടെ മണം.
ആവെശത്തോടെ കലത്തില്‍
കുത്തിമറിയുന്ന ഇറച്ചി ...
നാവില്‍ വെള്ളമൂറുന്നൂ,
വിശപ്പും ...
ചട്ടുകം ഇളകി മറിയുമ്പോള്‍
മറ്റൊരാശ,
ബാക്കിയായ അവയവങ്ങള്‍
കിട്ടിയെമ്കില്‍ ...

ഇനിയും നടന്നു തീരാതെ ...(കവിത)

ശീതീകരണ മുറികള്‍
സജീവമാകുമ്പോള്‍
തെരുവില്‍ ഇങ്ങനെയൊരാള്‍ ...
കാതുകള്‍ ഉറുമ്പിനന്നമായി,
കാലിലെ വ്രണങ്ങള്‍
ഈച്ചയാര്‍ത്തു ചിരിക്കുന്നു .
അല്ലയോ വഴിയാത്രക്കാരാ ,
നിന്നെ വിളിക്കാന്‍
സ്വരമില്ലാത്തത്
നാവു പുഴുവരിച്ചതിനാല്‍ ...
ഒന്ന് തിരിഞ്ഞു നോക്കുക
നാണയമെറിയണമെന്നില്ല.
വ്രണപ്പുറ്റുകളാല്‍
വിശപ്പെന്നേ കെട്ടുപോയി .
നാണയമുയര്‍ത്താനാവാതെ
വിരലിന്റെ ജീവന്‍ എന്നേ
നിലച്ചുപോയീ ...
ശീതീകരണ മുറിയിലെ ഫയലുകള്‍
ബജറ്റിനൊരുങ്ങുമ്പോള്‍
എന്നേ ഓര്‍ക്കില്ല ,
ഞാനെന്നേ കാനേഷുമാരി പട്ടികക്കന്യനായി ...
എങ്കിലും വഴിയാത്രക്കാരാ ,
ഞാനിപ്പോഴും തെരുവില്‍ നിന്നും
തെരുവിലേക്ക് നടക്കുന്നു ,
മനസ്സുകൊണ്ട് ....

Saturday, July 11, 2009

ചതുരത്തിലെ ജീവിതം ...(കവിത)

നിരങ്ങിയെത്തിയ പാത്രത്തിന്റെ കിരുകിരുപ്പ്‌
ഉടലിനു പുളിച്ച വികാരമാകുന്നത്
ഏതു കാത്തിരിപ്പിന്‍ അലസതയില്‍..
മതിലുകള്‍ക്കുള്ളില്‍ ചതുരത്തില്‍
ജീവിതം തറഞ്ഞ്‌ എങ്കോണിച്ചത്
ലോകത്തിന്‍ തിമിരം പണിത ഉച്ചകളിലോ?
പാതിരാവിന്‍ വിറങ്ങലിച്ച ചിന്തയിലോ?

അല്ലയോ കാവല്‍ക്കാരാ,
നിന്റെ കണ്‍വെട്ടിച്ച് പോകാനാവില്ല,
വൃണത്തിലുമാ ചങ്ങല കടിക്കുന്നു .

വേദന വായിക്കപ്പെടാതെയായിട്ടു
കാലമെത്രയായി...
കലണ്ടര്‍ തൂങ്ങാത്ത ചുവരില്‍
ഇരുട്ടിനെ പകലായും
രാത്രിയായും എണ്ണാനാവാതെ
ഒരേയിരിപ്പിന്‍ ദീനത.

എങ്കിലുമോര്‍മ്മയുണ്ട്,
മുളന്തണ്ടിന്‍ കളി,
പോലീസ്, കള്ളന്‍ വേഷങ്ങള്‍...
കൊള്ളരുതാത്തവനെന്നു നാമം വീണത്‌
തെറ്റിനെ എതിരിട്ടപ്പോള്‍...

അമ്മിഞ്ഞപ്പാല്‍ കുടിച്ചതോര്‍മയില്ല,
ചോരമോണയുടെ ചിരിയും...
എങ്കിലുമോര്‍ക്കുന്നു,
വാരിയെല്ലുടച്ച ബൂട്ട്സുകള്‍,
പണ്ട് കുടിച്ച പാല്‍ കക്കിയതും...

ഇനിയൊന്നും ചോല്ലാനില്ല,
പുറപ്പാടിന്‍ ഒച്ച മുഴങ്ങുന്നു...
ചലം ചുരത്തും ദുര്‍ഗന്ധത്തിലൂടെ
മരണത്തിന്‍ സൈറനും

ജീവിതത്തിനു ചതുരാകൃതി,
കാഴ്ചക്കും...
എനിക്കായി ഒരുങ്ങുന്ന കയറിനും
ആരാചാര്‍ക്കും അതെ ആകൃതിയോ?

എങ്കിലും കയര്‍
കുഴങ്ങുന്നുന്ട് ,
അഴുകിയ കഴുത്തില്‍
ബലം കൊള്ളാനാവാതെ...

ഹൃദയങ്ങളകലുന്നത് ... (കവിത)

കൂവലും മറുകൂവലു-
മന്യമായ തോണിപ്പുര.
നെഞ്ച് വിരിച്ചാ പാലത്തില്‍
വികസനക്കുതിപ്പിന്റെ സൈറന്‍..

മഴയില്‍ ചെളിക്കുളമാകുന്ന,
വേനലില്‍ പൊടിയിലാറാടിച്ച
ചെമ്മണ്‍ പാതയില്ല .
വേലിപടര്‍പ്പിലെ മുക്കൂറ്റി
പൂക്കളില്ല ...
ചെറുമിയുടെ പാട്ടില്ല ,
കൊയ്ത്തു മെതിയുടെ
ബഹളമില്ല ....
എങ്ങുമാ സൈറന്‍

ടാറിന്റെ ഗന്ധം ...
സഞ്ചാര കുതിപ്പുകള്‍
കാക്കികുപ്പായക്കാര്‍
പാറാവ്‌ നില്‍ക്കുന്ന;
കാറ്റു തടഞ്ഞ് ഉയര്‍ന്ന
കെട്ടിടങ്ങള്‍ ...
വികസനപ്പാതയില്‍
അടുത്ത നാടുകളും ,
മാഞ്ഞുപോയ അതിര്‍ത്തികളും ,
അകന്ന ഹൃദയങ്ങളും ...
എങ്കിലും ,
ഒരുപാലം ഞാന്‍ സ്വപ്നം കാണുന്നൂ ...
എന്നെയും ,നിന്നെയും ,അവനെയും
ചേര്‍ത്തുകൊണ്ട്ട് ....

Friday, July 10, 2009

ഘടികാരവായനയില്‍...(കവിത)

ചിലന്തി കൂടുവച്ച ഘടികാരം,
നിശ്ചലമാചൂണ്ടു വിരലുകള്‍...
ഉന്നം വയ്ക്കുന്നത് എവിടെക്കാവാം?
പത്ത്, നാല് ,
എന്നീ അക്കങ്ങളില്‍ മൃതിയടയുമ്പോഴും
എന്തിലാവാം ഞെട്ടിയത്?
കലണ്ടര്‍ വര്‍ഷത്തില്‍
ഏതോ കോളത്തില്‍ ചരമമടഞ്ഞ
ഘടികാരവായന
എന്റെ ഉറക്കം കെടുത്തുന്നുണ്ട്...
മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടിലും
ചൂണ്ടു വിരല്‍ മരണം എറിഞ്ഞത്...
എന്റെ നിഴലിനെ ചെറുതും വലുതും
ശൂന്യവുമാക്കി അടയാളപ്പെടുത്തിയത്...
ചിലന്തിയിലേക്ക്
നാവു നീട്ടുന്ന ഗൌളിയും
ചിലക്കലും എന്താവാം ഓര്മപ്പെടുത്തുന്നത് ?
ചത്ത ഘടികാരത്തില്‍
ഗൌളിയിലൂടെ,
ചിലന്തിയിലൂടെ
ജീവന്റെ തുടിപ്പുണ്ടാകുമ്പോള്‍
സൂചികള്‍ പണിശാലയെ
ഉന്നം വയ്ക്കുന്നുണ്ട്‌...
പണിപ്പുരയില്‍ കുപ്പായമണിയുമ്പോള്‍
ഘടികാരത്തിന് ഗ്യാരന്റി കുറിച്ച നിര്‍മാതാവ്,
അണിയിച്ചൊരുക്കിയവര്‍,
കച്ചവടക്കാരന്‍
ഒക്കെയും മണ്ണ് പറ്റിയപ്പോള്‍
ചത്തിട്ടും ഘടികാരം ജീവിക്കുന്നുണ്ട്...
വിറങ്ങലിച്ചതെങ്കിലും
ചൂണ്ടുവിരല്‍ അര്‍ഥം കോറുന്നുണ്ട്...
ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയില്‍
ഘടികാരവായനയില്‍ മുഴുകുമ്പോള്‍
ചൂണ്ടുവിരല്‍ ഇന്നലെയിലും നാളെയിലും
വൃഥാ കണ്ണെറിഞ്ഞു കലഹിക്കുന്നുണ്ട്

അസ്തമയ കാഴ്ച...(കവിത)

ബീഡിപ്പുകയുടെ ഞെളിയലില്‍
ചെറുപ്പത്തിന്‍ ആവേശം.
കീഴടക്കാന്‍,
തകിടംമറിക്കാന്‍...
പുക കരുതാം,
ആകശം തുളച്ചു കയറാം
മേഘ സഞ്ചാരത്തിലൂടെ
നക്ഷത്രങ്ങളെ പുണരാം...
കാറ്റില്‍ പുക ഉലയുന്നത്
മായുന്നത്
സ്വപ്നത്തിന്‍ വീഴ്ച...
കെട്ട യൌവനം.
പുകയുടെ നൂലുകളില്‍
കത്തുന്ന ഹൃദയത്തില്‍
നിമിഷത്തിന്‍ ചരമക്കുറിപ്പ്‌.
വിഷാദത്തിന്‍ ഏങ്ങലടികള്‍,
അസ്ഥിയില്ലാപുഞ്ചിരിയുമായി
മരണത്തിന്‍ ഒളിഞ്ഞു നോട്ടം ...
കത്തുന്ന ബീഡിയില്‍
ഹൃദയത്തിന്‍ തുണ്ട് ചോര.
അസ്തമയ കാഴ്ചയില്‍
അടര്‍ന്നു വീഴുന്ന കിനാവില്‍
പിടയുമാ കഫം.

Friday, July 3, 2009

വാക്കുകള്‍ വക്രിക്കുന്നത് ...(കവിത)

വാക്ക് നല്ലതോ ചീത്തയോ ...
വെളിപ്പെടുന്നത് ശരീര ഭാഷയിലൂടെ .
കുത്തിമലര്‍ത്താനുമൂട്ടി-
വളര്‍ത്താനുമാ പദം...

പദം നന്നായിട്ടെന്ത് ,
വികാരം മോശമെന്കില്‍ ...

കണ്ണൂര്‍ എക്സ്പ്രസ്സിന്റെ
ടോയിലറ്റില്‍
ലിപികള്‍ വഷളതതമാകുന്നത്
എഴുതിയ ഹൃദയത്തിന്റെ കോണുകളില്‍ ...

ആരെയോ ഉന്നം വച്ച
ഫോണ്‍ നമ്പര്‍
അരോചകമായത്
കുറിച്ച നേരത്തെ ചിന്തകളില്‍ ...

സ്ത്രീ നാമം നന്നെങ്കിലും
അരികുപൊട്ടിയ ചിന്തയില്‍
ചന്തം നഷ്ടമായി ചത്തു കിടന്നത് ...

Thursday, July 2, 2009

ഛെ ...(കവിത)

ഛെ ...
ചാനല്‍ നീക്കല്ലേ ,
രസക്കെട്ടു മുറിക്കല്ലേ ...
ടെലിവിഷനു മുന്നില്‍
എട്ടു വയസ്സിന്‍റെ കലമ്പല്‍ ...
മറഞ്ഞുപോയ ഫ്രെയ്മില്‍
മുഖം പാതി മറച്ച തോക്കുധാരി ...
തുറിച്ച കണ്ണിന്‍റെ ചോരപ്പില്‍
ഇരയുടെ അമ്പരപ്പ് ...

'ഛെ' എന്ന സ്വരത്തില്‍
തലമുറയുടെ വിടവില്‍
വൈക്കോലിന്റെ മണംകെട്ട
വെടിക്കോപ്പുകള്‍ ...
കാഴ്ചക്കു നഷ്ടമായ
ഭക്ത ഹനുമാന്‍ ...

കൊച്ചുമകന്റെ ആര്‍പ്പില്‍
നിലതെറ്റിയ ഇരകള്‍ ...
ഒഴുകിപ്പരന്ന ചോരയില്‍
ആര്‍ത്തിയോടെ നോക്കി
മറ്റൊന്നിനായ്‌ കാത്ത്...

പാഞ്ഞടുക്കുന്ന ബൂട്സുകള്‍
വേട്ടയുടെ തകര്‍പ്പന്‍ ശബ്ദം ...

ചാനല്‍ നീക്കുന്ന മുത്തശ്ശിയുടെ
കരണത്തെക്കാ ഇളം കൈ ...

എട്ടും എഴുപതും
തമ്മില്‍ ചേരാനാവാതെ
തമ്മിലറിയാതെ
ഒരേ സ്ക്രീനിലെ ചിത്രങ്ങളായി ...

ചില ചിന്തകള്‍ ...

നിറങ്ങള്‍
വീണ്ടും സംസാര വിഷയമാകുന്നത്
വേനല്‍ക്കിനാവുകളിലല്ല,
ചാരായപ്പുരകളിലോ
ബസ്‌ സ്ടാണ്ടിലോ അല്ല...
മതേതരന്റെ മധുശാലകള്‍ തോറും
നിറങ്ങള്‍ കള്ളികള്‍ തിരിക്കുന്നുണ്ട്...

മീന്‍ വാങ്ങാന്‍ പോയവന്‍
മടങ്ങി വരാത്തത്
അതെ നിറങ്ങളുടെ കാല്പനീകതയില്‍...

വോട്ടു പെട്ടിയിലെ
ഓരോ വിരലിന്റെയും രേഖപ്പെടുത്തല്‍
അതെ ചിന്തയുടെ പുളപ്പന്‍ ന്യായങ്ങളില്‍...

അമ്മിക്കല്ലിനു പോലും നിറം...

കലത്തില്‍ വേവുന്ന കറിയും
നിറത്തില്‍ വേര്‍പ്പെടണമെന്നു
പിന്നാമ്പുറ ശാട്യം...

എങ്കില്‍ നടപ്പാതയില്‍
മഴ മായിച്ച കാല്പാടിന്റെ നിറം എന്തായിരുന്നു?

മണ്ണില്‍,
തീയില്‍ വെന്ത
ശവത്തിന്റെ പരിണാമനിറം
എന്തായിരുന്നു?

നീ എന്തെ ഓര്‍ക്കുന്നില്ല,
എന്തെ കേള്‍ക്കുന്നില്ല,
എന്തെ കാണുന്നില്ല?
കൂക്കി വിളിച്ചു പോകുന്ന തീവണ്ടിക്ക്,
ലെവല്‍ ക്രോസിലെ കാവല്ക്കാരന്,
കിനാവിനുമൊക്കെ
നിറങ്ങള്‍ ചാര്‍ത്തുമ്പോള്‍
സഞ്ചാരത്തിന് ഏതു ഭാവം?

നിന്റെ കൈപ്പടക്ക്
കറുപ്പില്‍ ലേശം ചുവപ്പ് കൂടി കലരാന്‍
ശടിച്ചത്
ഏതില്‍ നിന്നുള്ള വേര്‍പ്പെടലിനു?

നീ ഒന്നുമറിയാതെ,
എല്ലാമറിഞ്ഞുകൊണ്ട്,
എനിക്ക് മുന്നില്‍,
എന്നിലും വിണ്ണിലും
പാടി നടക്കുമ്പോള്‍
നിന്റെ നിറമോര്‍ത്തു
ഇന്ന് ഞാന്‍ എന്നെ അറിയുന്നു...

എങ്കിലും ഇറ്റു വീണ കണ്ണീരിന്റെ
നിറം ചികഞ്ഞു
രസം നിരത്തി ലോകം
ചില ചിന്തകള്‍ നിരത്തുന്നുണ്ട്‌...

Wednesday, July 1, 2009

ഇരകള്‍ കൊടിപിടിക്കാത്തത് ...

ഷോര്‍ണൂര്‍ സ്റ്റേഷനില്‍
തീവണ്ടികള്‍ക്കിടയില്‍
പൈപ്പ് ലൈനില്‍ ഇരിക്കുന്ന കാക്ക ...
കണ്ണുകള്‍ എന്താകാം തിരയുക?
പാളത്തില്‍ ചിതറിയ
മലം ആരുടെതെന്ന്
തരം തിരിക്കുകയോ ?
തടിച്ചു കുറുകിയ മമ്മതിന്റെ ?
നീണ്ടു മെലിഞ്ഞ
ദാമോദരന്റെ ?
താടി നീട്ടിയ പത്രോസിന്റെ ?
അതുമല്ലെങ്കില്‍
കബന്ധത്തിലെ
മതേതര കാഴ്ചയിലോ ?!

തല പൊന്തിച്ച പുഴുക്കള്‍,
കുപ്പായമണിയാതിരുന്നത്
മതേതരനെ ഭയന്നിട്ടോ?
നാളെ കൊടി പിടിപ്പിച്ചെങ്കിലോ !
കൊടിയ മതേതര വാദിയിലും
വര്‍ഗീയത തിരിച്ചറിഞ്ഞത്
വന്‍കുടലിന്റെ ഇറക്കത്തില്‍..
തിരഞ്ഞെടുപ്പുത്സവത്തില്‍
തീന്‍ മേശയിലെത്തിയ കാളനിലും കാളയിലും
എഴുന്നു നിന്നത്...

എങ്കിലും ഷൊര്‍ണൂരിലെ കാക്കക്ക്
ഒന്നും പറയാനില്ലാതെ
കറങ്ങി തിരിയുന്ന കണ്ണുകളോടെ
ആ പൈപ്പില്‍...

അച്ചുകൂടതിലേക്ക് മടക്ക യാത്ര...

അക്ഷരം കുറിച്ച്
വിയര്‍ത്ത വിരലുകള്‍
കാലത്തെ ചൂണ്ടി
ശരിയല്ലെന്ന്...
ഒരിക്കല്‍
പലചരക്കു കടയുടെ ത്രാസ്സില്‍
പ്രണയം വച്ചത്,
കടലാസ്സിനു വഴങ്ങില്ലെന്ന്
പ്രഖ്യാപിച്ചത്...
ആറ്റിക്കുറുക്കി
മാറ്റി എഴുതുമ്പോള്‍
കടലാസ്സിനു നീളം പോരെന്ന്...
കവിയെന്നു സ്വയം പ്രഖ്യാപിച്ചു
വടക്കു വണ്ടികയറിയത്
പരാഗമൊഴിഞ്ഞ പൂവില്‍
ഹൃദയം വച്ചു കിനാവ് കണ്ടു
ആലിലയില്‍
പഴയ കാമിനിയെ വെറുത്തു...
പൊതി ചോറിനെ തള്ളിപ്പറഞ്ഞു
ബൂഫെയില്‍
വഴിവക്കിലെ ഫാസ്റ്റ് ഫുഡില്‍ കൊഴുത്തു.
അജീര്‍ണത്തിന്റെ ഉടലില്‍
ചൊറിയില്‍ ചിരങ്ങില്‍
തുളുമ്പി നടന്നു മണിയനീച്ച...
വീക്കം ഹൃദയത്തിന്,
ചിന്തക്ക്,
കാഴ്ചക്ക്,
അറിയാതെ പിന്നെയും പേനയുന്തി...
ഇല്ലാത്ത കവിതയില്‍ കലഹിച്ചു,
തെരുവ് നായക്കൊപ്പം ഉറങ്ങി
പകലില്‍ ബുദ്ധി ജീവിയെന്ന് പ്രഖ്യാപിച്ചു
അച്ചുകൂടതിലേക്ക് മടക്ക യാത്ര...

മറ്റൊരു ജീവിതം...

ജീവിതമേ,
നിന്നില്‍ നോക്കി കഴച്ച കണ്ണുകള്‍...
എന്നിലേക്ക്‌ നോക്കാതെ
നിന്നിലേക്ക്‌...
എന്റെ വികാരം പകര്തുമ്പോഴും
നിന്റെതറിയാതെ...
എങ്ങനെയാണ് നിന്റെ കണ്ണുകള്‍,
കാലുകള്‍,
നടത്തയും
ചിന്തയും...
ഇരുണ്ടു കൊണ്ടിരിക്കുമ്പോഴും
പ്രകാശിച്ചു നീ...
വീഞ്ഞിന്റെ അധരത്തില്‍
ജീവനാഡികളുടെ ചുഴിയില്‍
മഴകൊണ്ട പാതയില്‍...
ജീവിതമേ
നിന്റെ പേരെന്ത്?
രാത്രി വന്നിരിക്കുന്നു,
ആള്‍ക്കൂട്ടം പിരിഞ്ഞു പോയിരിക്കുന്നു,
തെരുവ് നായകള്‍ എചിലിലെക്കും...
ഞാന്‍ അടര്‍ത്തിയ ഇലയില്‍
ബാക്കി നിന്ന അന്നത്തില്‍
ഒരെലിയോ നായയോ
ചുണ്ട് ചേര്‍ക്കുന്നുണ്ട്...
എന്റ ജീവിതമല്ല
അവയുടെതെങ്കിലും
ജീവന്‍ തുടിക്കുന്നുണ്ട്...
എനിക്കും അവയ്ക്കും
പലചരക്കു കട
സിനിമാ ശാലകള്‍
അന്യമെങ്കിലും
പാതിരാവില്‍ ലോകം ഉറങ്ങുമ്പോള്‍
ഞങ്ങള്‍ ഉണര്ന്നിരിക്കുന്നുണ്ട്...
നിലാവ് പ്രകാശിക്കുന്നത്
ഞങ്ങള്‍ക്ക് വേണ്ടി...
ഞങ്ങളുടെ ഇരുട്ടിനെ കുത്തി മലര്‍ത്താന്‍
നക്ഷത്രം കണ്ണ് തുറക്കുന്നുണ്ട്...
എങ്കിലും ജീവിതമേ,
നീ എന്താണ്,
എങ്ങനെയാണ്?
വടി കുത്തി നീങ്ങുന്ന നിന്നോട്
എന്താണ് യാചിക്കെണ്ടാതെന്നരിയാതെ
പീള കെട്ടിയ കണ്ണോടെ...
എന്റെയും
അവരുടെയും
കണ്ണടക്കാന്‍
മരണം വരുന്നുണ്ട്...
ഒടുവില്‍,
നിന്നെയും കരിമ്പടത്തിലെറ്റി
മരണം മടങ്ങുമ്പോള്‍
തെരുവില്‍ ഉപേക്ഷിച്ച വടിക്കും
പഴന്തുനിക്കും
അര്‍ഥം കെടുമ്പോഴും
നിന്റെ ശൂന്യത അറിയിച്ച്
മറ്റൊരു ജീവിതം...

ഇരട്ടകളുടെ എതിരിടല്‍

എന്‍റെ ഇരട്ടകളുടെ
എതിരിടലില്‍ നിന്നാണ്
എന്നില്‍ കവിത പിറക്കുക...
നക്ഷത്രചിഹ്നമുള്ള ശീതീകരണമുറി
കവിതയ്ക്കുകൊള്ളാമെന്നു കേള്‍ക്കേ
എന്നിലെ ഇരട്ടകള്‍
യുദ്ധം തുടങ്ങിയിരുന്നു .
നേര്‍ രേഖയില്‍
തമ്മില്‍ വെട്ടുമ്പോള്‍
തോല്‍ക്കാതിരിക്കാന്‍
ഒരാള്‍ മറ്റെയാളെ
സംരക്ഷിച്ചത്‌ ...
ഇരട്ടകളിലോന്നു ചത്തുവീണാല്‍
കവിത നിന്നെന്നു
ഒരാള്‍ മറ്റെയാളെ
ഉണര്‍ത്തിയത്‌...
ശത്രുവിന്റെ വളര്‍ച്ചയിലാണ്
തന്‍റെ നിലനില്പെന്ന
സാമ്രാജ്യത്വ സൂക്തം
സന്ധ്യാ പ്രാര്‍ത്ഥനയായത്‌ ...
ഇരട്ടകളിലൊന്നിനു
പൌരുഷം രേഖപ്പെടുത്തി
ഒറ്റയാക്കാന്‍ ശ്രമിക്കുന്നത്
കവിതയുടെ
വിതയില്ലായ്മയിലേക്കുള്ള
ചൂണ്ടുവിരല്‍ ...

അക്കങ്ങളുടെ അത്യാര്‍ത്തി.

വ്യര്‍ത്ഥ മെന്നറിഞ്ഞെങ്കിലും
വൃഥാ കലഹിച്ചക്ഷരങ്ങള്‍...
നെഞ്ചെന്നെഴുതെണ്ടിടത്ത്
അഞ്ചെന്ന് തൂലിക
നെഞ്ചു വിരിച്ചു...

താലി അടയാളമാകുന്നിടത്
നെഞ്ചൂക്കോടെ സ്ത്രീധനം.
കാലത്തിന്റെ ഏടുകള്‍,
പൊട്ടിയ പാത്രങ്ങള്‍,
ഇറ്റുവീണ കണ്ണീര്‍...
നാല്‍ക്കവലയില്‍ നാട്ടരിവുകെട്ടു
കുത്തി മലര്ത്തപ്പെട്ട
സ്ത്രീയിലൂടെയും സഹായനിധി.
ആതുരാലയത്തിന്റെ സൂചി മുനയില്‍
അക്കങ്ങളുടെ അത്യാര്‍ത്തി.

പടിയിറങ്ങിയ മകള്‍,
ഇടനാഴിയില്‍ തൂങ്ങിയ പിതാവ്...
വായ്പ്പ ,
കറുത്ത ചരടില്‍
ഇരുട്ടിലൂടെ മാതാവിനെ ഉന്നംവച്ച്...

എന്നിലെ എന്നെ തേടി..

ജനിച്ചത്‌ നിനക്കായി
അതിനു മുമ്പ് എങ്ങോ...
തണലായി, കാറ്റായി
മഴയും വെയിലുമായി...
കാലത്തില്‍
തനിയെ
വെറും വാക്കായി
ഒഴുകി പരന്നത്
എന്നിലെ എന്നെ തേടി..

അസ്ഥികള്‍ പറക്കുന്നു ...

ഏറുപടക്കത്തിന് വീറില്ലെന്ന്
ചാവേറില്‍ എന്തുമാകാം..

വികസനം ആഘോഷിക്കാന്‍
റെയില്‍ പിറന്നത്‌...
കുരുമുളക്,
ഏലം,
തേയില
ഉരുണ്ടത് ...

വിദേശ നാണയത്തിനായ്‌
വണ്ടിയിറങ്ങിയ റബ്ബര്‍,
നെല്ലിനെ നാട് കടത്തിയത്...
സ്റ്റാട്യൂട്ടറിയിലൂടെ
അരിയും ഗോതമ്പും
സബ്സിഡിയായി എത്തിയത്
സബ്സിഡി അരുതെന്ന് എ ഡി ബി...
രേഷനെ തകിടം മറിച്ചുകൊണ്ട്...
കോരന് കഞ്ഞി പോയിട്ട്
ഇല പോലുമില്ലാതെ.

അസ്ഥികള്‍ പറക്കുന്നു
കടലും കടന്ന്...
മണല്‍ക്കാട്ടില്‍ വിയര്‍ത്തു
മറ്റൊരു വികസന മുദ്ര...
മടങ്ങി വരുന്ന അസ്ഥികള്‍ക്ക്
എന്താണ് തരാന്‍ ബാക്കി?
പെട്രോ‍ ഡോളറില്‍
ചീര്‍ത്ത രോഗപ്പൂക്കള്‍...
നഷ്ടമായ ജീവിതം...

വിതയറ്റ രചന ...

കവിതയെ ധ്യാനിച്ച്
പുതുക്കാല ചിത്രത്തുണില്‍
ഉള്ളെറിഞ്ഞൂ ...
എന്ത് എങ്ങനെ എന്ന കലാപത്തില്‍
വിഷയത്തിന്റെ രീതി ശാസ്ത്രത്തില്‍
പഴയ നിഘണ്ടുവിന്‍റെ
പാറ്റ തിന്ന ഏടുകളില്‍ ...
നിലയറ്റു നീന്തുമ്പോഴും
അറിയില്ലീ വിരലുകളുടെ
മുടന്തല്‍ നീക്കാന്‍ ...

പുതുക്കാല കവിത വേണം
വിപണിക്കലന്കാരമായി
മുഖച്ചട്ടയില്‍ ചിത്രപ്പണിയും...

വിഷയം വായിക്കപ്പെടരുത് ...
പദഘടന വധമാകണം ...
അറിയാതെയെങ്കിലും
വൃത്തതിലാകാത്തിരിക്കാന്‍
കൈകാല്‍ നീട്ടീ ,
കോട്ടുവായിട്ടൂ...

പഴയ കണക്കിനെ കൊന്നു ...
മുഴക്കോലിനഗ്രം മുറിച്ചു ...

കഴിവതുമൊരുവരിയിലൊരു പദം ...
പച്ചയായി , അതേവേഗത്തില്‍
അളവില്‍ താഴേക്കു നിരത്തുമ്പോള്‍
പദമൊന്നു കാതില്‍ ചൊല്ലി ;
കുറിക്കണമീ പദത്തെ
താഴേക്കു താഴെക്കായി
അക്ഷരം നിരത്തി ആഘോഷിക്കുക...
പുതുക്കാല കവിത തന്‍
വിതയറ്റ രചന ...

അരാഷ്ട്രീയതയുടെ കളങ്ങളില്‍... (കവിത)

പത്തു വസുകാരന്റെയുള്ളില്‍
ഭീകരത വളരുന്നത്
അച്ചടിയിലൂടെയല്ല.
പദങ്ങള്‍ നിര്‍ജീവമാക്കപ്പെട്ടു
കാഴ്ചയിലേക്ക് വളര്‍ത്തി
സൈബര്‍പുറ്റിന്‍ തടവിലേക്കും...

സ്ക്രീനില്‍ തോക്കുകള്‍ ഗര്ജ്ജിക്കുന്നത്,
കാലാളും
വാഹനവ്യൂഹവും തകര്‍ന്നടിയുന്നത്,
അക്ഷരമന്ത്രം മരിച്ച ഹൃദയത്തില്‍
ഭീകരത കടവിറങ്ങുന്നത്
ഗെയിം എന്ന വൈറസ്സിലൂടെ...

കുട്ടിയും കോലും,
കിളിമാസും,
കബടിയും തകര്‍ന്നടിഞ്ഞത്
പാടം പോയ വഴിയേ...

ഉറക്കത്തിന്‍ ഏടുകളില്‍
തല പൊന്തിച്ചു കളിയിലേക്കു മടക്കുന്നത്
അതേ വൈറസ്സിന്റെ ചതി.

ശാസ്ത്ര നിഘണ്ടുവില്‍
ലോകത്തെ എളുപ്പം വീഴ്ത്താന്‍ പാകത്തില്‍
വൈറസ്സിന്റെ പടയൊരുക്കം.

എടുത്താല്‍ പൊങ്ങാത്ത ബാഗിന്‍ തടവില്‍
ഉടല്‍ തകര്‍ന്നു മടങ്ങുന്ന കുട്ടിയെ
ജീവിപ്പിക്കുന്നത്‌
കമ്പ്യൂടറിലെ അതേ വൈറസ്...

അങ്ങനെയാണവന്‍ അരാഷ്ട്രീയതയുടെ
ബാലപാഠമഭ്യസിച്ചു
ജീവശ്ചവമാകുന്നതും...

പേര് അടയാളമാകുന്നത്... (കവിത)

ഇനി ആകാശത്ത്‌ കൂര കെട്ടാം ,
അടുത്തൂണ്‍ പറ്റിയ മാഷ്‌ ചൊല്ലീ...
പ്രസ്ക്ലബില്‍ അതെറിഞ്ഞപ്പോള്‍
മാഷിന്‍റെ പേരറിയണമെന്നായീ ...
ഒരു പേര് മതത്തെ ,
ജാതിയെ രേഖപെടുതുന്നതില്‍ ഭയന്ന്
പേരുപേക്ഷിച്ച മാഷ്‌ ...

മാഷ്‌ ഒരു മലയാള പദമെന്ന നിലയില്‍
ഹൈന്ദവ വല്ക്കരിക്കാമെന്നൊരാള്‍ ...
ഭൂമാഫിയ മണ്ണിനെ പങ്കുവച്ചതില്‍പ്പിന്നെയാണ്
മാഷിന്‍റെ ചിന്ത ആകാശത്തോളം വളര്‍ന്നത് ...

ആകാശം ഭാരതീയമെന്ന് ...
അറേബ്യയിലും ആകാശമുണ്ട്,
അമേരിക്കയിലും ,
റഷ്യയിലും ...

ആകാശത്ത്‌ കൂരകെട്ടാന്‍ ചൊല്ലിയ മാഷ്‌ മരിച്ചു ...
ചിഹ്നങ്ങള്‍ പലത് ആകാശം കണ്ടുമടങ്ങി
ക്ഷയിച്ചുകൊണ്ടിരിക്കുമ്പോഴും
ഹൃദയം പുതിയ കാഴ്ച്ചകള്‍ക്കായി ദാഹിച്ച് ...

Friday, June 19, 2009

നിറങ്ങളുടെ വിഷ നിര്‍മ്മിതി...(കവിത)

പച്ച, കാവി, ചുവപ്പ്, വെളുപ്പും,
നീളുന്ന പട്ടിക...
ഒന്ന് മറ്റൊന്നില്‍ ലയിച്ച്
പിറക്കുന്ന നിറത്തെ
എങ്ങനെയും രേഖപ്പെടുത്തട്ടെ...
മുഖങ്ങളില്‍ കാഴ്ച ബീഭത്സമാകുന്നത്
ഏതിന്ദ്രിയ നിര്‍മിതി?
തെരുവില്‍ നീട്ടുന്ന പാത്രത്തിനു നിറമില്ലാതിരിക്കാം,
റിസര്‍വ്ബാങ്ക് അടിച്ച നോട്ടിനും...
നിറങ്ങള്‍ പിറക്കുന്നത്‌
പോക്കറ്റിലെ രേഖാചിത്രങ്ങളില്‍...
നെഞ്ചിടിപ്പേറ്റുവാങ്ങി
വിര‍ലില്‍ത്തൂങ്ങി വെളിച്ചം കാണുമ്പോള്‍
ദാരിദ്ര്യത്തിലേക്ക് നീട്ടുന്ന
ദാനമാവില്ല രേഖപ്പെടുത്തുക...
പോക്കറ്റില്‍ നിന്നും
ചട്ടിയിലെക്കുള്ള ദൂരത്തില്‍
വര്‍ഗീയതയുടെ വിഷച്ചാല്‍...
അതുകൊണ്ടാകാം
ചട്ടിയിലെ പണം ആമാശയത്തില്‍
ദഹിക്കാതെ കലമ്പുന്നത്.
കിനാവിന്റെ ഭീകരക്കാഴ്ച്ചയില്‍
നഷ്ട്ടപ്പെടുന്നതും....

വൈറസിന്റെ നാനാര്‍ഥങ്ങള്‍...(കവിത )

വിളക്കുമരത്തില്‍ ചാഞ്ഞുപെയ്യുന്ന മഴയ്ക്ക്
പകലില്‍ എന്തെല്ലാം പറയാനുണ്ടാകും...
തെരുവില്‍
കൊതുകു കടിയേറ്റു നരകിച്ച സ്ത്രീ,
കാലില്ലാത്ത വൃദ്ധന്‍,
ചാവാലിപ്പട്ടിയുടെ വൃണം..

കത്തുന്നപുരയിലേക്കേന്തി നോക്കി
വാഴക്ക്‌ നേരെ തിരിഞ്ഞ കൈ
മുഷിപ്പന്‍ പ്രയോഗം...
തലയില്‍ തീയുമായോടുന്ന
പെണ്ണിനെ പിന്തുടരുന്നത്
പുത്തന്‍ സംസ്കാര രചന...

അതിര്‍ത്തി വെടികള്‍,
സന്ധി ഭാഷണവും
വിരസമായ വാര്‍ത്ത...

പക്ഷിപ്പനി,
പുതു വൈറസ് ആവണമെന്നില്ല;
നാഗസാക്കിക്ക്,
വിയറ്റ്നാമിലെക്ക്,
മറ്റെവിടെക്കൊക്കെയോ
ഒരുക്കിയ വിത്തിന്റെ മറ്റൊരു മുഖം.

അങ്ങനെ...

അതിര്‍ത്തികള്‍ താണ്ടി
പുതിയ രചനയില്‍
പന്നിപ്പനി ഇടം പിടിക്കുന്നത്‌
മറ്റൊരു വാര്‍ത്തക്ക്
കാതോര്‍ത്തുകൊണ്ട്...

Thursday, June 4, 2009

പാദരക്ഷകള്‍ പറയുന്നത്...(കവിത)

എറിയുന്നവനും കൊള്ളുന്നവനും
ഒരേകാലത്തിന്റെ
നൂല്‍പ്പാലത്തിന്‍ ഇര.
ഒരേ അക്ഷരപാതയില്‍ വിരിഞ്ഞത്...
സസ്യശാസ്ത്ര മെന്തുചൊല്ലട്ടെ,
പൂക്കളെന്നു കേള്‍ക്കേ
ഒരേ ഇനത്തെ കാണുന്നത് ഇന്ദ്രീയച്ചതി.

എറിയുന്നവനും കൊള്ളുന്നവനും
ഒരേ പാദരക്ഷയുടെ ചിരിയാവുന്നത്
കാലം നീട്ടിയ ശിക്ഷയോര്‍ത്ത്...

ഹിരോക്ഷിമ,
നാഗസാക്കി...
ഇനിയുമെത്ര നാമങ്ങള്‍...
രഥങ്ങള്‍ ഉഴുതുമറിച്ച അസ്ഥിസ്ഥലികള്‍
രേഖയിലില്ലാതെയാവുന്നത്
തൂലികയുടെ തെറ്റല്ല.

മറ്റൊരു ചതി!

പഴയ മുറിച്ചുരിക ചരിതം അവിടെ നില്‍ക്കട്ടെ,
കണ്ണൂരോ കണ്ണന്നൂരോ
എന്തുമാവട്ടെ;
ഏറുകൊണ്ട മുഖം ഇനിയും
വിഷ വിത്തിറക്കും
കൊയ്യാനാളില്ലെങ്കിലും ...

നീര്‍മാതളങ്ങളെ സ്നേഹിച്ചവൾക്കായി ...(കവിത)

നീ നടന്ന പാതകള്‍,
കല്‍ക്കട്ട,
മുംബൈ ,
അനന്തപുരി,
എറണാകുളം,
പിന്നെയും മുംബൈ...
നീ എന്തായിരുന്നുവോ
അത് വായിക്കപ്പെടാതെ...
നീ എന്തിനായിരുന്നുവോ
അത് അറിയപ്പെടാതെ...
നീ കുറിച്ച അക്ഷരം തന്നെ
ഞാനും നിരത്തി വയ്ക്കുന്നു...
എന്നെയും നിന്നെയും
രണ്ടായി വായിച്ചു ലോകം..
നിനക്കായി ഒഴുക്കുന്ന കണ്ണീരിനു
ഉപ്പു രസമെങ്കിലും
നാനാര്‍ത്ഥം...
നീ നീയാകുന്നത് നിന്നിലൊതുങ്ങുന്ന ബിന്ദു...
ഞാന്‍ എന്നെ വായിച്ചിട്ടുണ്ട് നിന്നിലൂടെ,
നിന്റെ നീര്മാതളത്തില്‍
ഞാന്‍ കണ്ട ഗുല്‍മോഹര്‍...
നിന്റെ കണ്ണനെ നീ എങ്ങനെയാണോ കണ്ടത്
അതിനപ്പുറത്തേക്ക് എന്റെ ഉള്‍ക്കാഴ്ച.
നീയും ഞാനുമെന്ന കാലത്തില്‍
ഒറ്റയടിപ്പാതയില്‍ നിന്നും
നീ കടന്നുപോകുന്നു...
ഒടുവില്‍ നിനക്ക് വിശ്രമിക്കാന്‍ ഗുല്‍മോഹര്‍...
ഞാനോ അക്ഷരം ഉള്ളിലൊതുക്കി നില്‍ക്കുന്നു...

ഉന്മത്തതയുടെ വ്യാളീമുഖം...(കവിത)

നുണയെന്നു തോന്നിയേക്കാവുന്ന
ശില്പപത്തിലാണ്
ഭരണകൂട ഭീകരതയെന്ന സിനിമ.
പഴയ ബ്ലാക്ക്‌ ആന്ട് വൈറ്റില്‍ നിന്നും
ട്രൌസറിന്റെ,
മുളന്തണ്ടിന്റെ വേഷങ്ങളില്‍ നിന്നും
പുതിയ വെള്ളിത്തിരയില്‍
പുളപ്പോടെ...
നേര്‍ക്ക്‌ നേരെ,
പിരിഞ്ഞു പോകുമ്പോഴും
ഉന്നം പിടിച്ചു തോക്കുകള്‍...
ഉണ്ടകള്‍ എവിടെയും കൊള്ളട്ടെ
ഇര ചാവണം.
ഉടലിനേക്കാള്‍ വിലയേറിയ
തിര നഷ്ട്ടപ്പെടരുത്...
പണിപ്പുരയില്‍ ഒരുങ്ങുമ്പോള്‍
ഓരോ തിരയും പ്രതിജ്ഞയെടുത്തിട്ടുണ്ട്‌
തങ്ങളാലാവുംവിധം
ഇരയെ തകര്‍ക്കണമെന്ന്...
അതുകൊണ്ട്
തോക്കിനുള്ളിലും
അതിനൊരു പ്രാര്‍ഥനയുണ്ട്
ഇരവന്നുചാടാന്‍...
ഭരണത്തിന്റെ ധമനികളില്‍
ഉന്മത്തതയുടെ വ്യാളീമുഖമായി
നിറഞ്ഞാടുമ്പോഴും
ലെഫ്റ്റ് റൈറ്റ് അടിച്ചു മുന്നോട്ട്...

Saturday, May 30, 2009

ഭാഗീരഥി ... (കവിത)

ഭാഗീരഥീ ,
നിന്നെ ഞാന്‍
എങ്ങിനെയാണ് വായിക്കുക ?
നിന്നതിരുകളില്‍
തഴച്ച വിപണികള്‍
ഹരിദ്വാര്‍ , വാരാണസി
മോക്ഷത്തിന്‍ നിലവിളിക്കുന്നുകള്‍...

അടിയൊഴുക്കില്‍
കലങ്ങിയ പാപക്കറ ?!
നിരന്നു ഞെളിയുന്നൂ
മോക്ഷത്തിന്നടുപ്പുകള്‍
ഉരുകിവീഴുമാ നെയ്‌ച്ചാറും ...
പിറവിതൊട്ടേ തൊട്ടിലിലൂടെ,
ശവത്തിലേക്കുമാ കച്ചവടം ...

കനല്‍ കെട്ടടങ്ങാത്ത പട്ടടകള്‍ ...
പാതി വെന്ത ശവങ്ങള്‍ ...
ഒടുങ്ങാത്ത പുക ...
എണ്ണ വീണു തെന്നുന്ന പടവുകള്‍ ...
അഴുകിയ പൂക്കള്‍...
ഭാംഗിന്റെ ലഹരിയില്‍,
വയറൊട്ടി ,
പാതിയടഞ്ഞ കണ്ണുമായ്‌ പാണ്‍ഡകള്‍...
ഇനിയും കത്തിത്തീരാത്ത ചിതയില്‍
വെള്ളം തളിച്ച് ,
മറ്റൊന്നിനായ്‌ തോട്ടികള്‍...

മോക്ഷമേറ്റുവാങ്ങാന്‍
കോരിയെടുത്ത ജലത്തില്‍
ഇനിയും പല്ലിളകാത്ത താടിയെല്ല്...
കാലന്റെ ,
വിണ്ടുകീറിയ മെതിയടിപ്പാടുകള്‍ .
പിതൃദഹനത്തിനായുടുതുണിയുരിഞ്ഞ
മകളുടെ ദീനത ...

ഇടറുന്ന കാലുകളില്‍ മടങ്ങുന്നൂ ,
ഞാന്‍ ഭഗീരഥന്‍ ..
ഭാഗീരഥീ ,
നിന്‍ കണ്ണീരൊപ്പാനേതു കൈലേസ്‌ ?!

വൃത്തത്തിന്റെ ചതുരന്‍ തോണി (കവിത )...

വൃത്തത്തില്‍ എഴുതില്ല ;
ശഠിക്കുമ്പോഴും
അതങ്ങനെയാകുന്നത്
കോട്ടുവായുടെ പിരിയന്‍ കോണിയിലാണ്...
അക്ഷരങ്ങള്‍ പെറുക്കിവച്ച്
പാമ്പും കോണി കളിക്കുമ്പോള്‍
കവിതയെന്നു ചൊല്ലിയത് ഗുരുനാഥന്‍ ...
വേലിപ്പടര്‍പ്പില്‍ കിടക്കുന്ന
പാമ്പിനെ ലാളിച്ചതും ...
വൃത്തത്തെ തള്ളിപ്പറഞ്ഞ
ചങ്ങമ്പുഴയെ വായിക്കുമ്പോള്‍
വൃത്തത്തിലൊതുങ്ങിയ പ്രതീതി ...
അതൊരു കോളമെന്നു ,
ഒതുക്കുശാസ്ത്രത്തിന്റെ
അടിവേരുകള്‍ പതുങ്ങികിടക്കുന്നുവെന്നും
ഗുരുനാഥന്‍ ചൊല്ലിയപ്പോള്‍
ഇന്നിന്റെ ജീര്‍ണതയോര്‍ത്തില്ല ...
മഞ്ചാടി നിരത്തിയും
കൊത്തങ്കല്ലാടി കളിച്ചും
മയില്പീലിത്തി‍ളക്കത്തില്‍ മയങ്ങിയും
കടവിലെത്തുമ്പോള്‍ ,
അടി തുളഞ്ഞൊരു തോണി...
മറുകര പറ്റാനാവാതെ
മഴനനഞ്ഞങ്ങിനെ ...

Saturday, May 23, 2009

നാളെയുടെ ചിത...(കവിത)

ചിന്തയുടെ താഴ്വേരില്‍
ധനതത്വശാസ്ത്രത്തിന്‍റെ
വിഷം കുത്തി
നീ ചിരിച്ചത്‌ ...
സബ്സിഡി വെട്ടിച്ചുരുക്കാന്‍
കിഴക്കിറങ്ങിയ തീട്ടൂരം ...
തൂലിക ചതിച്ചത്‌
ഒരു തലമുറയേറ്റുവാങ്ങിയ
ദുരന്തം ...
അച്ചിന്റെ കെണിയില്‍
അധിനിവേശം
തേരു തെളിച്ചത് ...
കെട്ട വിളക്കിന്‍റെ ദുഃഖം
നാളെയുടെ ചിത ...

മുഴക്കോലിന്റെ നീതി ശാസ്ത്രം (കവിത)

ഭൂപടത്തില്‍ നാം എവിടെയാണ്?
ഉടല്‍ എന്ന നിലയില്‍
ചിക്കി ചികഞ്ഞാല്‍
ഹൃദയമെവിടെ?
ചങ്കെന്നു വിളിക്കുന്ന
പ്രണയ ശാസ്ത്രത്തില്‍
സ്നേഹത്തിന്‍ ഭൂപട നിര്‍മിതിയോ?
തെക്ക്,
വടക്ക്,
കിഴക്കും പടിഞ്ഞാറും
യുദ്ധത്തിന്‍ സഞ്ചാര സാഹിത്യത്തില്‍
നുണ ചരിതത്തിന്‍ പുഞ്ചിരി ...
ദേശം , ഭാഷ , കാലം -
നമ്മെ അളക്കുന്ന മുഴക്കോലിന്റെ
നീതി ശാസ്ത്രത്തില്‍
പുതു വ്യാകരണ നിര്‍മിതിയുടെ
കവിത എന്താവാം ആവശ്യപ്പെടുക?
ഹൃദയം,
മനസ്സ്,
തലച്ചോറും...
കാഴ്ച്ചയുടെ വിപ്ലവത്തില്‍
ചിന്നിയ തലച്ചോറില്‍
അധിനിവേശ കിനാക്കള്‍..

വര്‍ത്തമാനത്തിലെ തിമിരക്കാഴ്ച... (കവിത)

ആഗോളീകരണപ്പാതയില്‍
അണുപ്രസരണ കേന്ദ്രത്തിനു മുന്നില്‍
കരണ്ടു കമ്പിയില്‍ ഒട്ടിയ ബലിക്കാക്കക്ക്
എന്തെങ്കിലും പറയാനുണ്ടാകുമോ?
ഒരക്ഷരം മിണ്ടരുതെന്ന്
മാധ്യമ സിണ്ടിക്കേറ്റ്...
കാക്കയുടെ വയറ്റില്‍ ഇനിയും
ദഹിക്കാത്ത ബലിച്ചോറ് ,
മാമ്പഴത്തിലൂടെ കയറിയ എന്ടോസള്‍ഫാന്‍ ,
അരിയില്‍ ചേര്‍ത്ത റെഡ് ഓക്സൈഡ്
കാക്കയുടെ ഉടലിനെ
ഒരാള്‍ എങ്ങിനെയാണ് വായിക്കുക ?
കാക്കയുടെ ചൂര് ,
മരണത്തിന്റെ ,
ആത്മഹത്യയുടെ ...
അതൊരു കൊലയെന്ന്
എഴുതി ചേര്‍ക്കാന്‍ മറക്കുന്നത് ,
വിരലുകള്‍
അതിനു മാപ്പ് സാക്ഷിയാകാന്‍
മടിക്കുന്നിടത്താണ് ...